വിധികര്‍തൃത്വം അല്ലാഹുവിന് മാത്രം

[ 13 - Aya Sections Listed ]
Surah No:3
Aal-i-Imraan
55 - 55
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക്‌ നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന്‌ നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്‌. പിന്നെ എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.(55)
Surah No:6
Al-An'aam
57 - 57
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ പ്രമാണത്തിന്‍മേലാണ്‌ ഞാന്‍. നിങ്ങളാകട്ടെ, അതിനെ നിഷേധിച്ച്‌ കളഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്തൊന്നിന്‌ വേണ്ടി തിടുക്കം കൂട്ടുന്നുവോ അത്‌ (ശിക്ഷ) എന്‍റെ പക്കലില്ല. (അതിന്‍റെ) തീരുമാനാധികാരം അല്ലാഹുവിന്‌ മാത്രമാണ്‌. അവന്‍ സത്യം വിവരിച്ചുതരുന്നു. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.(57)
Surah No:6
Al-An'aam
62 - 62
എന്നിട്ട്‌ അവര്‍ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക്‌ തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവന്‍ അതിവേഗം കണക്ക്‌ നോക്കുന്നവനത്രെ.(62)
Surah No:12
Yusuf
40 - 40
അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന്‌ മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്‌ അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.(40)
Surah No:12
Yusuf
67 - 67
അദ്ദേഹം പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന്‌ മാത്രമാകുന്നു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. അവന്‍റെ മേല്‍ തന്നെയാണ്‌ ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കേണ്ടത്‌.(67)
Surah No:28
Al-Qasas
70 - 70
അവനത്രെ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. ഈ ലോകത്തും പരലോകത്തും അവന്നാകുന്നു സ്തുതി. അവന്നാണ്‌ വിധികര്‍ത്തൃത്വവും. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുന്നതുമാണ്‌.(70)
Surah No:28
Al-Qasas
88 - 88
അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്‍ത്തൃത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(88)
Surah No:40
Al-Ghaafir
12 - 12
അല്ലാഹുവോട്‌ മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട്‌ പങ്കാളികള്‍ കൂട്ടിചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത്‌ നിമിത്തമത്രെ അത്‌. എന്നാല്‍ (ഇന്ന്‌) വിധികല്‍പിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു.(12)
Surah No:40
Al-Ghaafir
48 - 48
അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്‍മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു.(48)
Surah No:52
At-Tur
48 - 48
നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന്‌ നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത്‌ നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.(48)
Surah No:60
Al-Mumtahana
10 - 10
സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ത്ഥികളായി കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച്‌ നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌. എന്നിട്ട്‌ അവര്‍ വിശ്വാസിനികളാണെന്ന്‌ അറിഞ്ഞ്‌ കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക്‌ മടക്കി അയക്കരുത്‌. ആ സ്ത്രീകള്‍ അവര്‍ക്ക്‌ അനുവദനീയമല്ല. അവര്‍ക്ക്‌ അവര്‍ ചെലവഴിച്ചത്‌ നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക്‌ അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌ വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്‌. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത്‌ നിങ്ങള്‍ ചോദിച്ചു കൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത്‌ അവരും ചോദിച്ച്‌ കൊള്ളട്ടെ. അതാണ്‌ അല്ലാഹുവിന്‍റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.(10)
Surah No:68
Al-Qalam
48 - 48
അതുകൊണ്ട്‌ നിന്‍റെ രക്ഷിതാവിന്‍റെ വിധി കാത്ത്‌ നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്‍റെ ആളെപ്പോലെ (യൂനുസ്‌ നബിയെപ്പോലെ) ആകരുത്‌. അദ്ദേഹം ദുഃഖനിമഗ്നായികൊണ്ട്‌ വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.(48)
Surah No:76
Al-Insaan
24 - 24
ആകയാല്‍ നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന്‌ നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ കൂട്ടത്തില്‍ നിന്ന്‌ യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌.(24)