സ്വാലിഹ് നബി

[ 8 - Aya Sections Listed ]
Surah No:7
Al-A'raaf
73 - 73
ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ്‌ നിങ്ങള്‍ക്കു വന്നിട്ടുണ്ട്‌. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട്‌ അല്ലാഹുവിന്‍റെ ഒട്ടകമാണിത്‌. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ഉപദ്രവവും ചെയ്യരുത്‌. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.(73)
Surah No:7
Al-A'raaf
75 - 75
അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട്‌ (അതായത്‌) അവരില്‍ നിന്ന്‌ വിശ്വസിച്ചവരോട്‌ പറഞ്ഞു: സ്വാലിഹ്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന്‌ നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്‌.(75)
Surah No:11
Hud
61 - 68
ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ച്‌ വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട്‌ പാപമോചനം തേടുകയും, എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അടുത്തു തന്നെയുള്ളവനും (പ്രാര്‍ത്ഥനക്ക്‌) ഉത്തരം നല്‍കുന്നവനുമാകുന്നു.(61)അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ്‌ നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന്‌ നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച്‌ കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്‌.(62)അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവനെനിക്ക്‌ നല്‍കിയിരിക്കുകയുമാണെങ്കില്‍ -അല്ലാഹുവോട്‌ ഞാന്‍ അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം- അവന്‍റെ ശിക്ഷയില്‍ നിന്ന്‌ (രക്ഷിച്ചുകൊണ്ട്‌) എന്നെ സഹായിക്കാനാരുണ്ട്‌? അപ്പോള്‍ (കാര്യം ഇങ്ങനെയാണെങ്കില്‍) നിങ്ങള്‍ എനിക്ക്‌ കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ.(63)എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ ഒട്ടകം. അല്ലാഹുവിന്‍റെ ഭൂമിയില്‍ നടന്ന്‌ തിന്നുവാന്‍ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ദോഷവും വരുത്തിവെക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌.(64)എന്നിട്ട്‌ അവരതിനെ വെട്ടിക്കൊന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ മൂന്ന്‌ ദിവസം നിങ്ങളുടെ വീടുകളില്‍ സൌഖ്യമനുഭവിച്ചു കൊള്ളുക. (അതോടെ ശിക്ഷ വന്നെത്തും.) തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്‌.(65)അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തില്‍ നിന്നും (അവരെ നാം മോചിപ്പിച്ചു.) തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാണ്‌ ശക്തനും പ്രതാപവാനും.(66)അക്രമം പ്രവര്‍ത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോള്‍ അവര്‍ അവരുടെ വീടുകളില്‍ കമിഴ്ന്ന്‌ വീണ അവസ്ഥയിലായിരുന്നു.(67)അവര്‍ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ (അവര്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു.) ശ്രദ്ധിക്കുക: തീര്‍ച്ചയായും ഥമൂദ്‌ ജനത തങ്ങളുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചു.ശ്രദ്ധിക്കുക: ഥമൂദ്‌ ജനതയ്ക്ക്‌ നാശം!(68)
Surah No:26
Ash-Shu'araa
141 - 159
ഥമൂദ്‌ സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി(141)അവരുടെ സഹോദരന്‍ സ്വാലിഹ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?(142)തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു(143)അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍(144)നിങ്ങളോട്‌ ഞാന്‍ ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു(145)ഇവിടെയുള്ളതില്‍(സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ?(146)അതായത്‌ തോട്ടങ്ങളിലും അരുവികളിലും(147)വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും(148)നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട്‌ പര്‍വ്വതങ്ങളില്‍ ‍വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു(149)ആകയാല്‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍(150)അതിക്രമകാരികളുടെ കല്‍പന നിങ്ങള്‍ അനുസരിച്ചു പോകരുത്‌(151)ഭൂമിയില്‍ ‍കുഴപ്പമുണ്ടാക്കുകയും, നന്‍മവരുത്താതിരിക്കുകയും ചെയ്യുന്നവരുടെ(152)അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു(153)നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌ അതിനാല്‍ ‍നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍വല്ല ദൃഷ്ടാന്തവും കൊണ്ട്‌ വരൂ(154)അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന്‌ വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട്‌ നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്‌; ഒരു നിശ്ചിത ദിവസത്തില്‍(155)നിങ്ങള്‍ അതിന്‌ യാതൊരു ദ്രോഹവും ഏല്‍പിക്കരുത്‌ (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും(156)എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു(157)ഉടനെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അതില്‍(മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല(158)തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും(159)
