ഖുര്‍ആനില്‍ വിവരിക്കുന്ന ശിക്ഷകള്‍ കൊണ്ട് വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇല്ലാതെയാക്കുവാന്‍ കഴിയുമോ?

ഖുര്‍ആനില്‍ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമര്‍ശിക്കുന്നത്. ശിക്ഷാവിധികള്‍ അവസാനത്തെ പടിയാണെന്നാണ് ഇസ്ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് ആവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം ഇസ്ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.
ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് കാഴ്ച ഒരു പ്രധാന കാരണമായതുകൊണ്ടുതന്നെ സ്ത്രീകള്‍ അവരുടെ സൌന്ദര്യം പ്രകടിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്.
രണ്ട്: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തില്‍ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങള്‍, സൌന്ദര്യ മല്‍സരം, ബാലെ തുടങ്ങിയവ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.
മൂന്ന്: വ്യഭിചാരത്തിലേക്ക് നയിക്കുന്ന രീതിയുള്ള നിര്‍ബാധമായ സ്ത്രീ-പുരുഷ സമ്പര്‍ക്കം പാടില്ല.
നാല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാള്‍ഗേളുകളോ സെക്സ് ബോംബുകളോ നഗ്നമോഡലുകളോ ഒന്നും ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.
അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ച് (ഭര്‍ത്താവോ വിവാഹം നിഷിദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്.
ആറ്: അന്യസ്ത്രീ പുരുഷന്മാര്‍ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടരുത്.
ഏഴ്: പുരുഷന്‍ സ്ത്രീയെയോ, സ്ത്രീ പുരുഷനെയോ, അവര്‍ വിവാഹത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കില്‍, കാമവികാരത്തോടെ നോക്കരുത്.
എട്ട്: കാമവികാരമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്.
ഒമ്പത്: പുരുഷന്‍ വിവാഹാന്വേഷണവുമായി വന്നാല്‍ അവന്‍ സംസ്കാര സമ്പന്നനാണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകണം.
പത്ത്: ഒരു സ്ത്രീയെക്കൊണ്ട് വികാരശമനം സാധ്യമല്ലാത്തവര്‍ക്ക് ഒന്നിലധികം പേരെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിവാഹം ചെയ്യുവാന്‍ അനുവാദമുണ്ട്.
ഖുര്‍ആന്‍ ഒന്നാമതായി, ലൈംഗിക വികാരം ഉത്തേജിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. രണ്ടാമതായി, വിഹിതമായ മാര്‍ഗത്തില്‍ വികാരശമനത്തിനാവശ്യമായ തുറന്ന അംഗീകാരം നല്‍കുന്നു. ഇതിനുശേഷവും വികാരശമനത്തിന് അസാന്മാര്‍ഗിക മാര്‍ഗങ്ങളെ അവലംബിക്കുന്നവര്‍ സമൂഹത്തിന്റെ ധാര്‍മിക നിലവാരത്തെ തകര്‍ക്കുകയും കുടുംബത്തെയും സമൂഹത്തെയുമെ ല്ലാം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണമെന്നാണ് ഇസ്ലാമിന്റെ നിര്‍ദേശം.
മനുഷ്യരെ അസാന്മാര്‍ഗികളാക്കുന്നതില്‍ സാഹചര്യങ്ങള്‍ക്ക് അനല്‍പമായ പങ്കുണ്ട്. ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്ന രീതിയില്‍ മീഡിയയും മാര്‍ക്കറ്റുകളും മാറുകയും വിവാഹേതര ലൈംഗികബന്ധം ഒരു പാപമല്ലെന്ന രീതിയില്‍ സമൂഹം കൈകാര്യം ചെയ്യുവാനാരംഭിക്കുകയും ചെയ്തതു കാരണം സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നുവെന്നതാണ് വാസ്തവം. കേരളത്തിലെ അവസ്ഥതന്നെയെടുക്കുക. 1994-ല്‍ കേരളത്തില്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടിരുന്ന ബലാല്‍സംഗക്കേസുകള്‍ 193-ഉം 1995-ല്‍ 266-ഉം 1996-ല്‍ 339-ഉം ആയിരുന്നുവെങ്കില്‍ 1997-ല്‍ അത് 588 ആയി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിനിടയില്‍ 121.05 ശതമാനം വര്‍ധന! 98 ഒക്ടോബര്‍ മാസമായപ്പോഴേക്ക് 461 ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (അവലംബം: മാതൃഭൂമി ആഴ്ചപ്പതിപ്പ് 24.1.1999) എന്താണിതിന് കാരണം? വിവാഹേതര ബന്ധത്തോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ വന്ന മാറ്റവും മീഡിയകളും മാര്‍ക്കറ്റുകളും സ്ത്രീസൌന്ദര്യത്തെ ഒരു വില്‍പനച്ചരക്കായി ഉപയോഗിക്കാനാരംഭിച്ചതും കുറ്റകൃത്യങ്ങളുടെ വര്‍ധനയില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന വനിതകള്‍ക്ക് സ്വൈരമായി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ് കേരളത്തിലുണ്ടാവുക.
ഇത്തരമൊരവസ്ഥ ഇസ്ലാമിക സമൂഹത്തിലുണ്ടാവുകയില്ല. അവിടെ സ്ത്രീകള്‍ക്ക് തങ്ങളുടെ മാനം അപഹരിക്കപ്പെടുമെന്ന ഭീതിയോടെ ജീവിക്കേണ്ട ഗതികേടുണ്ടാവുകയില്ല. പ്രവാചകന്റെ കാലത്ത് വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമേ വ്യഭിചാരത്തിന് ശിക്ഷിച്ചിട്ടുള്ളൂ. ഖലീഫമാരുടെ ഭരണകാലത്തും തഥൈവ. മാധ്യമങ്ങളുടെ കടന്നുകയറ്റവും പാശ്ചാത്യ സംസ്കാരത്തിന്റെന സ്വാധീനവുമെല്ലാം ഏറെ ജീര്‍ണതകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ഖുര്‍ആനിക ശിക്ഷാവിധികള്‍ സ്വീകരിച്ചിരിക്കുന്ന നാടുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവാണെന്ന വസ്തുത ഇതിന്റെ പ്രായോഗികത വ്യക്തമാക്കുകയാണ് ചെയ്യുന്നത്.

This entry was posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍. Bookmark the permalink.