ഫിര്‍ഔന്‍

[ 10 - Aya Sections Listed ]
Surah No:7
Al-A'raaf
123 - 136
ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക്‌ അനുവാദം നല്‍കുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന്‌ പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച്‌ നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്‌. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.(123)നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.(124)അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്‌.(125)ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക്‌ വന്നപ്പോള്‍ ഞങ്ങള്‍ അത്‌ വിശ്വസിച്ചു എന്നത്‌ മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ.(126)ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും (അനുവദിച്ച്‌) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്രായീല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും.(127)മൂസാ തന്‍റെ ജനങ്ങളോട്‌ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട്‌ സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും.(128)അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ (ദൂതനായി) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ വന്നതിന്‌ ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്‌. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട്‌ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവന്‍ നോക്കുന്നതാണ്‌.(129)ഫിര്‍ഔന്‍റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട്‌ നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.(130)എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക്‌ അര്‍ഹതയുള്ളത്‌ തന്നെയാണിത്‌. ഇനി അവര്‍ക്ക്‌ വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത്‌ മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്‌ എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.(131)അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത്‌ വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല.(132)വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.(133)ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്‍റെ രക്ഷിതാവ്‌ നിന്നോട്‌ ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക്‌ വേണ്ടി അവനോട്‌ നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്ന്‌ ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും, ഇസ്രായീല്‍ സന്തതികളെ നിന്‍റെ കൂടെ ഞങ്ങള്‍ അയച്ചു തരികയും ചെയ്യുന്നതാണ്‌; തീര്‍ച്ച.(134)എന്നാല്‍ അവര്‍ എത്തേണ്ടതായ ഒരു അവധിവരെ നാം അവരില്‍ നിന്ന്‌ ശിക്ഷ അകറ്റികൊടുത്തപ്പോള്‍ അവരതാ വാക്ക്‌ ലംഘിക്കുന്നു.(135)അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.(136)
Surah No:10
Yunus
90 - 93
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന്‌ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്‌) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.(90)(അല്ലാഹു അവനോട്‌ പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട്‌ ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്‌ ?)(91)എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.(92)തീര്‍ച്ചയായും ഇസ്രായീല്‍ സന്തതികളെ ഉചിതമായ ഒരു താവളത്തില്‍ നാം കുടിയിരുത്തുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ നാം ആഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക്‌ അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌ അവര്‍ ഭിന്നിച്ചത്‌. അവര്‍ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിന്‍റെ രക്ഷിതാവ്‌ അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും.(93)
Surah No:20
Taa-Haa
43 - 78
നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.(43)എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം.(44)അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.(45)അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌.(46)അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം.(47)നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു.(48)അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌?(49)അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.(50)അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്‌ ?(51)അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്‍റെ രക്ഷിതാവ്‌ പിഴച്ച്‌ പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.(52)നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.(53)നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(54)അതില്‍ (ഭൂമിയില്‍) നിന്നാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന്‌ തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട്‌ വരികയും ചെയ്യും.(55)നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന്‌ (ഫിര്‍ഔന്ന്‌) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവന്‍ നിഷേധിച്ച്‌ തള്ളുകയും നിരസിക്കുകയുമാണ്‌ ചെയ്തത്‌.(56)അവന്‍ പറഞ്ഞു: ഓ മൂസാ, നിന്‍റെ ജാലവിദ്യകൊണ്ട്‌ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ പുറന്തള്ളാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌?(57)എന്നാല്‍ ഇത്‌ പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ അടുത്ത്‌ കൊണ്ട്‌ വന്ന്‌ കാണിക്കാം. അത്‌ കൊണ്ട്‌ ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത്‌ ലംഘിക്കാവുന്നതല്ല. മദ്ധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌.(58)അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂര്‍വ്വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്‌.(59)എന്നിട്ട്‌ ഫിര്‍ഔന്‍ പിരിഞ്ഞ്‌ പോയി. തന്‍റെ തന്ത്രങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടവന്‍ (നിശ്ചിത സമയത്ത്‌) വന്നു.(60)മൂസാ അവരോട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ നാശം! നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു.(61)(ഇത്‌ കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി. അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു.(62)(ചര്‍ച്ചയ്ക്ക്‌ ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്‌. അവരുടെ ജാലവിദ്യകൊണ്ട്‌ നിങ്ങളുടെ നാട്ടില്‍ നിന്ന്‌ നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു.(63)അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട്‌ നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്‌) വരുകയും ചെയ്യുക. മികവ്‌ നേടിയവരാരോ അവരാണ്‌ ഇന്ന്‌ വിജയികളായിരിക്കുക.