Surah No:27
An-Naml
45 - 53
നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട്‌ കക്ഷികളായിത്തീരുന്നു.(45)അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ്‌ നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക്‌ തിടുക്കം കൂട്ടുന്നത്‌.? നിങ്ങള്‍ക്ക്‌ അല്ലാഹുവോട്‌ പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം.(46)അവര്‍ പറഞ്ഞു: നീ മൂലവും, നിന്‍റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന്‌ വിധേയരാകുന്ന ഒരു ജനതയാകുന്നു.(47)ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരും, ഒരു നന്‍മയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേര്‍ ആ പട്ടണത്തിലുണ്ടായിരുന്നു.(48)അവനെ (സ്വാലിഹിനെ) യും അവന്‍റെ ആളുകളെയും നമുക്ക്‌ രാത്രിയില്‍ കൊന്നുകളയണമെന്നും പിന്നീട്‌ അവന്‍റെ അവകാശിയോട്‌, തന്‍റെ ആളുകളുടെ നാശത്തിന്‌ ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു എന്ന്‌ നാം പറയണമെന്നും നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യണം എന്ന്‌ അവര്‍ തമ്മില്‍ പറഞ്ഞുറച്ചു.(49)അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ ഓര്‍ക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.(50)എന്നിട്ട്‌ അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു.(51)അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ്‌ കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില്‍ ദൃഷ്ടാന്തമുണ്ട്‌.(52)വിശ്വസിക്കുകയും, ധര്‍മ്മനിഷ്ഠ പാലിച്ചു വരികയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.(53)
Surah No:46
Al-Ahqaf
21 - 28
ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക്‌ അദ്ദേഹം താക്കീത്‌ നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ്‌ അദ്ദേഹം താക്കീത്‌ നല്‍കിയത്‌.)(21)അവര്‍ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന്‌ ഞങ്ങളെ തിരിച്ചുവിടാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്കു നീ താക്കീത്‌ നല്‍കുന്നത്‌ (ശിക്ഷ) ഞങ്ങള്‍ക്കു കൊണ്ടു വന്നു തരൂ.(22)അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക്‌ എത്തിച്ചുതരുന്നു. എന്നാല്‍ നിങ്ങളെ ഞാന്‍ കാണുന്നത്‌ അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്‌.(23)അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകള്‍ക്ക്‌ അഭിമുഖമായിക്കൊണ്ട്‌ വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക്‌ മഴ നല്‍കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന്‌ ധൃതികൂട്ടിയോ അതു തന്നെയാണിത്‌. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്‌.(24)അതിന്‍റെ രക്ഷിതാവിന്‍റെ കല്‍പന പ്രകാരം സകല വസ്തുക്കളെയും അത്‌ നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ്‌ കുറ്റവാളികളായ ജനങ്ങള്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.(25)നിങ്ങള്‍ക്ക്‌ നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക്‌ യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത്‌ അവരില്‍ വന്നുഭവിക്കുകയും ചെയ്തു.(26)നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാര്‍ സത്യത്തിലേക്കു മടങ്ങുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുകയും ചെയ്തു.(27)അല്ലാഹുവിന്‌ പുറമെ (അവനിലേക്ക്‌) സാമീപ്യം കിട്ടുവാനായി അവര്‍ ദൈവങ്ങളായി സ്വീകരിച്ചവര്‍ അപ്പോള്‍ എന്തുകൊണ്ട്‌ അവരെ സഹായിച്ചില്ല? അല്ല, അവരെ വിട്ട്‌ അവര്‍ (ദൈവങ്ങള്‍) അപ്രത്യക്ഷരായി. അത്‌ (ബഹുദൈവവാദം) അവരുടെ വകയായുള്ള വ്യാജവും, അവര്‍ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയിരുന്നതുമത്രെ.(28)
Surah No:7
Al-A'raaf
77 - 77
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ (ശിക്ഷ) ഞങ്ങള്‍ക്ക്‌ നീ കൊണ്ടുവാ.(77)
Surah No:11
Hud
89 - 89
എന്‍റെ ജനങ്ങളേ, നൂഹിന്‍റെ ജനതയ്ക്കോ, ഹൂദിന്‍റെ ജനതയ്ക്കോ, സ്വാലിഹിന്‍റെ ജനതയ്ക്കോ ബാധിച്ചത്‌ പോലെയുള്ള ശിക്ഷ നിങ്ങള്‍ക്കും ബാധിക്കുവാന്‍ എന്നോടുള്ള മാത്സര്യം നിങ്ങള്‍ക്ക്‌ ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്‍റെ ജനത നിങ്ങളില്‍ നിന്ന്‌ അകലെയല്ല താനും.(89)