നൂഹ് നബി

[ 16 - Aya Sections Listed ]
Surah No:7
Al-A'raaf
59 - 59
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക്‌ ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്‌) ഞാന്‍ ഭയപ്പെടുന്നു.(59)
Surah No:10
Yunus
71 - 73
(നബിയേ,) നീ അവര്‍ക്ക്‌ നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേള്‍പിക്കുക. അദ്ദേഹം തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം: എന്‍റെ ജനങ്ങളേ, എന്‍റെ സാന്നിദ്ധ്യവും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്‍റെ ഉല്‍ബോധനവും നിങ്ങള്‍ക്ക്‌ ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക്‌ ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട്‌ എന്‍റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക്‌ നിങ്ങള്‍ ഇടതരികയേ വേണ്ട.(71)ഇനി നിങ്ങള്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എനിക്ക്‌ പ്രതിഫലം തരേണ്ടത്‌ അല്ലാഹു മാത്രമാകുന്നു. (അല്ലാഹുവിന്‌) കീഴ്പെടുന്നവരുടെ കൂട്ടത്തില്‍ ആയിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌ .(72)എന്നിട്ട്‌ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, അവരെ നാം (ഭൂമിയില്‍) പിന്‍ഗാമികളാക്കുകയും ചെയ്തു. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളിയവരെ നാം മുക്കിക്കളഞ്ഞു. അപ്പോള്‍ നോക്കൂ; താക്കീത്‌ നല്‍കപ്പെട്ട ആ വിഭാഗത്തിന്‍റെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌.(73)
Surah No:11
Hud
25 - 49
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ നാം നിയോഗിക്കുകയുണ്ടായി. (അദ്ദേഹം പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ സ്പഷ്ടമായ താക്കീത്‌ നല്‍കുന്നവനാകുന്നു.(25)എന്തെന്നാല്‍ അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.(26)അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന്‌ അവിശ്വസിച്ചവരായ പ്രമാണിമാര്‍ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട്‌ മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിസ്സാരന്‍മാരായിട്ടുള്ളവര്‍ പ്രഥമവീക്ഷണത്തില്‍ (ശരിയായി ചിന്തിക്കാതെ) നിന്നെ പിന്തുടര്‍ന്നതായിട്ട്‌ മാത്രമാണ്‌ ഞങ്ങള്‍ കാണുന്നത്‌. നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാള്‍ യാതൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നുമില്ല. പ്രത്യുത, നിങ്ങള്‍ വ്യാജവാദികളാണെന്ന്‌ ഞങ്ങള്‍ കരുതുന്നു.(27)അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം അവന്‍ എനിക്ക്‌ തന്നിരിക്കുകയും, എന്നിട്ട്‌ നിങ്ങള്‍ക്ക്‌ (അത്‌ കണ്ടറിയാനാവാത്ത വിധം) അന്ധത വരുത്തപ്പെടുകയുമാണ്‌ ഉണ്ടായിട്ടുള്ളതെങ്കില്‍ (ഞാന്‍ എന്ത്‌ ചെയ്യും?) നിങ്ങള്‍ അത്‌ ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേല്‍ നാം അതിന്‌ നിര്‍ബന്ധം ചെലുത്തുകയോ ?(28)എന്‍റെ ജനങ്ങളേ, ഇതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത്‌ മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാന്‍ ആട്ടിയോടിക്കുന്നതല്ല. തീര്‍ച്ചയായും അവര്‍ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ പോകുന്നവരാണ്‌. എന്നാല്‍ ഞാന്‍ നിങ്ങളെ കാണുന്നത്‌ വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌.(29)എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങള്‍ ആലോചിച്ച്‌ നോക്കുന്നില്ലേ?(30)അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരമായി കാണുന്നവരെപറ്റി, അവര്‍ക്ക്‌ അല്ലാഹു യാതൊരു ഗുണവും നല്‍കുന്നതേയല്ല എന്നും ഞാന്‍ പറയുകയില്ല. അല്ലാഹുവാണ്‌ അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവന്‍. അപ്പോള്‍ (അവരെ ദുഷിച്ച്‌ പറയുന്ന പക്ഷം) തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കും.(31)അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട്‌ തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌ (ശിക്ഷ) ഞങ്ങള്‍ക്ക്‌ നീ ഇങ്ങു കൊണ്ട്‌ വരൂ.(32)അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ്‌ നിങ്ങള്‍ക്കത്‌ കൊണ്ട്‌ വരുക; അവന്‍ ഉദ്ദേശിച്ചെങ്കില്‍, നിങ്ങള്‍ക്ക്‌ (അവനെ) തോല്‍പിച്ച്‌ കളയാനാവില്ല.