മര്‍യം

[ 7 - Aya Sections Listed ]
Surah No:3
Aal-i-Imraan
36 - 37
എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.(36)അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.(37)
Surah No:3
Aal-i-Imraan
42 - 45
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക്‌ പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച്‌ ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.(42)മര്‍യമേ, നിന്‍റെ രക്ഷിതാവിനോട്‌ നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക.(43)(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ്‌ മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.(44)മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക്‌ അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.(45)
Surah No:4
An-Nisaa
156 - 156
അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും(156)
Surah No:4
An-Nisaa
171 - 171
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.(171)
Surah No:19
Maryam
16 - 27
വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭം.(16)എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.(17)അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട്‌ മാറിപ്പോകൂ.)(18)അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെ രക്ഷിതാവ്‌ അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.(19)അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.(20)അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.(21)അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു.(22)അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!(23)ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.(24)നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.(25)അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌ അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.(26)അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്‍റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.(27)
Surah No:23
Al-Muminoon
50 - 50
മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത്‌ അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു.(50)
Surah No:66
At-Tahrim
12 - 12
തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.(12)