വെള്ളം ജീവന്റെ ഉദ്ഭവം

[ 13 - Aya Sections Listed ]
Surah No:2
Al-Baqara
22 - 22
നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌.(22)
Surah No:6
Al-An'aam
99 - 99
അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട്‌ അത്‌ മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത്‌ കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട്‌ വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന്‌ നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത്‌ വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന്‌ അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന്‌ തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത്‌ വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച്‌ വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌.(99)
Surah No:7
Al-A'raaf
57 - 57
അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന്‌ (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.(57)
Surah No:14
Ibrahim
32 - 32
അല്ലാഹുവത്രെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, എന്നിട്ട്‌ അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തത്‌. അവന്‍റെ കല്‍പന(നിയമ) പ്രകാരം കടലിലൂടെ, സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്കു കപ്പലുകള്‍ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു.(32)
Surah No:16
An-Nahl
65 - 65
അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(65)
Surah No:20
Taa-Haa
53 - 53
നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.(53)
Surah No:21
Al-Anbiyaa
30 - 30
ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?(30)
Surah No:22
Al-Hajj
5 - 5
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച്‌ നോക്കുക:) തീര്‍ച്ചയായും നാമാണ്‌ നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട്‌ ബീജത്തില്‍ നിന്നും, പിന്നീട്‌ ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു.(5)
Surah No:24
An-Noor
45 - 45
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.(45)
Surah No:25
Al-Furqaan
54 - 54
അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.(54)
Surah No:29
Al-Ankaboot
63 - 63
ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല.(63)
Surah No:30
Ar-Room
24 - 24
ഭയവും ആശയും ഉളവാക്കിക്കൊണ്ട്‌ നിങ്ങള്‍ക്ക്‌ മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും അത്‌ മൂലം ഭൂമിക്ക്‌ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(24)
Surah No:35
Faatir
27 - 27
നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌.(27)