അല്ലാഹു സിംഹാസനസ്ഥനാണെന്ന് 57:4ലും പ്രസ്തുത സിംഹാ സനം ജലത്തിനുമുകളിലാണെന്ന് 11:7ലും പറയുന്നതിന് വിരുദ്ധമായി 50:16ല്‍ അവന്‍ നിങ്ങളുടെ ജീവനാഡിയേക്കാള്‍ അടുത്താണെന്ന് പറയുന്നുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ ?

പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല പ്രതിഭാസങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു. പദാര്‍ത്ഥപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അവന്‍ പ്രപഞ്ചാതീതനാണ് പദാര്‍ഥാതീതനാണ്. പദാര്‍ത്ഥ ലോകത്തെ കുറിച്ച് മാത്രമെ മനുഷ്യന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ മനസ്സിലാകൂ. സ്ഥലകാലസാതത്യത്തിന് അതീതമായ യാതൊന്നിനെക്കുറിച്ചും മനസ്സിലാക്കുവാനുള്ള കഴിവ് മനുഷ്യമസ്തിഷ്കത്തിന് നല്‍കപ്പെട്ടിട്ടില്ല. ഈ പരിമിതി മനസ്സിലാക്കിക്കൊണ്ടു വേണം അല്ലാഹുവിനെയും അവന്റെ ഉണ്മയെയുമെല്ലാം കുറിച്ച് ഖുര്‍ആന്‍ പറഞ്ഞകാര്യങ്ങള്‍ നാം വിലയിരുത്താന്‍. ദൈവികോണ്മയെക്കുറിച്ച് അറിയുവാന്‍ മനുഷ്യന്റെ പക്കല്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല, ദൈവിക വെളിപാടുകളല്ലാതെ. അല്ലാഹു തന്നെ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാത്രമേ അവന്റെ അസ്തിത്വത്തെകുറിച്ച് നമുക്കറിയൂ. ദൈവിക വെളിപാടുകളുടെ മാത്രം സമാഹാരമായി ഇന്ന് നിലനില്‍ ക്കുന്ന ഒരു ഗ്രന്ഥം മാത്രമേയുള്ളൂ, ഖുര്‍ആന്‍. മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് അല്ലാഹുവിനാല്‍ തന്നെ സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥം. ദൈവികാസ്തിത്വത്തെകുറിച്ച് ഖുര്‍ആന്‍ നല്‍കുന്ന അറിവ് അപ്പടി സ്വീകരിക്കുകയല്ലാതെ അവ വിശദീകരിക്കുകയോ വ്യഖ്യാനിക്കുകയോ ചെയ്യാന്‍ മനുഷ്യര്‍ അശക്തരാണ്. മനുഷ്യവിജ്ഞാനത്തിന്റെ വരുതിയില്‍ വരാത്ത കാര്യത്തെ അവര്‍ എങ്ങിനെ വ്യാഖ്യാനിക്കാനാണ് ?
ദൈവിക സിംഹാസനത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്ന ഏതാനും സൂക്തങ്ങള്‍ കാണുക:
ആകാശങ്ങളും ഭൂമിയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്‍. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. (57:4)
പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു. (20:5)
അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊ ള്ളുന്നതാണ്. (2:255)
ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ചവന്‍ അവനത്രെ. അവന്റെ സിംഹാസനം ജലത്തിന്‍ മേലായിരുന്നു.(11:6)
ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സിംഹാസനം കൊണ്ടു ള്ള വിവക്ഷയെന്താണെന്നോ അത് ജലത്തിലായിരുന്നു എന്ന് പറ ഞ്ഞതിന്റെ അര്‍ഥമെന്താണെന്നോ നമുക്കറിയില്ല. സ്ഥലകാല നൈരന്തര്യത്തിന്നതീതനായ സ്രഷ്ടാവിനെപ്പറ്റി അറിയാന്‍ വെളിപാട ല്ലാത്ത മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ അവന്റെ സിംഹാസനത്തെകുറിച്ച് അറിയുവാനും പ്രസ്തുത മാര്‍ഗം മാത്രമെ സ്വീകരിക്കാന്‍ നിര്‍വ്വാഹമുള്ളൂ. ഖുര്‍ആനും പ്രവാചക വചനങ്ങളും പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുകയാണ് ഇത്തരം സൂക്തങ്ങളുടെ കാര്യത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യന്‍മാരുടെ നിലപാട്. ആ നിലപാട് സ്വീകരിക്കുക മാത്രമാണ് നമുക്കു കരണീയം. അല്ലാഹു മനുഷ്യരു ടെ സമീപത്താണുള്ളത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആ നിലുണ്ട്. പ്രസ്തുത സൂക്തങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത് എന്നറിയാന്‍ അവയുടെ സാരം ഒന്നു പരിശോധിച്ചാല്‍ മതിയെന്നതാണ് യാഥാര്‍ത്ഥ്യം.
