മാതാപിതാക്കളോട് നന്മ ചെയ്യണം

[ 9 - Aya Sections Listed ]
Surah No:2
Al-Baqara
83 - 83
അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട്‌ കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട്‌ നിങ്ങളില്‍ കുറച്ച്‌ പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ്‌ ചെയ്തത്‌.(83)
Surah No:4
An-Nisaa
36 - 36
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.(36)
Surah No:6
Al-An'aam
151 - 151
(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത്‌ നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞ്‌ കേള്‍പിക്കാം. അവനോട്‌ യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച്‌ പോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക്‌ നല്‍കിയ ഉപദേശമാണത്‌.(151)
Surah No:17
Al-Israa
23 - 23
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.(23)
Surah No:19
Maryam
14 - 14
തന്‍റെ മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല.(14)
Surah No:29
Al-Ankaboot
8 - 8
തന്‍റെ മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട്‌ നാം അനുശാസിച്ചിരിക്കുന്നു. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട്‌ പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട്‌ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച്‌ പോകരുത്‌. എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.(8)
Surah No:31
Luqman
14 - 14
മനുഷ്യന്‌ തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്ന്‌ നടന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ്‌ (നിന്‍റെ) മടക്കം.(14)
Surah No:46
Al-Ahqaf
15 - 15
തന്‍റെ മാതാപിതാക്കളോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന്‌ നാം മനുഷ്യനോട്‌ അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത്‌ വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന്‌ നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക്‌ പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക്‌ നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.(15)
Surah No:46
Al-Ahqaf
17 - 17
ഒരാള്‍- തന്‍റെ മാതാപിതാക്കളോട്‌ അവന്‍ പറഞ്ഞു: ഛെ, നിങ്ങള്‍ക്ക്‌ കഷ്ടം! ഞാന്‍ (മരണാനന്തരം) പുറത്ത്‌ കൊണ്ടവരപ്പെടും എന്ന്‌ നിങ്ങള്‍ രണ്ടുപേരും എന്നോട്‌ വാഗ്ദാനം ചെയ്യുകയാണോ? എനിക്ക്‌ മുമ്പ്‌ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവോട്‌ സഹായം തേടിക്കൊണ്ട്‌ പറയുന്നു: നിനക്ക്‌ നാശം. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അപ്പോള്‍ അവന്‍ പറയുന്നു. ഇതൊക്കെ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.(17)