ധീരതയ്ക്ക് മാതൃക

[ 8 - Aya Sections Listed ]
Surah No:2
Al-Baqara
249 - 250
അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത്‌ പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. അപ്പോള്‍ ആര്‍ അതില്‍ നിന്ന്‌ കുടിച്ചുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച്‌ നോക്കാതിരുന്നുവോ അവന്‍ എന്റെകൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തന്റെകൈകൊണ്ട്‌ ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന്‌ ഒഴിവാണ്‌. അവരില്‍ നിന്ന്‌ ചുരുക്കം പേരൊഴികെ അതില്‍ നിന്ന്‌ കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്‌) നെയും അവന്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ്‌ ഇന്ന്‌ നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ്‌ എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ്‌ അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.(249)അങ്ങനെ അവര്‍ ജാലൂതിനും സൈന്യങ്ങള്‍ക്കുമെതിരെ പോരിനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.(250)
Surah No:2
Al-Baqara
258 - 258
ഇബ്രാഹീമിനോട്‌ അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന്‌ ആധിപത്യം നല്‍കിയതിനാലാണ്‌ (അവനതിന്‌ മുതിര്‍ന്നത്‌.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന്‌ ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്രാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന്‌ കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌ നിന്ന്‌ കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(258)
Surah No:3
Aal-i-Imraan
52 - 52
എന്നിട്ട്‌ ഈസായ്ക്ക്‌ അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക്‌ എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ്‌ എന്നതിന്‌ താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.(52)
Surah No:3
Aal-i-Imraan
173 - 173
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട്‌ പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത്‌ അവനത്രെ.(173)
Surah No:7
Al-A'raaf
118 - 122
അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.(118)അങ്ങനെ അവിടെ വെച്ച്‌ അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു.(119)അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.(120)അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.(121)മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.(122)
Surah No:12
Yusuf
33 - 33
അവന്‍ (യൂസുഫ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക്‌ കൂടുതല്‍ പ്രിയപ്പെട്ടത്‌ ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട്‌ നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക്‌ ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും.(33)
Surah No:18
Al-Kahf
14 - 14
ഞങ്ങളുടെ രക്ഷിതാവ്‌ ആകാശഭൂമികളുടെ രക്ഷിതാവ്‌ ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക്‌ പറഞ്ഞവരായി പോകും. എന്ന്‌ അവര്‍ എഴുന്നേറ്റ്‌ നിന്ന്‌ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ്‌ നല്‍കുകയും ചെയ്തു.(14)
Surah No:26
Ash-Shu'araa
62 - 62
അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്‌ അവന്‍ എനിക്ക്‌ വഴി കാണിച്ചുതരും(62)