(33)അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന പക്ഷം ഞാന്‍ നിങ്ങള്‍ക്ക്‌ ഉപദേശം നല്‍കാന്‍ ഉദ്ദേശിച്ചാലും എന്‍റെ ഉപദേശം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അവനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ്‌ നിങ്ങള്‍ മടക്കപ്പെടുന്നത്‌.(34)അതല്ല, അദ്ദേഹമത്‌ കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: ഞാനത്‌ കെട്ടിച്ചമച്ചുവെങ്കില്‍ ഞാന്‍ കുറ്റം ചെയ്യുന്നതിന്‍റെ ദോഷം എനിക്കു തന്നെയായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ കാര്യത്തില്‍ ഞാന്‍ നിരപരാധിയുമാണ്‌.(35)നിന്‍റെ ജനതയില്‍ നിന്ന്‌ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത്‌ എന്ന്‌ നൂഹിന്‌ സന്ദേശം നല്‍കപ്പെട്ടു.(36)നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശപ്രകാരവും നീ കപ്പല്‍ നിര്‍മിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട്‌ സംസാരിക്കരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോകുകയാണ്‌.(37)അദ്ദേഹം കപ്പല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിന്‍റെ അടുത്ത്‌ കൂടി കടന്ന്‌ പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പരിഹസിക്കുന്നത്‌ പോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്‌.(38)അപമാനകരമായ ശിക്ഷ ആര്‍ക്കാണ്‌ വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ്‌ വന്നുഭവിക്കുന്നതെന്നും നിങ്ങള്‍ക്ക്‌ വഴിയെ അറിയാം.(39)അങ്ങനെ നമ്മുടെ കല്‍പന വരികയും അടുപ്പ്‌ ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോള്‍ നാം പറഞ്ഞു: എല്ലാ വര്‍ഗത്തില്‍ നിന്നും രണ്ട്‌ ഇണകളെ വീതവും, നിന്‍റെ കുടുംബാംഗങ്ങളെയും അതില്‍ കയറ്റികൊള്ളുക. (അവരുടെ കൂട്ടത്തില്‍ നിന്ന്‌) ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും (കയറ്റികൊള്ളുക.) അദ്ദേഹത്തോടൊപ്പം കുറച്ച്‌ പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.(40)അദ്ദേഹം (അവരോട്‌) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്‍റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്‍റെ പേരിലാകുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.(41)പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്‌ (കപ്പല്‍) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ്‌ തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌(42)അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന്‌ എനിക്ക്‌ രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന്‌ ഇന്ന്‌ രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട്‌ പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.(43)ഭൂമീ! നിന്‍റെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിര്‍ത്തൂ! എന്ന്‌ കല്‍പന നല്‍കപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ്‌ നിറവേറ്റപ്പെടുകയും ചെയ്തു. അത്‌ (കപ്പല്‍) ജൂദി പര്‍വ്വതത്തിന്‌ മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക്‌ നാശം എന്ന്‌ പറയപ്പെടുകയും ചെയ്തു.(44)നൂഹ്‌ തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ മകന്‍ എന്‍റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്‍റെ വാഗ്ദാനം സത്യമാണുതാനും. നീ വിധികര്‍ത്താക്കളില്‍ വെച്ച്‌ ഏറ്റവും നല്ല വിധികര്‍ത്താവുമാണ്‌(45)അവന്‍ (അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്‍റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത്‌ ചെയ്തവനാണ്‌. അതിനാല്‍ നിനക്ക്‌ അറിവില്ലാത്ത കാര്യം എന്നോട്‌ ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന്‌ ഞാന്‍ നിന്നോട്‌ ഉപദേശിക്കുകയാണ്‌.(46)അദ്ദേഹം (നൂഹ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക്‌ അറിവില്ലാത്ത കാര്യം നിന്നോട്‌ ആവശ്യപ്പെടുന്നതില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ ശരണം തേടുന്നു. നീ എനിക്ക്‌ പൊറുത്തുതരികയും, നീ എന്നോട്‌ കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.(47)(അദ്ദേഹത്തോട്‌) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിന്‍റെ കൂടെയുള്ളവരില്‍ നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാല്‍ (വേറെ) ചില സമൂഹങ്ങളുണ്ട്‌. അവര്‍ക്ക്‌ നാം സൌഖ്യം നല്‍കുന്നതാണ്‌. പിന്നീട്‌ നമ്മുടെ പക്കല്‍ നിന്നുള്ള വേദനയേറിയ ശിക്ഷയും അവര്‍ക്ക്‌ ബാധിക്കുന്നതാണ്‌.(48)(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക്‌ നാം അത്‌ സന്ദേശമായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ്‌ അതറിയുമായിരുന്നില്ല. അതുകൊണ്ട്‌ ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും.(49)
