മനുഷ്യര്‍ക്ക് സന്മാര്‍ഗ ദര്‍ശനം നല്‍കുന്നതിനായി ദൈവംതമ്പുരാന്‍ അവതരിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആനെങ്കില്‍ അത് മുഴുവനായി ഒരു ഗ്രന്ഥ രൂപത്തില്‍ അവതരിപ്പിച്ചുകൂടാമായിരുന്നുവോ?

മുഹമ്മദി(സ)ന്റെ കാലത്തുതന്നെ അവിശ്വാസികള്‍ ചോദിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഇത്.ഖുര്‍ആന്‍ പറയുന്നതു കാണുക: “സത്യനിഷേധി കള്‍ പറഞ്ഞു. ഇദ്ദേഹത്തിന് ഖുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക)തന്നെയാണ് വേണ്ടത്. അതുകൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ചുനിര്‍ത്താന്‍വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു”(25:32).
“നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ഖുര്‍ആനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു”(17:106).
ഈ സൂക്തങ്ങളില്‍നിന്ന് എന്തുകൊണ്ടാണ് ഖുര്‍ആന്‍ ഒന്നിച്ച് ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കാതിരുന്നതെന്ന് നമുക്ക് മനസ്സിലാകുന്നു. അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനം നല്‍കേണ്ട വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അതു തോറെയെപ്പോലെ കേവലം കുറെ നിയമങ്ങളുടെ സംഹിതയല്ല. വിശ്വാസ പരിവര്‍ത്തനത്തിലൂടെ ഒരു സമൂഹത്തെ എങ്ങനെ വിമലീകരിക്കാമെന്ന് പ്രായോഗികമായി കാണിച്ചുതരുന്ന ഗ്രന്ഥമാണത്. ഖുര്‍ആനിന്റെ അവതരണത്തിനനുസരിച്ച് പരിവര്‍ത്തിതമായിക്കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഈ ചിത്രം കൂടി ഉപയോഗിച്ചുകൊണ്ടാണ് ഓരോ സൂക്തത്തിന്റെയും പൂര്‍ണമായ ഉദ്ദേശ്യം നാം മനസ്സിലാക്കുന്നത്. ഒറ്റയടിക്കാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ഈ രൂപത്തില്‍ നമുക്ക് അത് മനസ്സിലാക്കുവാന്‍ കഴിയുകയില്ലായിരുന്നു. അത് നൂറുശതമാനം പ്രായോഗികമായ ഒരു ഗ്രന്ഥമാണെന്ന് പറയുവാനും സാധിക്കുമായിരുന്നില്ല. വളര്‍ന്നുകൊണ്ടിരുന്ന ഒരു സമൂഹത്തിന് ഘട്ടങ്ങളായി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളെന്ന നിലയ്ക്ക് -പ്രസ്തുത മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം ആ സമൂഹം മാറിക്കൊണ്ടിരുന്നു -അത് പൂര്‍ണമായും പ്രായോഗികമാണെന്ന് നമുക്ക് ഉറപ്പിച്ചുപറയുവാനാകും.
ഖുര്‍ആന്‍ ഘട്ടങ്ങളായി അവതരിപ്പിക്കപ്പെട്ടതുകൊണ്ടുള്ള ഗുണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1. ദീര്‍ഘകാലമായി സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളും അധാര്‍മികതകളും ഒറ്റയടിക്ക് നിര്‍ത്തലാക്കുക പ്രയാസകരമാണ്. ഘട്ടങ്ങളായി മാത്രമേ അവ നിര്‍ത്തല്‍ ചെയ്യാനാകൂ. താല്‍ക്കാലിക നിയമങ്ങള്‍ വഴി പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങളെ ക്രമേണ അകറ്റിക്കൊ ണ്ട് അവസാനം സ്ഥിരമായ നിയമങ്ങള്‍ നടപ്പില്‍വരുത്തുകയാണ് പ്രായോഗികം. ഇതിന് ഘട്ടങ്ങളായുള്ള അവതരണം സൌകര്യം നല്‍കുന്നു.
2. ജനങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും അപ്പപ്പോഴുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും തദവസരത്തില്‍തന്നെ പരിഹാരമുണ്ടാവുന്നരീതിയില്‍ ദൈവിക സന്ദേശങ്ങള്‍ ലഭിക്കുന്നത് പ്രബോധിത ജനതയില്‍ കൂടുതല്‍ ഫലപ്രദമായ പരിവര്‍ത്തനങ്ങളുണ്ടാവുന്നതിന് നിമിത്തമാകുന്നു.
3. ഒറ്റപ്രാവശ്യമായി അവതരിപ്പിക്കപ്പെടുന്ന പക്ഷം അതിലെ നിയമനിര്‍ദേശങ്ങള്‍ ഒരൊറ്റ ദിവസംതന്നെ നടപ്പിലാക്കേണ്ടതായി വരും. അത് പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഘട്ടങ്ങളായുള്ള അവതരണം വഴി ഈ പ്രയാസം ഇല്ലാതാക്കുവാനും ക്രമേണ പൂര്‍ണമായി വിമലീകരിക്കപ്പെട്ട ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സാധിക്കുന്നു.
4. ഇടയ്ക്കിടക്ക് ദൈവിക ബോധനം ലഭിക്കുന്നത് പ്രവാചകന് മനഃസമാധാനവും ഹൃദയദാര്‍ഢ്യവുമുണ്ടാവുന്നതിന് കാരണമാവുന്നു.
5. നിരക്ഷരനായ മുഹമ്മദി(സ)ന് ഖുര്‍ആന്‍ പഠിക്കുവാനും മനഃപാഠമാക്കുവാനും ഘട്ടങ്ങളായുള്ള അവതരണം സൌകര്യം നല്‍കുന്നു. മറവിയോ അബദ്ധങ്ങളോ ഇല്ലാതിരിക്കുന്നതിനും ഇത് അവസരമൊരുക്കുന്നു.
6. പ്രവാചകന്റെ അനുയായികള്‍ക്ക് ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും അതിലെ വിഷയങ്ങള്‍ വ്യക്തമായി പഠിക്കുന്നതിനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിനും കുറേശ്ശെയുള്ള അവതരണം വഴി സാധിക്കുന്നു.

This entry was posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.