വഞ്ചിതര്‍

[ 8 - Aya Sections Listed ]
Surah No:82
Al-Infitaar
6 - 8
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?(6)നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.(7)താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.(8)
Surah No:2
Al-Baqara
212 - 212
സത്യനിഷേധികള്‍ക്ക്‌ ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരെക്കാള്‍ ഉന്നതന്‍മാര്‍. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ തന്നെ കൊടുക്കുന്നതാണ്‌.(212)
Surah No:11
Hud
15 - 15
ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ്‌ ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച്‌ അവര്‍ക്ക്‌ നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.(15)
Surah No:14
Ibrahim
42 - 42
അക്രമികള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന്‌ നീ വിചാരിച്ച്‌ പോകരുത്‌. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.(42)
Surah No:35
Faatir
5 - 6
മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച്‌ കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.(5)തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത്‌ അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌.(6)
Surah No:35
Faatir
8 - 8
എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത്‌ നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.(8)
Surah No:63
Al-Munaafiqoon
9 - 9
സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍ നിന്ന്‌ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ അവര്‍ തന്നെയാണ്‌ നഷ്ടക്കാര്‍.(9)
Surah No:65
At-Talaaq
8 - 11
എത്രയെത്ര രാജ്യക്കാര്‍ അവരുടെ രക്ഷിതാവിന്‍റെയും അവന്‍റെ ദൂതന്‍മാരുടെയും കല്‍പന വിട്ട്‌ ധിക്കാരം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതിനാല്‍ നാം അവരോട്‌ കര്‍ക്കശമായ നിലയില്‍ കണക്കു ചോദിക്കുകയും അവരെ നാം ഹീനമായ വിധത്തില്‍ ശിക്ഷിക്കുകയും ചെയ്തു.(8)അങ്ങനെ അവര്‍ അവരുടെ നിലപാടിന്‍റെ ദുഷ്ഫലം ആസ്വദിച്ചു. അവരുടെ നിലപാടിന്‍റെ പര്യവസാനം നഷ്ടം തന്നെയായിരുന്നു.(9)അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. അതിനാല്‍ സത്യവിശ്വാസികളായ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക്‌ ഒരു ഉല്‍ബോധകനെ(10)അഥവാ അല്ലാഹുവിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്‌ ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന്‌ പ്രകാശത്തിലേക്ക്‌ ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന്‌ അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു.(11)