Surah No:21
Al-Anbiyaa
76 - 77
നൂഹിനെയും (ഓര്‍ക്കുക). മുമ്പ്‌ അദ്ദേഹം വിളിച്ച്‌ പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന്‌ നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം മഹാ ദുഃഖത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.(76)നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന്‌ അദ്ദേഹത്തിന്‌ നാം രക്ഷനല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു.അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു.(77)
Surah No:23
Al-Muminoon
23 - 30
നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?(23)അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്‍മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന്‌ ഞങ്ങള്‍ കേട്ടിട്ടില്ല.(24)ഇവന്‍ ഭ്രാന്ത്‌ ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്‍റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍.(25)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.(26)അപ്പോള്‍ നാം അദ്ദേഹത്തിന്‌ ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന്‌ ഉറവ്‌ പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട്‌ ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ (ശിക്ഷയുടെ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട്‌ സംസാരിച്ചു പോകരുത്‌. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്‌.(27)അങ്ങനെ നീയും നിന്‍റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമകാരികളില്‍ നിന്ന്‌ ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന്‌ സ്തുതി.(28)എന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക.(29)തീര്‍ച്ചയായും അതില്‍ (പ്രളയത്തില്‍) പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. തീര്‍ച്ചയായും നാം പരീക്ഷണം നടത്തുന്നവന്‍ തന്നെയാകുന്നു.(30)
Surah No:26
Ash-Shu'araa
105 - 122
നൂഹിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി(105)അവരുടെ സഹോദരന്‍ നൂഹ്‌ അവരോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?(106)തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു(107)അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍(108)ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട്‌ ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു(109)അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക(110)അവര്‍ പറഞ്ഞു; നിന്നെ പിന്തുടര്‍ന്നിട്ടുള്ളത്‌ ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയോ?(111)അദ്ദേഹം പറഞ്ഞു: അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക്‌ എന്തറിയാം?(112)അവരെ വിചാരണ നടത്തുക എന്നത്‌ എന്‍റെ രക്ഷിതാവിന്‍റെ ബാധ്യത മാത്രമാകുന്നു നിങ്ങള്‍ ബോധമുള്ളവരായെങ്കില്‍ !(113)സത്യവിശ്വാസികളെ ഞാന്‍ ഒരിക്കലും ആട്ടിക്കളയുന്നതല്ല(114)ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു(115)അവര്‍ പറഞ്ഞു: നൂഹേ, നീ (ഇതില്‍നിന്നു) വിരമിക്കുന്നില്ലെങ്കില്‍തീര്‍ച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും(116)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു(117)അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ ‍നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എന്‍റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ(118)അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലില്‍ ‍നാം രക്ഷപ്പെടുത്തി(119)പിന്നെ ബാക്കിയുള്ളവരെ അതിന്‌ ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു(120)തീര്‍ച്ചയായും അതില്‍ ‍(മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍അധികപേരും വിശ്വസിക്കുന്നവരായില്ല(121)തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും(122)
Surah No:29
Al-Ankaboot
14 - 15
നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി. അമ്പതുകൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അങ്ങനെ അവര്‍ അക്രമികളായിരിക്കെ പ്രളയം അവരെ പിടികൂടി.(14)എന്നിട്ട്‌ നാം അദ്ദേഹത്തെയും കപ്പലിലുള്ളവരെയും രക്ഷപ്പെടുത്തുകയും അതിനെ ലോകര്‍ക്ക്‌ ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.(15)
Surah No:37
As-Saaffaat
75 - 76
നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!(75)അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.(76)
Surah No:37
As-Saaffaat
81 - 81
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.(81)
Surah No:54
Al-Qamar
9 - 16
അവര്‍ക്ക്‌ മുമ്പ്‌ നൂഹിന്‍റെ ജനതയും നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച്‌ തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.(9)അപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്‍റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.(10)അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട്‌ ആകാശത്തിന്‍റെ കവാടങ്ങള്‍ നാം തുറന്നു.(11)ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു.(12)പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.(13)നമ്മുടെ മേല്‍നോട്ടത്തില്‍ അത്‌ സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു (ദൈവദൂതന്ന്‌) ഉള്ള പ്രതിഫലമത്രെ അത്‌.(14)തീര്‍ച്ചയായും അതിനെ(പ്രളയത്തെ)നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?(15)അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു.(എന്നു നോക്കുക)(16)
Surah No:66
At-Tahrim
10 - 10
സത്യനിഷേധികള്‍ക്ക്‌ ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട്‌ ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട്‌ അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക്‌ ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന്‌ പറയപ്പെടുകയും ചെയ്തു.(10)
Surah No:71
Nooh
5 - 14
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു.(5)എന്നിട്ട്‌ എന്‍റെ വിളി അവരുടെ ഓടിപ്പോക്ക്‌ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു.(6)തീര്‍ച്ചയായും, നീ അവര്‍ക്ക്‌ പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ്‌ ചെയ്തത്‌.(7)പിന്നീട്‌ അവരെ ഞാന്‍ ഉറക്കെ വിളിച്ചു.(8)പിന്നീട്‌ ഞാന്‍ അവരോട്‌ പരസ്യമായും വളരെ രഹസ്യമായും പ്രബോധനം നടത്തി.(9)അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.(10)അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചുതരും.(11)സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.(12)നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്‌ ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.(13)നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.(14)
Surah No:71
Nooh
23 - 23
അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ്‌ എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌.(23)
Surah No:71
Nooh
26 - 28
നൂഹ്‌ പറഞ്ഞു.: എന്‍റെ രക്ഷിതാവേ, ഭൂമുഖത്ത്‌ സത്യനിഷേധികളില്‍ പെട്ട ഒരു പൌരനെയും നീ വിട്ടേക്കരുതേ.(26)തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്‍റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.(27)എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട്‌ പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക്‌ നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.(28)
Surah No:4
An-Nisaa
163 - 163
(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത്‌ പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌. യഅ്ഖൂബ്‌ സന്തതികള്‍, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന്‌ നാം സബൂര്‍ (സങ്കീര്‍ത്തനം) നല്‍കി.(163)
Surah No:25
Al-Furqaan
37 - 37
നൂഹിന്‍റെ ജനതയേയും (നാം നശിപ്പിച്ചു.) അവര്‍ ദൂതന്‍മാരെ നിഷേധിച്ചു കളഞ്ഞപ്പോള്‍ നാം അവരെ മുക്കി നശിപ്പിച്ചു. അവരെ നാം മനുഷ്യര്‍ക്ക്‌ ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. അക്രമികള്‍ക്ക്‌ (പരലോകത്ത്‌) വേദനയേറിയ ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.(37)