പശ്ചാതാപത്തോടൊപ്പം സല്‍പ്രവര്‍ത്തനവും വേണം

[ 13 - Aya Sections Listed ]
Surah No:2
Al-Baqara
160 - 160
എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.(160)
Surah No:4
An-Nisaa
16 - 16
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(16)
Surah No:4
An-Nisaa
146 - 146
എന്നാല്‍ പശ്ചാത്തപിച്ച്‌ മടങ്ങുകയും, നിലപാട്‌ നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.(146)
Surah No:9
At-Tawba
5 - 5
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.(5)
Surah No:9
At-Tawba
11 - 11
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.(11)
Surah No:9
At-Tawba
119 - 119
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക.(119)
Surah No:19
Maryam
60 - 60
എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക്‌ വിധേയരാവുകയില്ല.(60)
Surah No:20
Taa-Haa
82 - 82
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക്‌ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.(82)
Surah No:24
An-Noor
5 - 5
അതിന്‌ ശേഷം പശ്ചാത്തപിക്കുകയും നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു.(5)
Surah No:25
Al-Furqaan
70 - 71
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌ പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.(70)വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌.(71)
Surah No:28
Al-Qasas
67 - 67
എന്നാല്‍ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവനാരോ, അവന്‍ വിജയികളുടെ കൂട്ടത്തിലായേക്കാം.(67)
Surah No:40
Al-Ghaafir
7 - 7
സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക്‌ വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന്‌ കാക്കുകയും ചെയ്യേണമേ.(7)
Surah No:58
Al-Mujaadila
13 - 13
നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.(13)