വിശ്വാസികളുടെ സ്വഭാവങ്ങള്‍

[ 24 - Aya Sections Listed ]
Surah No:2
Al-Baqara
285 - 285
തന്റെ രക്ഷിതാവിങ്കല്‍ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ്‌ അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.(285)
Surah No:4
An-Nisaa
135 - 136
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത്‌ നിങ്ങള്‍ക്ക്‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ്‌ മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.(135)സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന്‌ അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ്‌ അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.(136)
Surah No:8
Al-Anfaal
2 - 4
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച്‌ നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്‌ സത്യവിശ്വാസികള്‍.(2)നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുകയും ചെയ്യുന്നവര്‍.(3)അവര്‍ തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്‌. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌.(4)
Surah No:13
Ar-Ra'd
20 - 23
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാര്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.(20)കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്‍പിച്ചത്‌ (ബന്ധങ്ങള്‍) കൂട്ടിയിണക്കുകയും, തങ്ങളുടെ രക്ഷിതാവിനെ പേടിക്കുകയും കടുത്ത വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവര്‍.(21)തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച്‌ കൊണ്ട്‌ ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്‍മ കൊണ്ട്‌ തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക്‌ അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം.(22)അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട്‌ പറയും:(23)
Surah No:13
Ar-Ra'd
28 - 29
അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.(28)വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ മംഗളം! മടങ്ങിച്ചെല്ലാനുള്ള നല്ല സങ്കേതവും (അവര്‍ക്കു തന്നെ.)(29)
Surah No:18
Al-Kahf
14 - 14
ഞങ്ങളുടെ രക്ഷിതാവ്‌ ആകാശഭൂമികളുടെ രക്ഷിതാവ്‌ ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക്‌ പറഞ്ഞവരായി പോകും. എന്ന്‌ അവര്‍ എഴുന്നേറ്റ്‌ നിന്ന്‌ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ്‌ നല്‍കുകയും ചെയ്തു.(14)
Surah No:18
Al-Kahf
16 - 16
(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച്‌ കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക്‌ നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച്‌ കൊള്ളുക. നിങ്ങളുടെ രക്ഷിതാവ്‌ അവന്‍റെ കാരുണ്യത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌.(16)
Surah No:22
Al-Hajj
35 - 35
അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവ്‌ ചെയ്യുന്നവരുമത്രെ അവര്‍.(35)
Surah No:22
Al-Hajj
41 - 41
ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു.(41)
Surah No:23
Al-Muminoon
1 - 11
സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു.(1)തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,(2)അനാവശ്യകാര്യത്തില്‍ നിന്ന്‌ തിരിഞ്ഞുകളയുന്നവരുമായ,(3)സകാത്ത്‌ നിര്‍വഹിക്കുന്നവരുമായ.(4)തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍.(5)തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.(6)എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അതിക്രമകാരികള്‍.(7)തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും,(8)തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍.)(9)അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍.(10)അതായത്‌ ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.(11)
Surah No:24
An-Noor
30 - 31
(നബിയേ,) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.(30)സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(31)
Surah No:24
An-Noor
51 - 51
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ്‌ വിജയികള്‍.(51)
Surah No:24
An-Noor
62 - 62
അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട്‌ അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട്‌ അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന്‌ വേണ്ടി (പിരിഞ്ഞ്‌ പോകാന്‍) അവര്‍ നിന്നോട്‌ അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ അനുവാദം നല്‍കുകയും, അവര്‍ക്ക്‌ വേണ്ടി നീ അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(62)
Surah No:25
Al-Furqaan
63 - 75
പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.(63)തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍.(64)ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.(65)തീര്‍ച്ചയായും അത്‌ (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു.(66)ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.(67)അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.(68)ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട്‌ അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.(69)പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌ പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.(70)വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌.(71)വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവര്‍.(72)തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട്‌ അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍(73)ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക്‌ നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവര്‍.(74)അത്തരക്കാര്‍ക്ക്‌ തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ (സ്വര്‍ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌.(75)
Surah No:31
Luqman
17 - 19
എന്‍റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നിനക്ക്‌ ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്‌.(17)നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക്‌ നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.(18)നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത്‌ കഴുതയുടെ ശബ്ദമത്രെ.(19)
Surah No:32
As-Sajda
15 - 16
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട്‌ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല.(15)ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട്‌ അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. അവര്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ അവര്‍ ചെലവഴിക്കുകയും ചെയ്യും.(16)
Surah No:33
Al-Ahzaab
35 - 35
(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.(35)
Surah No:42
Ash-Shura
37 - 39
മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്‌.(37)തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത്‌ അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.(38)തങ്ങള്‍ക്ക്‌ വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.(39)
Surah No:46
Al-Ahqaf
13 - 14
ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുകയും പിന്നീട്‌ ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(13)അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌.(14)
Surah No:48
Al-Fath
29 - 29
മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌ അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്‌ കാണാം. സുജൂദിന്‍റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ്‌ തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത്‌ അതിന്‍റെ കൂമ്പ്‌ പുറത്ത്‌ കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൌതുകം തോന്നിച്ചു കൊണ്ട്‌ അതിന്‍റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌ വരുന്നത്‌) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.(29)
Surah No:49
Al-Hujuraat
15 - 15
അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട്‌ സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.(15)
Surah No:51
Adh-Dhaariyat
15 - 23
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.(15)അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ നല്‍കിയത്‌ ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ്‌ സദ്‌വൃത്തരായിരുന്നു.(16)രാത്രിയില്‍ നിന്ന്‌ അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.(17)രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.(18)അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.(19)ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(20)നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.)എന്നിട്ട്‌ നിങ്ങള്‍ കണ്ടറിയുന്നില്ലെ?(21)ആകാശത്ത്‌ നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്‌.(22)എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത്‌ സത്യമാകുന്നു.(23)
Surah No:70
Al-Ma'aarij
22 - 35
നമസ്കരിക്കുന്നവരൊഴികെ -(22)അതായത്‌ തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍(23)തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,(24)ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും(25)പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,(26)തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.(27)തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.(28)തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)(29)തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.(30)എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.(31)തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,(32)തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,(33)തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).(34)അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.(35)
Surah No:76
Al-Insaan
5 - 10
തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന്‌ കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും.(5)അല്ലാഹുവിന്‍റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത്‌ പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.(6)നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന്‌ പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.(7)ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും.(8)(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.(9)മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.(10)