ഉഹ്ദിലെ പാഠം

[ 2 - Aya Sections Listed ]
Surah No:3
Aal-i-Imraan
121 - 128
(നബിയേ,) സത്യവിശ്വാസികള്‍ക്ക്‌ യുദ്ധത്തിനുള്ള താവളങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന്‌ കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(121)നിങ്ങളില്‍ പെട്ട രണ്ട്‌ വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) എന്നാല്‍ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിന്‍റെയും രക്ഷാധികാരി. അല്ലാഹുവിന്‍റെ മേലാണ്‌ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.(122)നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച്‌ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.(123)(നബിയേ,) നിങ്ങളുടെ രക്ഷിതാവ്‌ മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട്‌ നിങ്ങളെ സഹായിക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ മതിയാവുകയില്ലേ എന്ന്‌ നീ സത്യവിശ്വാസികളോട്‌ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.)(124)(പിന്നീട്‌ അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ്‌ പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്‌.(125)നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ്‌ അല്ലാഹു പിന്‍ബലം നല്‍കിയത്‌. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു.(126)സത്യനിഷേധികളില്‍ നിന്ന്‌ ഒരു ഭാഗത്തെ ഉന്‍മൂലനം ചെയ്യുകയോ, അല്ലെങ്കില്‍ അവരെ കീഴൊതുക്കിയിട്ട്‌ അവര്‍ നിരാശരായി പിന്തിരിഞ്ഞോടുകയോ ചെയ്യാന്‍ വേണ്ടിയത്രെ അത്‌.(127)(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.(128)
Surah No:3
Aal-i-Imraan
152 - 171
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്‌. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക്‌ കാണിച്ചുതന്നതിന്‌ ശേഷം നിങ്ങള്‍ അനുസരണക്കേട്‌ കാണിക്കുകയും ചെയ്തപ്പോഴാണ്‌ (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്‌.) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്‌. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്‌. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന്‌ നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക്‌ മാപ്പ്‌ തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു.(152)ആരെയും തിരിഞ്ഞ്‌ നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന്‌ നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്‍റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്‍റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.(153)പിന്നീട്‌ ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവര്‍ ധരിച്ചിരുന്നത്‌ സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക്‌ വല്ല സ്വാധീനവുമുണ്ടോ? (നബിയേ,) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക്‌ വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച്‌ കൊല്ലപ്പെടുമായിരുന്നില്ല. (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക്‌ (സ്വയം) പുറപ്പെട്ട്‌ വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു.(154)രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച്‌ വഴിതെറ്റിക്കുകയാണുണ്ടായത്‌. അല്ലാഹു അവര്‍ക്ക്‌ മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.(155)സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്‌. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട്‌ മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത്‌ അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.(156)നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ്‌ അവര്‍ ശേഖരിച്ച്‌ വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്‌.(157)നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.(158)(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പുകൊടുക്കുകയും, അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌.(159)നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ്‌ നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.(160)ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത്‌ ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്‌. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട്‌ ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.(161)അല്ലാഹുവിന്‍റെ പ്രീതിയെ പിന്തുടര്‍ന്ന ഒരുവന്‍ അല്ലാഹുവിന്‍റെ കോപത്തിന്‌ പാത്രമായ ഒരുവനെപ്പോലെയാണോ? അവന്‍റെ വാസസ്ഥലം നരകമത്രെ. അത്‌ എത്ര ചീത്ത സങ്കേതം.(162)അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ പല പദവികളിലാകുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.(163)തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന്‌ തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ്‌ അവര്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ്‌ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.(164)നിങ്ങള്‍ക്ക്‌ ഒരു വിപത്ത്‌ നേരിട്ടു. അതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക്‌ വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ്‌ സംഭവിച്ചത്‌ എന്ന്‌? (നബിയേ,) പറയുക: അത്‌ നിങ്ങളുടെ പക്കല്‍ നിന്ന്‌ തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.(165)രണ്ട്‌ സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക്‌ ബാധിച്ച വിപത്ത്‌ അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന്‌ അവന്‌ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌.(166)നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത്‌ നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന്‌ കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന്‌ പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന്‌ സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട്‌ അവര്‍ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.(167)(യുദ്ധത്തിന്‌ പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന്‌ പോയ) സഹോദരങ്ങളെപ്പറ്റി, ഞങ്ങളുടെ വാക്ക്‌ സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല എന്ന്‌ പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന്‌ നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.(168)അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.(169)അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്കു നല്‍കിയതുകൊണ്ട്‌ അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്‌) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത്‌ അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു.(170)അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട്‌ അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു.)(171)