ആരാധ്യന്മാര്‍

[ 8 - Aya Sections Listed ]
Surah No:7
Al-A'raaf
194 - 198
തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.(194)അവര്‍ക്ക്‌ നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക്‌ പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക്‌ കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക്‌ കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട്‌ എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച്‌ കൊള്ളുക. എനിക്ക്‌ നിങ്ങള്‍ ഇടതരേണ്ടതില്ല.(195)തീര്‍ച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എന്‍റെ രക്ഷാധികാരി. അവനാണ്‌ സജ്ജനങ്ങളുടെ സംരക്ഷണമേല്‍ക്കുന്നത്‌.(196)അവന്ന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക്‌ തന്നെയും അവര്‍ സഹായം ചെയ്യുകയില്ല.(197)നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക്‌ ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക്‌ കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും.(198)
Surah No:16
An-Nahl
20 - 20
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20)
Surah No:17
Al-Israa
57 - 57
അവര്‍ വിളിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട്‌ ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.(57)
Surah No:22
Al-Hajj
13 - 13
ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത്‌ നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍!(13)
Surah No:22
Al-Hajj
73 - 73
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.(73)
Surah No:35
Faatir
13 - 14
രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.(13)നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല.(14)
Surah No:35
Faatir
40 - 40
നീ പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക്‌ വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക്‌ വല്ല ഗ്രന്ഥവും നല്‍കിയിട്ട്‌ അതില്‍ നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്‌? അല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത്‌ വഞ്ചന മാത്രമാകുന്നു.(40)
Surah No:46
Al-Ahqaf
4 - 5
(നബിയേ,) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ്‌ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന്‌ മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക്‌ കൊണ്ടു വന്നു തരൂ.(4)അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.(5)