ശപിക്കപ്പെട്ടവര്‍

[ 21 - Aya Sections Listed ]
Surah No:2
Al-Baqara
88 - 89
അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.(88)അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന്‌ അവര്‍ക്ക്‌ വന്നുകിട്ടിയപ്പോള്‍ (അവരത്‌ തള്ളിക്കളയുകയാണ്‌ ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ്‌ (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക്‌ സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.(89)
Surah No:2
Al-Baqara
159 - 159
നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക്‌ നാം വിശദമാക്കികൊടുത്തതിന്‌ ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.(159)
Surah No:2
Al-Baqara
161 - 161
സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌.(161)
Surah No:3
Aal-i-Imraan
87 - 87
അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവര്‍ക്കുള്ള പ്രതിഫലം.(87)
Surah No:4
An-Nisaa
46 - 47
യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച്‌ പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച്‌ കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ്‌ കൊണ്ടും സമിഅ്നാ വഅസൈനാ എന്നും ഇസ്മഅ്‌ ഗൈറ മുസ്മഅ്‌ എന്നും റാഇനാ എന്നും അവര്‍ പറയുന്നു. സമിഅ്നാ വഅത്വഅ്നാ (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ്‌ (കേള്‍ക്കണേ) എന്നും ഉന്‍ളുര്‍നാ (ഞങ്ങളെ ഗൌനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക്‌ കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.(46)ഹേ; വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട്‌ നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട്‌ അവയെ പിന്‍വശങ്ങളിലേക്ക്‌ മാറ്റുന്നതിന്‌ മുമ്പായി, അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചത്‌ പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുക തന്നെ ചെയ്യും.(47)
Surah No:4
An-Nisaa
52 - 52
എന്നാല്‍ അവരെയാണ്‌ അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന്‌ ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.(52)
Surah No:4
An-Nisaa
93 - 93
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്‍റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ്‌ അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്‌.(93)
Surah No:5
Al-Maaida
13 - 13
അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക്‌ നീ മാപ്പുനല്‍കുകയും അവരോട്‌ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.(13)
Surah No:5
Al-Maaida
64 - 64
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.(64)
Surah No:5
Al-Maaida
78 - 78
ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.(78)
Surah No:11
Hud
18 - 18
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനേക്കാള്‍ അക്രമിയായി ആരുണ്ട്‌? അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്‍റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്‍റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും.(18)
Surah No:11
Hud
60 - 60
ഈ ഐഹികജീവിതത്തിലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടു. ശ്രദ്ധിക്കുക: തീര്‍ച്ചയായും ആദ്‌ ജനത തങ്ങളുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചിരിക്കുന്നു. ശ്രദ്ധിക്കുക: ഹൂദിന്‍റെ ജനതയായ ആദിന്‌ നാശം!(60)
Surah No:11
Hud
99 - 99
ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്‌) നല്‍കപ്പെട്ട ആ സമ്മാനം എത്ര ചീത്ത!(99)
Surah No:13
Ar-Ra'd
25 - 25
അല്ലാഹുവോടുള്ള ബാധ്യത ഉറപ്പിച്ചതിന്‌ ശേഷം ലംഘിക്കുകയും, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചതിനെ (ബന്ധങ്ങളെ) അറുത്ത്‌ കളയുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കാണ്‌ ശാപം. അവര്‍ക്കാണ്‌ ചീത്ത ഭവനം.(25)
Surah No:24
An-Noor
23 - 23
പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ട്‌.(23)
Surah No:28
Al-Qasas
42 - 42
ഈ ഐഹികജീവിതത്തില്‍ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.(42)
Surah No:33
Al-Ahzaab
57 - 57
അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌.(57)
Surah No:33
Al-Ahzaab
64 - 64
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.(64)
Surah No:40
Al-Ghaafir
52 - 52
അതായത്‌ അക്രമികള്‍ക്ക്‌ അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടാത്ത ദിവസം. അവര്‍ക്കാകുന്നു ശാപം. അവര്‍ക്കാകുന്നു ചീത്തഭവനം.(52)
Surah No:47
Muhammad
23 - 23
അത്തരക്കാരെയാണ്‌ അല്ലാഹു ശപിച്ചിട്ടുള്ളത്‌. അങ്ങനെ അവര്‍ക്ക്‌ ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക്‌ അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു.(23)
Surah No:48
Al-Fath
6 - 6
അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്‌. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്‌. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക്‌ വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.(6)