ദുല്‍ഖര്‍നൈന്‍

[ 1 - Aya Sections Listed ]
Surah No:18
Al-Kahf
83 - 98
അവര്‍ നിന്നോട്‌ ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക്‌ ഓതികേള്‍പിച്ച്‌ തരാം.(83)തീര്‍ച്ചയായും നാം അദ്ദേഹത്തിന്‌ ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാകാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന്‌ സൌകര്യപ്പെടുത്തികൊടുക്കുകയും ചെയ്തു.(84)അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു.(85)അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ്‌ പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത്‌ ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.(അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക്‌ ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്‌ അവരില്‍ നന്‍മയുണ്ടാക്കാം.(86)അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: എന്നാല്‍ ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ അവനെ നാം ശിക്ഷിക്കുന്നതാണ്‌. പിന്നീട്‌ അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുകയും അപ്പോള്‍ അവന്‍ ഗുരുതരമായ ശിക്ഷ അവന്ന്‌ നല്‍കുകയും ചെയ്യുന്നതാണ്‌.(87)എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ്‌ പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്‌. അവനോട്‌ നാം നിര്‍ദേശിക്കുന്നത്‌ നമ്മുടെ കല്‍പനയില്‍ നിന്ന്‌ എളുപ്പമുള്ളതായി രിക്കുകയും ചെയ്യും.(88)പിന്നെ അദ്ദേഹം മറ്റൊരു മാര്‍ഗം പിന്തുടര്‍ന്നു.(89)അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ (സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്കു നാം യാതൊരു മറയും ഉണ്ടാക്കികൊടുത്തിട്ടില്ല.(90)അപ്രകാരം തന്നെ (അദ്ദേഹം പ്രവര്‍ത്തിച്ചു) അദ്ദേഹത്തിന്‍റെ പക്കലുള്ളതിനെപ്പറ്റി (നമ്മുടെ) സൂക്ഷ്മജ്ഞാനം കൊണ്ട്‌ നാം പൂര്‍ണ്ണമായി അറിഞ്ഞിട്ടുണ്ട്‌ താനും.(91)പിന്നെ അദ്ദേഹം മറ്റൊരു മാര്‍ഗം പിന്തുടര്‍ന്നു.(92)അങ്ങനെ അദ്ദേഹം രണ്ട്‌ പര്‍വ്വതനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവര്‍ക്ക്‌ മനസ്സിലാക്കാനാവുന്നില്ല.(93)അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ്‌ - മഅ്ജൂജ്‌ വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട്‌ ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക്‌ ഒരു കരം നിശ്ചയിച്ച്‌ തരട്ടെയോ?(94)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ അധീനപ്പെടുത്തിത്തന്നിട്ടുള്ളത്‌ (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട്‌ നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.(95)നിങ്ങള്‍ എനിക്ക്‌ ഇരുമ്പുകട്ടികള്‍ കൊണ്ട്‌ വന്ന്‌ തരൂ. അങ്ങനെ ആ രണ്ട്‌ പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത്‌ (പഴുപ്പിച്ച്‌) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക്‌ ഉരുക്കിയ ചെമ്പ്‌ കൊണ്ട്‌ വന്നു തരൂ ഞാനത്‌ അതിന്‍മേല്‍ ഒഴിക്കട്ടെ.(96)പിന്നെ, ആ മതില്‍ക്കെട്ട്‌ കയറിമറിയുവാന്‍ അവര്‍ക്ക്‌ (യഅ്ജൂജ്‌ - മഅ്ജൂജിന്ന്‌) സാധിച്ചില്ല. അതിന്ന്‌ തുളയുണ്ടാക്കുവാനും അവര്‍ക്ക്‌ സാധിച്ചില്ല.(97)അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത്‌ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത്‌ നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു.(98)