ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുര്‍ആനില്‍ പല തവണ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59). എന്നാല്‍ 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി  സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഒരു ഉദാഹരണം 7:54: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ ആല്ലാഹുവാകുന്നു.
ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൌം എന്ന അറബി പദത്തിന് ഘട്ടം എന്നും അര്‍ത്ഥമുണ്ട്. ഇവിടെ ആറു ദിവസങ്ങള്‍ എന്നതുകൊണ്ട് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ യുള്ള ഒരു ദിവസമല്ല വിവക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെയടുക്കല്‍ ദിവസമെന്നാല്‍ മനുഷ്യ പരിഗണനയിലുള്ള ദിവസമല്ലെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപരിലോകങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ആറ് വ്യത്യസ്ത ഘട്ടങ്ങളായികൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് അക്കാര്യം വിവ രിച്ച സൂക്തങ്ങളെല്ലാം ചെയ്യുന്നത്. ഈ ഘട്ടങ്ങളുടെ കാലദൈര്‍ഘ്യം എത്രയാണെന്ന് നമുക്കറിയില്ല. അത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുമ്മില്ല.
ആറു ഘട്ടങ്ങളിലായാണ് ആകാശ ഭൂമികളുടെ സൃഷ്ടി സംഭവിച്ചത് എന്ന കാര്യം ഖുര്‍ആനില്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അതിലധികമോ കുറച്ചോ ഘട്ടങ്ങളായിട്ടാണ് സൃഷ്ടി സംഭവിച്ചതെന്ന് പറയുന്ന ഒരൊറ്റ സൂക്തവും ഖുര്‍ആനിലില്ല. എട്ടു ദിവസം കൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന് ഖുര്‍ആനില്‍ ഒരിടത്തുമില്ല. എന്നാല്‍ ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നുവെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത് സൂറത്തു ഫുസ്സിലത്തിലെ (അധ്യായം 41) 9 മുതല്‍ 12 വരെയുള്ള സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രസ്തുത സൂക്തങ്ങള്‍ പരിശോധിക്കുക:
നീ പറയുക ; രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.
അതില്‍ അതിന്റെ ഉപരിഭാഗത്ത് ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധി ഉണ്ടാക്കുകയും, അതി ലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ് തിരിക്കുന്നു, നാലു ഘട്ടങ്ങളിലായി. ആവശ്യപ്പെടുന്നവര്‍ക്കുവേണ്ടി ശരിയായ അനുപാതത്തില്‍.
അതിനു പുറമെ അവന്‍ ഉപരിലോകത്തിന്റെ നേര്‍ക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അനുസരണ പൂര്‍ണ്ണമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ട് ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴ് ആകാശങ്ങളാക്കിത്തീര്‍ത്തു.’
ഈ സൂക്തങ്ങളിലെവിടെയും എട്ട് ഘട്ടങ്ങളിലായിട്ടാണ് അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. ഒന്‍പതാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും പത്താം സൂക്തത്തിലെ നാലു ഘട്ട ങ്ങളും പന്ത്രണ്ടാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും കൂട്ടിയാല്‍ എട്ടു ഘട്ടങ്ങ ളാകുമെന്നതിനാല്‍ ഈ സൂക്തങ്ങള്‍ ആറു ഘട്ടങ്ങളായിട്ടാണ് പ്രപഞ്ച സൃഷ്ടി നടന്നതെന്ന സൂക്തങ്ങളുമായി വൈരുധ്യം പുലര്‍ത്തുന്നുണ്ടെന്നാണ് വിമര്‍ശകന്‍മാരുടെ വാദം. ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല. ഒമ്പത്, പത്ത് സൂക്തങ്ങളില്‍ ഭൂമിയുടെയും അതിലുള്ളതിന്റെയും സൃഷ്ടിപ്പിനെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. ഭൂമിയുടെ സൃഷ്ടിപ്പ് രണ്ടു ഘട്ടങ്ങളിലായി നിര്‍വ്വഹിച്ചതിനെ കുറിച്ച് ഒന്‍പതാം സൂക്തത്തില്‍ പറയുന്നു. ഭൂമിയെയും അതിലെ പര്‍വ്വതങ്ങളെയും ആഹാരസംവിധാനങ്ങളെയുമെല്ലാം സൃഷ്ടിച്ചത് നാലു ഘട്ടങ്ങളായിട്ടാണെന്ന് പത്താം സൂക്തത്തിലും പറയുന്നു. ഒന്‍പതാം സൂക്തത്തില്‍ പ്രതിപാദിക്കപ്പട്ട രണ്ടു ഘട്ടങ്ങള്‍ കൂടി പത്താം സൂക്തത്തിലെ നാലു ഘട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നര്‍ഥം. ഒന്‍പതും പത്തും സൂക്തങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സൃഷ്ടി മൊത്തമായി നാലു ഘട്ടങ്ങളായിട്ടാണ് നിര്‍വഹിക്കപ്പെട്ടതെന്നാണ് പത്താമത്തെ സൂക്തത്തിന്റെ അവസാനത്തില്‍ നാലു ഘട്ടങ്ങളിലായി എന്ന് പറഞ്ഞതിനര്‍ഥം. അപ്പോള്‍ ആകാശത്തെ സൃഷ്ടിച്ച രണ്ടു ഘട്ടങ്ങളും കൂടി കൂട്ടുമ്പോള്‍ ആകെ പ്രപഞ്ച സൃഷ്ടി നടന്നത് ആറു ഘട്ടങ്ങളായിട്ടാണെന്ന വസ്തുത സുതരാം വ്യക്തമാവുന്നു. യഥാര്‍ത്ഥത്തില്‍ ഈ വചനങ്ങള്‍, സൃഷ്ടി നടന്നത് ആറു ഘട്ടങ്ങളിലായിട്ടാണെന്ന് പറയുന്ന മറ്റു വചനങ്ങളുമായി വൈരുദ്ധ്യങ്ങളൊന്നും വെച്ചുപുലര്‍ത്തുന്നില്ല.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.