അക്രമികള്‍ മരണ വേളയില്‍

[ 3 - Aya Sections Listed ]
Surah No:9
At-Tawba
93 - 94
ഐശ്വര്യമുള്ളവരായിരിക്കെ (ഒഴിഞ്ഞു നില്‍ക്കാന്‍) നിന്നോട്‌ സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ്‌ (കുറ്റം ആരോപിക്കാന്‍) മാര്‍ഗമുള്ളത്‌. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) മനസ്സിലാക്കുന്നില്ല.(93)അവരുടെ അടുക്കലേക്ക്‌ (യുദ്ധം കഴിഞ്ഞ്‌) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട്‌ ഒഴികഴിവ്‌ പറയുന്നതാണ്‌. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (കാരണം) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക്‌ അറിയിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌. പിന്നീട്‌ അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുത്തേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക്‌ വിവരം നല്‍കുന്നതാണ്‌.(94)
Surah No:23
Al-Muminoon
63 - 66
പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്ക്‌ അത്‌ കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്‌. അവര്‍ അത്‌ ചെയ്തുകൊണ്ടിരിക്കുകയാകുന്നു.(63)അങ്ങനെ അവരിലെ സുഖലോലുപന്‍മാരെ ശിക്ഷയിലൂടെ നാം പിടികൂടിയപ്പോള്‍ അവരതാ നിലവിളികൂട്ടുന്നു.(64)(നാം പറയും:) നിങ്ങളിന്ന്‌ നിലവിളി കൂട്ടേണ്ട. തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ നമ്മുടെ പക്കല്‍ നിന്ന്‌ സഹായം നല്‍കപ്പെടുകയില്ല.(65)എന്‍റെ തെളിവുകള്‍ നിങ്ങള്‍ക്ക്‌ ഓതികേള്‍പിക്കപ്പെടാറുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ പുറം തിരിഞ്ഞുപോകുകയായിരുന്നു.(66)
Surah No:35
Faatir
36 - 37
അവിശ്വസിച്ചവരാരോ അവര്‍ക്കാണ്‌ നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന്‌ ഒട്ടും അവര്‍ക്ക്‌ ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു.(36)അവര്‍ അവിടെ വെച്ച്‌ മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന്‌ വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന്‌ ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക്‌ നാം ആയുസ്സ്‌ തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത്‌ വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക്‌ യാതൊരു സഹായിയുമില്ല.(37)