ഐഹികജീവിതം

[ 9 - Aya Sections Listed ]
Surah No:10
Yunus
24 - 24
നാം ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിയിട്ട്‌ അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്‍റെ അലങ്കാരമണിയുകയും, അത്‌ അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമാറായെന്ന്‌ അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന്‌ വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്‍റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.(24)
Surah No:17
Al-Israa
18 - 18
ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ ഇവിടെ വെച്ച്‌ തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്ന്‌ നല്‍കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌.(18)
Surah No:18
Al-Kahf
45 - 46
(നബിയേ,) നീ അവര്‍ക്ക്‌ ഐഹികജീവിതത്തിന്‍റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്ന്‌ വളര്‍ന്നു. താമസിയാതെ അത്‌ കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. (അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.(45)സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.(46)
Surah No:20
Taa-Haa
131 - 131
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക്‌ നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക്‌ നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ്‌ നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും.(131)
Surah No:21
Al-Anbiyaa
2 - 3
അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക്‌ വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട്‌ മാത്രമേ അവരത്‌ കേള്‍ക്കുകയുള്ളൂ.(2)ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട്‌ (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു; നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്‌? എന്നിട്ട്‌ നിങ്ങള്‍ കണ്ടറിഞ്ഞ്‌ കൊണ്ട്‌ തന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക്‌ ചെല്ലുകയാണോ?(3)
Surah No:34
Saba
35 - 38
അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല.(35)നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌) അത്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.(36)നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക്‌ സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത്‌ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക്‌ തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്‌. അവര്‍ ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്‌.(37)(നമ്മെ) തോല്‍പിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുവാന്‍ ശ്രമിക്കുന്നവരാരോ അവര്‍ ശിക്ഷയില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു.(38)
Surah No:47
Muhammad
36 - 36
ഐഹികജീവിതം കളിയും വിനോദവും മാത്രമാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ക്കുള്ള പ്രതിഫലം അവന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. നിങ്ങളോട്‌ നിങ്ങളുടെ സ്വത്തുക്കള്‍ അവന്‍ ചോദിക്കുകയുമില്ല.(36)
Surah No:53
An-Najm
29 - 29
ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന്‌ നീ തിരിഞ്ഞുകളയുക.(29)
Surah No:57
Al-Hadid
20 - 20
നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന്‌ ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത്‌ (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.(20)