ഈസാനബിയും ഇസ്രായീല്യരും

[ 7 - Aya Sections Listed ]
Surah No:4
An-Nisaa
171 - 171
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.(171)
Surah No:5
Al-Maaida
112 - 112
ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന്‌ ഞങ്ങള്‍ക്ക്‌ ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന്‌ സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.(112)
Surah No:5
Al-Maaida
114 - 114
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക്‌ നീ ആകാശത്ത്‌ നിന്ന്‌ ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്‌, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്‌. ഞങ്ങള്‍ക്ക്‌ നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.(114)
Surah No:43
Az-Zukhruf
63 - 63
വ്യക്തമായ തെളിവുകളും കൊണ്ട്‌ ഈസാ വന്നിട്ട്‌ ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തികൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത്‌ ഞാന്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരാന്‍ വേണ്ടിയും. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.(63)
Surah No:57
Al-Hadid
27 - 27
പിന്നീട്‌ അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന്‌ നാം ഇന്‍ജീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന്‌ (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത്‌ നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട്‌ അവരത്‌ പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്ന്‌ വിശ്വസിച്ചവര്‍ക്ക്‌ അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു.(27)
Surah No:61
As-Saff
6 - 6
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത്‌ വ്യക്തമായ ജാലവിദ്യയാകുന്നു.(6)
Surah No:61
As-Saff
14 - 14
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിരിക്കുക. മര്‍യമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്‍റെ സഹായികളായി ആരുണ്ട്‌ എന്ന്‌ ഹവാരികളോട്‌ ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട്‌ വിശ്വസിച്ചവര്‍ക്ക്‌ അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു.(14)