ഇബ്രാഹീം നബി ധീരമായ മാതൃക

[ 9 - Aya Sections Listed ]
Surah No:2
Al-Baqara
130 - 136
സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ്‌ ഇബ്രാഹീമിന്റെ മാര്‍ഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.(130)നീ കീഴ്‌പെടുക എന്ന്‌ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.(131)ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട്‌ ഇത്‌ (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക്‌ ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന്‌ കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌. (ഇങ്ങനെയാണ്‌ അവര്‍ ഓരോരുത്തരും ഉപദേശിച്ചത്‌)(132)എനിക്ക്‌ ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങള്‍ ആരാധിക്കുക ? എന്ന്‌ യഅ്ഖൂബ്‌ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട്‌ ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന്‌ കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമായിരിക്കും(133)അത്‌ കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.(134)നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്‌. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ്‌ (പിന്‍പറ്റേണ്ടത്‌.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല.(135)നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ (അല്ലാഹുവിന്ന്‌) കീഴ്‌പെട്ട്‌ ജീവിക്കുന്നവരുമാകുന്നു.(136)
Surah No:3
Aal-i-Imraan
67 - 68
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.(67)തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട്‌ കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.(68)
Surah No:3
Aal-i-Imraan
95 - 95
(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്കനായ ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.(95)
Surah No:4
An-Nisaa
125 - 125
സദ്‌വൃത്തനായിക്കൊണ്ട്‌ തന്‍റെ മുഖത്തെ അല്ലാഹുവിന്‌ കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച്‌ നിന്ന്‌ കൊണ്ട്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്‌? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.(125)
Surah No:6
Al-An'aam
161 - 161
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ എന്നെ നേരായ പാതയിലേക്ക്‌ നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്‌. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്രാഹീമിന്‍റെ ആദര്‍ശത്തിലേക്ക്‌. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.(161)
Surah No:9
At-Tawba
114 - 114
ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന്‌ വേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം പിതാവിനോട്‌ അങ്ങനെ വാഗ്ദാനം ചെയ്തത്‌ കൊണ്ട്‌ മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്‌) അല്ലാഹുവിന്‍റെ ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു.(114)
Surah No:16
An-Nahl
120 - 123
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന്‌ കീഴ്പെട്ട്‌ ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.(120)അവന്‍റെ (അല്ലാഹുവിന്‍റെ) അനുഗ്രഹങ്ങള്‍ക്ക്‌ നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.(121)ഇഹലോകത്ത്‌ അദ്ദേഹത്തിന്‌ നാം നന്‍മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും.(122)പിന്നീട്‌, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന്‌ നിനക്ക്‌ ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.(123)
Surah No:19
Maryam
41 - 41
വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.(41)
Surah No:60
Al-Mumtahana
4 - 4
നിങ്ങള്‍ക്ക്‌ ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവര്‍ തങ്ങളുടെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത്‌ വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക്‌ വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക്‌ വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന്‌ യാതൊന്നും എനിക്ക്‌ അധീനപ്പെടുത്താനാവില്ല എന്ന്‌ ഇബ്രാഹീം തന്‍റെ പിതാവിനോട്‌ പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക്‌ ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക്‌ തന്നെയാണ്‌ തിരിച്ചുവരവ്‌.(4)