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. (2:186)
നീ പറയുക: ഞാന്‍ പിഴച്ചു പോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്റെ ദോഷം എനിക്കുതന്നെയാണ്. ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചുവെങ്കിലോ, അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നല്‍കുന്നതിന്റെ ഫലമായിട്ടാണ്. തീര്‍ച്ചയായും അവന്‍ കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു. 34:50
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനുമാകുന്നു. (50:16)
ഈ സൂക്തങ്ങളെല്ലാം അല്ലാഹുവിന്റെ ഗുണ വിശേഷങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്, അവന്റെ സത്തയെ സംബന്ധിച്ചല്ല. അതുകൊണ്ട് തന്നെ അവന്റെ സത്ത മനുഷ്യരുടെ സമീപത്താണുള്ളത് എന്നോ അവന്‍ കണ്ഠനാഡിയേക്കാള്‍ അടുത്താണ് സ്ഥിതി ചെയ്യുന്നതെന്നോ അല്ല ഈ സൂക്തങ്ങള്‍ അര്‍ഥമാക്കുന്നത്; പ്രത്യുത അവന്റെ ശക്തിയും കഴിവും മനുഷ്യരുടെ സമീപസ്ഥമാണെന്നാണ്. പ്രപഞ്ചം അല്ലാഹുവിന്റെ സൃഷ്ടിയാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ സത്ത പ്രപഞ്ചത്തിന് അതീതമായിരിക്കും. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു പദാര്‍ത്ഥ ലോകത്തെവിടെയോ കുടിയിരിക്കുന്നവനാണെന്ന് കരുതുന്നത് ശരിയല്ല. എന്നാല്‍ അവന്റെ കഴിവുകളും ശക്തിയും പ്രപഞ്ചമാസകലം വ്യാപിച്ചു കിടക്കുകയാണ്, പ്രപഞ്ചത്തിലെ ഒരോ വസ്തുവിനെയും ചൂഴ്ന്നുകിടക്കുകയാണ്. അതിനാല്‍ അവനോട് പ്രാര്‍ഥിക്കുവാന്‍ ഒരു ഇടയാളന്റെ ആവശ്യമില്ല. അവനെ സമീപിക്കുവാന്‍ ഒരു ശുപാര്‍ശകനും വേണ്ടതില്ല. അവനില്‍ നിന്ന് എന്തെങ്കിലും മറച്ചുവെക്കാന്‍ കഴിയുമെന്ന് മനുഷ്യര്‍ വിചാരിക്കേണ്ടതുമില്ല. അവരുടെ മനസ്സിനകത്തുള്ളതുപോലും അറിയുന്നവനാണവന്‍. ഇതാണ് ഉപര്യുക്ത സൂക്തങ്ങള്‍ അര്‍ഥമാക്കുന്നത്. അല്ലാഹു സിംഹാസനസ്ഥനായതിനെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ അവന്റെ സത്തയെ കുറിച്ച് മനുഷ്യര്‍ അറിയേ ണ്ടതായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. മനുഷ്യരുമയി ബന്ധപ്പെട്ട് അല്ലാഹുവിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങളാകട്ടെ, അവന്റെ ഗുണവിശേഷങ്ങളെയാണ് ദ്യോതിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. അല്ലാഹു സിംഹാസനസ്ഥന്‍ തന്നെയാണ്. എന്നാല്‍ അവന്റെ കഴിവുകളും ശക്തിയും മനുഷ്യരുടെ കണ്ഠനാഡിയേക്കാള്‍ അടുത്താണുള്ളത്. അവരുടെ ശരീരത്തെയും മനസ്സിനെയും ആ കഴിവുകള്‍ ചൂഴ്ന്നുനില്‍ക്കുന്നു.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.