വസ്വിയ്യത്ത്

[ 4 - Aya Sections Listed ]
Surah No:2
Al-Baqara
180 - 180
നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്‌ ഒരു കടമയത്രെ അത്‌.(180)
Surah No:2
Al-Baqara
240 - 240
നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ (വീട്ടില്‍ നിന്ന്‌) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. എന്നാല്‍ അവര്‍ (സ്വയം) പുറത്ത്‌ പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു.(240)
Surah No:4
An-Nisaa
11 - 12
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(11)നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.(12)
Surah No:5
Al-Maaida
106 - 106
സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക്‌ മരണമാസന്നമായാല്‍ വസ്വിയ്യത്തിന്‍റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി. നിങ്ങള്‍ക്ക്‌ സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന്‌ ശേഷം നിങ്ങള്‍ തടഞ്ഞ്‌ നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: ഇതിന്‌ (ഈ സത്യം മറച്ചു വെക്കുന്നതിന്‌) പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത്‌ അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച്‌ വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും.(106)