പരലോകത്തെ മനുഷ്യരെ രണ്ടു വിഭാഗങ്ങളാക്കി തിരിക്കുമെന്ന് (90:17-20,99:6-8)ലും അങ്ങനെ മറ്റ് പല സൂക്തങ്ങളിലും പറയുന്നതിന് വിരുദ്ധമായി മൂന്ന് വിഭാഗങ്ങളാക്കുമെന്ന് (56:7)ല്‍ പ്രസ്താവിക്കുന്നുണ്ടല്ലോ. എന്താണ് ഇതിനുള്ള വിശദീകരണം?

ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂക്തങ്ങള്‍ പരിശോധിക്കുക:
പുറമെ വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അവന്‍ ആയി തീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരാണ് വല തുപക്ഷക്കാര്‍. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവ രത്രെ ഇടതുപക്ഷത്തിന്റെ ആള്‍ക്കാര്‍. അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (90: 17-20).
അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാ ണ്; അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
അപ്പോള്‍ ആര് ഒരണുത്തൂക്കം നന്‍മ ചെയ്തിരുന്നുവോ അത് അവന്‍ കാണും. ആര് ഒരണുത്തൂക്കം തിന്‍മ ചെയ്തിരുന്നുവോ അതും അവന്‍ കാണും. (99:6-8)
നിങ്ങള്‍ മൂന്ന് തരക്കാരായി തീരുന്ന സന്ദര്‍ഭമത്രെ അത്.’(56:7)
മുകളില്‍ പറഞ്ഞ സൂക്തങ്ങളിലൊന്നും തന്നെ പരലോകത്ത് രണ്ടു വിഭാഗക്കാരേ ഉണ്ടാവൂ എന്ന് പറഞ്ഞിട്ടില്ല. ആദ്യം ഉദ്ധരിക്ക പ്പെട്ട സൂറത്തുല്‍ ബലദിലെ (90:17-20) സൂക്തങ്ങളില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന വലതു പക്ഷക്കാരെ കുറിച്ചും നരകത്തിലേക്ക് എറിയപ്പെടുന്ന ഇടതുപക്ഷക്കാരെ കുറിച്ചുമാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. പരലോകത്ത് ഇങ്ങനെ രണ്ടു വിഭാഗം മാത്രമേ ഉണ്ടാവൂയെന്ന് അവിടെയൊന്നും യാതൊരു പരാമര്‍ശവുമില്ല. രണ്ടാമതായി ഉദ്ധരിക്കപ്പെട്ട സൂറത്തു സല്‍സലഃയിലെ സൂക്തങ്ങളിലാകട്ടെ (99:68)  അണുത്തൂക്കം നന്‍മ ചെയ്തവര്‍ അതും തിന്‍മ ചെയ്തവര്‍ അതും കാണുമെന്ന് മാത്രമാണ് പറയുന്നത്. തങ്ങളുടെ കര്‍മ്മഫലങ്ങള്‍ കാണുന്നതിനായി മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന ഈ സൂക്തങ്ങളില്‍ എത്ര സംഘങ്ങളാണെന്ന കൃത്യമായ പ്രതിപാദനം ഉള്‍കൊള്ളുന്നില്ല. സൂറത്തുല്‍ വാഖിഅ: യിലാകട്ടെ (56:7) കൃത്യമായി തന്നെ പരലോകത്തിലെ  മൂന്ന് വിഭാ ഗങ്ങളെ പറ്റി പറഞ്ഞിരിക്കുന്നു. ആ മൂന്ന് വിഭാഗക്കാര്‍ ആരൊക്കെയാണെന്നും പ്രസ്തുത സൂറത്തിലെ മറ്റു സൂക്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുന്ന വലതു പക്ഷക്കാരില്‍ തന്നെ സല്‍ഗുണങ്ങളിലെ മികവ് കൊണ്ട് അല്ലാഹുവിങ്കല്‍ കൂടുതല്‍ സാമീപ്യം നല്‍കപ്പെട്ടവരും ഉന്നതസ്ഥാനീയരുമായ ഒരു പ്രത്യേകവിഭാഗം വേറെ ഉണ്ടാകുമെന്ന് ഈ വചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇവരെക്കൂടി പരിഗണിച്ചു കൊണ്ടാണ് മൂന്നു വിഭാഗക്കാരെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. പരലോകത്ത് മനുഷ്യരില്‍ ഒരു വിഭാഗം നരകാവകാശികളും മറ്റൊരു വിഭാഗം സ്വര്‍ഗ്ഗാവകാശികളും ആയി തിരിക്കപ്പെടുന്നതോടൊപ്പം തന്നെ സ്വര്‍ഗ്ഗവാസികളില്‍ ദൈവസാമീപ്യം കൂടുതലായി ലഭിക്കുന്ന ഒരു ശ്രേഷ്ഠ വിഭാഗം കൂടി ഉണ്ടാവുന്നതില്‍ വൈരുധ്യമൊന്നുമില്ല.
പരലോകത്ത് മൂന്ന് വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നോ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നോ ഖുര്‍ആനിലെവിടെയും പരാമര്‍ശിക്കുന്നില്ലഎന്നതുകൊണ്ട് തന്നെ ഈ സൂക്തവുമായി വൈരുധ്യം പുലര്‍ത്തുന്ന ഒരു ഭാഗവും ഖുര്‍ആനിലില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പറയാന്‍ സാധിക്കും.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.