ധര്‍മ്മയുദ്ധത്തില്‍ നിന്ന് പിന്മാറുന്നവര്‍ കപടന്മാര്‍

[ 4 - Aya Sections Listed ]
Surah No:3
Aal-i-Imraan
156 - 156
സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്‌. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട്‌ മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത്‌ അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.(156)
Surah No:3
Aal-i-Imraan
167 - 168
നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത്‌ നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന്‌ കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന്‌ പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന്‌ സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട്‌ അവര്‍ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.(167)(യുദ്ധത്തിന്‌ പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന്‌ പോയ) സഹോദരങ്ങളെപ്പറ്റി, ഞങ്ങളുടെ വാക്ക്‌ സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല എന്ന്‌ പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന്‌ നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.(168)
Surah No:4
An-Nisaa
77 - 77
(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത്‌ നല്‍കുകയും ചെയ്യുവിന്‍ എന്ന്‌ നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക്‌ യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ്‌ ഞങ്ങള്‍ക്ക്‌ യുദ്ധം നിര്‍ബന്ധമാക്കിയത്‌? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക്‌ സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ്‌ അവര്‍ പറഞ്ഞത്‌. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്‌. പരലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ഗുണകരം. നിങ്ങളോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.(77)
Surah No:47
Muhammad
4 - 4
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.(4)