ഐഹികജീവിതം , ഹദീസുകള്‍

8) അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ കൂടുതല്‍ വയലുകള്‍ സംഭരിച്ചുവെക്കരുത്. അങ്ങനെ വരുമ്പോള്‍ ഐഹികജീവിതം കൊണ്ടുമാത്രം നിങ്ങള്‍ സംതൃപ്തരാകും (മുസ്ലിം)
 
102) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്. (ബുഖാരി. 1. 3. 115)
 
6) അനസ്(റ) നിവേദനം: "അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രാവിലെയോ വൈകുന്നേരമോ പുറപ്പെടല്‍ ഇഹലോകത്തേക്കാളും അതിലുള്ള സകലവസ്തുക്കളേക്കാളും പുണ്യമുള്ളതാണ്''. എന്ന് നബി(സ) അരുളി. (ബുഖാരി. 4. 52. 50)
 
4) അബ്ദുല്ലാഹിബിന്‍ അംറിബിന്‍ ആസി(റ)യില്‍ നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളില്‍ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)
 
1) മുസ്തൌരിദി(റ) വില്‍ നിന്ന് നിവേദനം: പരലോകത്തെ അപേക്ഷിച്ച് ഇഹലോകത്തെ അവസ്ഥ നിങ്ങളൊരാള്‍ സ്വന്തം വിരല്‍ സമുദ്രത്തില്‍ മുക്കിയെടുത്തതു പോലെയാണ്. (അതില്‍ നിന്ന്) അവന്‍ എന്തുമായി മടങ്ങിയെന്ന് അവന്‍ നോക്കട്ടെ. (മുസ്ലിം)
 
3) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഇഹലോകം സത്യവിശ്വാസിയുടെ ബന്ധനാലയവും സത്യനിഷേധിയുടെ സ്വര്‍ഗ്ഗാരാമവുമാണ്. (മുസ്ലിം) (സത്യവിശ്വാസിക്കു ഇഹലോകത്ത് അനവധിയനവധി നിയന്ത്രണങ്ങളുണ്ട്. നിഷേധികള്‍ക്ക് ഇവിടെ സര്‍വ്വസ്വാതന്ത്യ്രങ്ങളും നിലനില്‍ക്കുന്നു)
 
162) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സുബ്ഹിന്റെ രണ്ടു റക്അത്ത് ഇഹലോകത്തേക്കാളും അതിലുള്ളതിനെക്കാളും ഗുണകരമായതാണ്. (മുസ്ലിം)
 
10) തിരുമേനി(സ) അരുളിയതായി അബൂസഈദില്‍ നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന്‍ വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)
 
17) അനസ്(റ) വില്‍ നിന്ന് നിവേദനം: ഇസ്ളാമിന്റെ പേരില്‍ റസൂല്‍(സ) യോട് വല്ലതും ചോദിക്കപ്പെട്ടാല്‍ അവിടുന്ന് അത് കൊടുക്കാതിരിക്കയില്ല. ഒരവസരത്തില്‍ ഒരാള്‍ നബി(സ) യുടെ അടുത്തുവന്നപ്പോള്‍ രണ്ടുപര്‍വ്വതത്തിനിടയിലുള്ളത്രയും ആടുകളെ അയാള്‍ക്ക് സമ്മാനിച്ചു. അയാള്‍ കുടുംബത്തില്‍ മടങ്ങിച്ചെന്നുകൊണ്ട് പറഞ്ഞു: ഹേ ജനങ്ങളെ ! നിങ്ങള്‍ മുസ്ളീം കളായിക്കൊള്ളുക. നിശ്ചയം, മുഹമ്മദ്(സ) ദാരിദ്യ്രം ഭയപ്പെടാത്തവനെപ്പോലെ ധര്‍മ്മം ചെയ്യുന്നു. ചിലയാളുകള്‍ ഐഹിക നേട്ടം മാത്രം ഉദ്ദേശിച്ചുകൊണ്ട് മുസ്ളീമാകും. എന്നിട്ടോ? താമസംവിനാ ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഇസ്ളാം അവനുകൂടുതല്‍ പ്രിയങ്കരമായിത്തീരും. (മുസ്ലിം)
 
6) സഹ്ല്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) അരുളി: ഇഹലോകം അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിന്റെയത്രയും വിലയുള്ളതായിരുന്നെങ്കില്‍ ധിക്കാരികള്‍ക്ക് അതില്‍ നിന്ന് ഒരു മുറുക്ക് വെള്ളം കൂടി കുടിപ്പിക്കുകയില്ലായിരുന്നു. (തിര്‍മിദി) (അത്രയും നിസ്സാരമായതുകൊണ്ടാണ് ധിക്കാരികള്‍ക്ക് അല്ലാഹു അത് പ്രദാനം ചെയ്യുന്നത്)
 
7) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ അറിയണം - നിശ്ചയം, ഇഹലോകം ശപിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ സ്മരണയും അതിനോടനുബന്ധിച്ചതും പണ്ഡിതനും വിദ്യാര്‍ത്ഥിയും ഒഴിച്ച് അതിലുള്ളതെല്ലാം ശപിക്കപ്പെട്ടതാണ്. (തിര്‍മിദി) (സത്യവിശ്വാസിയുടെ ജീവിതലക്ഷ്യം പാരത്രികമോക്ഷമാണ്. അതിനു സഹായകമല്ലാത്ത ഐഹികനേട്ടങ്ങളൊക്കെ അവനെ നരകത്തിലേക്കു നയിക്കും)