ദരിദ്രരെ സഹായിക്കണം

[ 4 - Aya Sections Listed ]
Surah No:2
Al-Baqara
271 - 271
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത്‌ നല്ലതു തന്നെ. എന്നാല്‍ നിങ്ങളത്‌ രഹസ്യമാക്കുകയും ദരിദ്രര്‍ക്ക്‌ കൊടുക്കുകയുമാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത്‌ മായ്ച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(271)
Surah No:2
Al-Baqara
273 - 273
ഭൂമിയില്‍ സഞ്ചരിച്ച്‌ ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക്‌ വേണ്ടി (നിങ്ങള്‍ ചെലവ്‌ ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട്‌ അവര്‍ ധനികരാണെന്ന്‌ ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട്‌ നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട്‌ ചോദിച്ച്‌ വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത്‌ നല്ലത്‌ പോലെ അറിയുന്നവനാണ്‌.(273)
Surah No:9
At-Tawba
60 - 60
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.(60)
Surah No:22
Al-Hajj
28 - 28
അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക.(28)