വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തുക

[ 13 - Aya Sections Listed ]
Surah No:5
Al-Maaida
58 - 61
നിങ്ങള്‍ നമസ്കാരത്തിന്നായി വിളിച്ചാല്‍, അവരതിനെ ഒരു തമാശയും വിനോദവിഷയവുമാക്കിത്തീര്‍ക്കുന്നു. അവര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ഒരു ജനവിഭാഗമായത്‌ കൊണ്ടത്രെ അത്‌.(58)(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിലും (അവങ്കല്‍ നിന്ന്‌) ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നത്‌ കൊണ്ടും, നിങ്ങളില്‍ അധികപേരും ധിക്കാരികളാണ്‌ എന്നത്‌ കൊണ്ടും മാത്രമല്ലേ നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നത്‌?(59)പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത്‌ വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ ഏറെ പിഴച്ച്‌ പോയവരും.(60)നിങ്ങളുടെ അടുത്ത്‌ വരുമ്പോള്‍ അവര്‍ പറയും, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. വാസ്തവത്തില്‍ അവര്‍ അവിശ്വാസത്തോടെയാണ്‌ കടന്നുവന്നിട്ടുള്ളത്‌. അവിശ്വാസത്തോട്‌ കൂടിത്തന്നെയാണ്‌ അവര്‍ പുറത്ത്‌ പോയിട്ടുള്ളതും. അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.(61)
Surah No:5
Al-Maaida
105 - 105
സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ കൊള്ളുക. നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.(105)
Surah No:8
Al-Anfaal
60 - 65
അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്‍റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക്‌ പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്‍റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.(60)ഇനി, അവര്‍ സമാധാനത്തിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക്‌ ചായ്‌വ്‌ കാണിക്കുകയും, അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.(61)ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക്‌ അല്ലാഹു മതി. അവനാണ്‌ അവന്‍റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക്‌ പിന്‍ബലം നല്‍കിയവന്‍.(62)അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത്‌ മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക്‌ സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു.(63)എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.(64)നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാല്‍ ഇരുനൂറ്‌ പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌.(65)
Surah No:18
Al-Kahf
28 - 29
തങ്ങളുടെ രക്ഷിതാവിന്‍റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.(28)പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.(29)
Surah No:22
Al-Hajj
40 - 40
യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.(40)
Surah No:25
Al-Furqaan
52 - 52
അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്‌. ഇത്‌ (ഖുര്‍ആന്‍) കൊണ്ട്‌ നീ അവരോട്‌ വലിയൊരു സമരം നടത്തിക്കൊള്ളുക.(52)
Surah No:29
Al-Ankaboot
10 - 10
ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. എന്ന്‌ പറയുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ മര്‍ദ്ദനത്തെ അല്ലാഹുവിന്‍റെ ശിക്ഷയെപ്പോലെ അവര്‍ ഗണിക്കുന്നു. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല സഹായവും വന്നാല്‍ (സത്യവിശ്വാസികളോട്‌) അവര്‍ പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു. ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?(10)
Surah No:49
Al-Hujuraat
6 - 12
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(6)അല്ലാഹുവിന്‍റെ റസൂലാണ്‌ നിങ്ങള്‍ക്കിടയിലുള്ളതെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച്‌ പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക്‌ സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത്‌ അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.(7)അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്‌. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.(8)സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട്‌ അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക്‌ മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(9)സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.(10)സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക്‌ പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച്‌ പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര്‌ (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.(11)സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത്‌ (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.(12)
Surah No:57
Al-Hadid
16 - 16
വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.(16)
Surah No:58
Al-Mujaadila
22 - 22
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.(22)
Surah No:60
Al-Mumtahana
13 - 13
സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചിട്ടുള്ള ഒരു ജനതയോട്‌ നിങ്ങള്‍ മൈത്രിയില്‍ ഏര്‍പെടരുത്‌. ഖബ്‌റുകളിലുള്ളവരെ സംബന്ധിച്ച്‌ അവിശ്വാസികള്‍ നിരാശപ്പെട്ടത്‌ പോലെ പരലോകത്തെപ്പറ്റി അവര്‍ നിരാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു.(13)
Surah No:66
At-Tahrim
9 - 9
ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത!(9)
Surah No:109
Al-Kaafiroon
1 - 6
(നബിയേ,) പറയുക: അവിശ്വാസികളേ,(1)നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.(2)ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.(3)നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.(4)ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.(5)നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.(6)