വൈരുധ്യങ്ങളൊന്നും ഉള്‍ക്കൊള്ളുന്നില്ലെന്നത് ഖുര്‍ആനിന്റെ അമാനുഷികതയ്ക്കുള്ള തെളിവാകുന്നതെങ്ങനെയാണ്?

ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച പ്രതിപാദ്യങ്ങളുടെ സമാഹാരമോ കുറേ സംഭവങ്ങളുടെ വിവരണങ്ങളോ അല്ല ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. ഖുര്‍ആനിലെ പ്രതിപാദ്യവിഷയങ്ങള്‍ വളരെ വിപുലവും ബൃഹത്തുമാണ്. ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച പ്രതിപാദനങ്ങള്‍, സൃഷ്ടിപൂജയുടെ നിരര്‍ത്ഥകത വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍, മരണാനന്തര ജീവിതത്തെക്കുറിച്ച സമര്‍ത്ഥനങ്ങള്‍, പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍, പ്രവാചക കഥനങ്ങള്‍, ചരിത്രപാഠങ്ങള്‍, ധര്‍മികോപദേശങ്ങള്‍, കുടുംബകാര്യങ്ങള്‍, സാമൂഹികബാധ്യതകള്‍, സാമ്പത്തി ക-രാഷ്ട്രീയ നിയമങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍.
ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായത്. അവ അവതരിക്കപ്പെട്ട ഉടനെ തന്നെ പ്രവാചകന്റെ എഴുത്തുകാര്‍ അവ രേഖപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ നിരക്ഷരനായ പ്രവാചകന്‍ ഓരോ സൂക്തം അവതരിക്കുമ്പോഴും മുന്‍പ് അവതരിച്ച സൂക്തങ്ങള്‍ പരിശോധിച്ചു നോക്കിക്കൊണ്ടോ അവയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഒത്തു നോക്കിക്കൊണ്ടോ ആയിരുന്നില്ല അവ രേഖപ്പെ ടുത്താന്‍ നിര്‍ദേശിച്ചിരുന്നത്. വിവിധ സാഹചര്യങ്ങളില്‍ അവയുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ അവതരിക്കുകയായിരുന്നു പതിവ്.ഒരേ സാഹചര്യത്തിലും പരിതസ്ഥിതിയിലും തന്നെ എഴുതപ്പെടുന്ന കൃതികളില്‍ പോലും വൈരുധ്യങ്ങളുണ്ടാകാറുണ്ട്. ഖുര്‍ആന്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഖുര്‍ആനിലെ ഒരു സൂക്തവും മറ്റൊരു സൂക്തവുമായി യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒരു മനുഷ്യന്‍ നടത്തിയ പ്രസ് താവനകളായിരുന്നു ഖുര്‍ആനിലുള്ളതെങ്കില്‍ അവയിലെ പരാമര്‍ശങ്ങള്‍ തമ്മില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. സര്‍വജ്ഞനായ സ്രഷ്ടാവില്‍ നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് എത്ര ശരി!
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹുവല്ലാത്ത  വല്ലവരുടെയും പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു. (വി.ഖു.4:82)

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.