പാരമ്പര്യം പിന്‍പറ്റുന്നവര്‍

[ 6 - Aya Sections Listed ]
Surah No:5
Al-Maaida
104 - 104
അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത്‌ അതു മതി ഞങ്ങള്‍ക്ക്‌. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത്‌ മതിയെന്നോ?)(104)
Surah No:7
Al-A'raaf
28 - 28
അവര്‍ വല്ല നീചവൃത്തിയും ചെയ്താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട്‌ കല്‍പിച്ചതാണത്‌ എന്നുമാണവര്‍ പറയുക. (നബിയേ,) പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്ക്‌ വിവരമില്ലാത്തത്‌ പറഞ്ഞുണ്ടാക്കുകയാണോ?(28)
Surah No:14
Ibrahim
21 - 21
അവരെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ പുറപ്പെട്ട്‌ വന്നിരിക്കുകയാണ്‌. അപ്പോഴതാ ദുര്‍ബലര്‍ അഹങ്കരിച്ചിരുന്നവരോട്‌ പറയുന്നു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നല്ലോ. ആകയാല്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ അല്‍പമെങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന്‌ ഒഴിവാക്കിത്തരുമോ? അവര്‍ (അഹങ്കരിച്ചിരുന്നവര്‍) പറയും: അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളെയും നേര്‍വഴിയിലാക്കുമായിരുന്നു. നമ്മെ സംബന്ധിച്ചേടത്തോളം നാം ക്ഷമകേട്‌ കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക്‌ യാതൊരു രക്ഷാമാര്‍ഗവുമില്ല.(21)
Surah No:31
Luqman
21 - 21
അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ്‌ ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച്‌ ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ്‌ അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?)(21)
Surah No:37
As-Saaffaat
69 - 70
തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത്‌ വഴിപിഴച്ചവരായിട്ടാണ്‌.(69)അങ്ങനെ ഇവര്‍ അവരുടെ (പിതാക്കളുടെ) കാല്‍പാടുകളിലൂടെ കുതിച്ചു പായുന്നു.(70)
Surah No:42
Ash-Shura
22 - 24
(പരലോകത്ത്‌ വെച്ച്‌) ആ അക്രമകാരികളെ തങ്ങള്‍ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയില്‍ നിനക്ക്‌ കാണാം. അത്‌ (സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ) അവരില്‍ വന്നുഭവിക്കുക തന്നെചെയ്യും. വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതെന്തോ അത്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.(22)വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക്‌ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന്‌ നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.(23)അതല്ല, അദ്ദേഹം (പ്രവാചകന്‍) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്‍റെ ഹൃദയത്തിനുമേല്‍ അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്‍റെ വചനങ്ങള്‍ കൊണ്ട്‌ സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഹൃദങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.(24)