(64)അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍.(65)അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട്‌ കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന്‌ അദ്ദേഹത്തിന്‌ തോന്നുന്നു.(66)അപ്പോള്‍ മൂസായ്ക്ക്‌ തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി.(67)നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ്‌ കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.(68)നിന്‍റെ വലതുകയ്യിലുള്ളത്‌ (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത്‌ വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത്‌ ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല.(69)ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട്‌ താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂന്‍റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.(70)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക്‌ സമ്മതം തരുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ അവനെ വിശ്വസിച്ച്‌ കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ്‌ തന്നെയാണവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌. ഞങ്ങളില്‍ ആരാണ്‌ ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന്‌ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ മനസ്സിലാകുകയും ചെയ്യും.(71)അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക്‌ ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത്‌ വിധിച്ച്‌ കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ.(72)ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച്‌ ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക്‌ പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ്‌ ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും(73)തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട്‌ തന്‍റെ രക്ഷിതാവിന്‍റെ അടുത്ത്‌ ചെല്ലുന്ന പക്ഷം അവന്നുള്ളത്‌ നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല.(74)സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ്‌ വല്ലവനും അവന്‍റെയടുത്ത്‌ ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.(75)അതായത്‌ താഴ്ഭാഗത്ത്‌ കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ്‌ പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം.(76)മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയില്‍ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല.(77)അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.(78)
Surah No:25
Al-Furqaan
4 - 4
സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ (ഖുര്‍ആന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌.(4)
Surah No:25
Al-Furqaan
38 - 39
ആദ്‌ സമുദായത്തേയും, ഥമൂദ്‌ സമുദായത്തെയും, റസ്സുകാരെയും അതിന്നിടയിലായി അനേകം തലമുറകളേയും (നാം നശിപ്പിച്ചിട്ടുണ്ട്‌.)(38)എല്ലാവര്‍ക്കും നാം ഉദാഹരണങ്ങള്‍ വിവരിച്ചുകൊടുത്തു. (അത്‌ തള്ളിക്കളഞ്ഞപ്പോള്‍) എല്ലാവരെയും നാം നിശ്ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു.(39)
Surah No:40
Al-Ghaafir
23 - 28
തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട്‌ മൂസായെ അയക്കുകയുണ്ടായി(23)ഫിര്‍ഔന്‍റെയും ഹാമാന്‍റെയും ഖാറൂന്‍റെയും അടുക്കലേക്ക്‌ . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്‌.(24)അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട്‌ അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ.(25)ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന്‌ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.(26)മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്‌, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു.(27)ഫിര്‍ഔന്‍റെ ആള്‍ക്കാരില്‍പ്പെട്ട - തന്‍റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന - ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്‌. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്‍റെ ദോഷം അദ്ദേഹത്തിന്‌ തന്നെയാണ്‌. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.(28)
Surah No:40
Al-Ghaafir
46 - 46
നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന്‌ കല്‍പിക്കപ്പെടും)(46)
Surah No:43
Az-Zukhruf
51 - 51
ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?(51)
Surah No:44
Ad-Dukhaan
17 - 31
ഇവര്‍ക്ക്‌ മുമ്പ്‌ ഫിര്‍ഔന്‍റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നു.(17)അല്ലാഹുവിന്‍റെ ദാസന്‍മാരെ നിങ്ങള്‍ എനിക്ക്‌ ഏല്‍പിച്ചു തരണം. തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. (എന്ന്‌ അദ്ദേഹം പറഞ്ഞു.)(18)അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വരാം.(19)നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍ എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട്‌ തീര്‍ച്ചയായും ഞാന്‍ ശരണം തേടിയിരിക്കുന്നു.(20)നിങ്ങള്‍ക്കെന്നെ വിശ്വാസമായില്ലെങ്കില്‍ എന്നില്‍ നിന്ന്‌ നിങ്ങള്‍ വിട്ടുമാറുക.(21)ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ (സഹായത്തിനായി) പ്രാര്‍ത്ഥിച്ചു.(22)(അപ്പോള്‍ അല്ലാഹു നിര്‍ദേശിച്ചു:) എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ നീ രാത്രിയില്‍ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ (ശത്രുക്കളാല്‍) പിന്തുടരപ്പെടുന്നതാണ്‌.(23)സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.(24)എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ്‌ അവര്‍ വിട്ടേച്ചു പോയത്‌.!(25)(എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!(26)അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൌഭാഗ്യങ്ങള്‍!(27)അങ്ങനെയാണത്‌ (കലാശിച്ചത്‌.) അതെല്ലാം മറ്റൊരു ജനതയ്ക്ക്‌ നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.(28)അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക്‌ ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.(29)ഇസ്രായീല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന്‌ നാം രക്ഷിക്കുക തന്നെ ചെയ്തു.(30)ഫിര്‍ഔനില്‍ നിന്ന്‌. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.(31)
Surah No:54
Al-Qamar
41 - 42
ഫിര്‍ഔന്‍ കുടുംബത്തിനും താക്കീതുകള്‍ വന്നെത്തുകയുണ്ടായി.(41)അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു.അപ്പോള്‍ പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി.(42)