അയല്‍ക്കാരന്‍, ഹദീസുകള്‍

4) അനസ്(റ) നിവേദനം: നബി(സ) അരുളി: നമസ്കാരത്തിന് മുമ്പായി വല്ലവനും ബലി കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍ അവന്‍ പകരം മറ്റൊന്ന് ആവര്‍ത്തിക്കട്ടെ. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു. മാംസത്തിന് ആഗ്രഹിക്കുന്ന ഒരു ദിവസമാണിത്. ശേഷം തന്റെ അയല്‍വാസിയെ അദ്ദേഹം സ്മരിച്ചു. അയാള്‍ പറഞ്ഞത് നബി(സ) സത്യപ്പെടുത്തിയതുപോലെയുണ്ട്. അദ്ദേഹം തുടര്‍ന്നു: എന്റെ അടുത്ത് ഒരു വയസ്സു പ്രായമുള്ള തടിച്ചുകൊഴുത്ത ആട്ടിന്‍കുട്ടിയുണ്ട്. രണ്ടാടിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടതാണത്. അപ്പോള്‍ നബി(സ) അയാള്‍ക്ക് അതിനെ ബലിയറുക്കുവാന്‍ അനുമതി നല്‍കി. ഈ ഇളവ് അദ്ദേഹത്തിന് മാത്രമോ അതല്ല, മറ്റുള്ളവര്‍ക്ക് ലഭിക്കുമോ എന്നത് എനിക്ക് അജ്ഞാതമാണ്. (ബുഖാരി. 2. 15. 74)
 
21) അനസ്(റ) നിവേദനം: നബി(സ) ബലി പെരുന്നാള്‍ ദിവസം നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും പ്രസംഗത്തില്‍ നമസ്കാരത്തിന് മുമ്പായി ബലികര്‍മ്മം നിര്‍വ്വഹിച്ചവരോട് പകരം അറുക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: പ്രവാചകരേ! എനിക്ക് ദരിദ്രനായ ഒരു അയല്‍വാസിയുണ്ട്. അതിനാല്‍ നമസ്കാരത്തിനു മുമ്പായി എന്റെ ബലി മൃഗത്തെ ഞാന്‍ അറുത്തു. എന്റെ അടുത്ത് ഒരു വയസ്സുള്ള ആടുണ്ട്. രണ്ട് ആടിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടതാണത്. അപ്പോള്‍ നബി(സ) അതിനെ അറുക്കുവാന്‍ അദ്ദേഹത്തിന് ഇളവ് നല്‍കി. (ബുഖാരി. 2. 15. 100)
 
16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു അയല്‍വാസി തന്റെ അയല്‍വാസിയുടെ മതിലിലൊരു മരകഷ്ണം നാട്ടുന്നത് തടയരുത്. ശേഷം അബൂഹുറൈറ(റ) പറയാറുണ്ട്. നബി(സ)യുടെ ഈ നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ അവഗണിക്കുന്നത്?! അല്ലാഹു സത്യം. ഞാന്‍ ഈ നിര്‍ദ്ദേശം നിങ്ങളുടെ ചുമലിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. (ബുഖാരി. 3. 43. 643)
 
1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി. 3. 47. 740)
 
2) ആയിശ(റ) നിവേദനം: അവര്‍ ഉര്‍വ്വാ(റ) യോട് പറഞ്ഞു: എന്റെ സഹോദരിപുത്രാ! നിശ്ചയം ഞങ്ങള്‍ ചന്ദ്രപ്പിറവി കാണും. പിന്നെയും ഒരു ചന്ദ്രപ്പിറവി കാണും. അങ്ങനെ മൂന്ന് ചന്ദ്രപ്പിറവികള്‍ കണ്ടുകൊണ്ട് രണ്ടു പൂര്‍ണ്ണമാസം കടന്നുപോകും. എന്നാലും നബി(സ)യുടെ വീടുകളില്‍ തീയും പുകയുമുണ്ടായിരിക്കുകയില്ല. ഉര്‍വ(റ) അപ്പോള്‍ ആയിശ(റ) യോട് ചോദിച്ചു: എന്റെ മാതൃസഹോദരി, എങ്കില്‍ നിങ്ങളെങ്ങിനെയാണ് ജീവിക്കുക?! ആയിശ(റ) പറഞ്ഞു: രണ്ടു കറുത്ത സാധനങ്ങള്‍ - ഈത്തപ്പഴവും പച്ചവെളളവും - പക്ഷെ നബി(സ)ക്ക് അയല്‍വാസികളായി ചില അന്‍സാരികളും അവര്‍ക്ക് പാല്‍ കറക്കുന്ന ചില മൃഗങ്ങളുമുണ്ടായിരുന്നു. അവയുടെ പാല്‍ നബി(സ)ക്ക് അവര്‍ സമ്മാനിക്കും. അവിടുന്ന് അതില്‍ നിന്ന് ഒരംശം ഞങ്ങള്‍ക്ക് നല്‍കും. (ബുഖാരി. 3. 47. 741)
 
13) ആയിശ(റ) നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയല്‍വാസികള്‍ ഉണ്ട്. ഞാന്‍ അവരില്‍ ആര്‍ക്കാണ് സമ്മാനം നല്‍കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്? നബി(സ) അരുളി: നീയുമായി വാതില്‍ ഏറ്റവും അടുത്തവള്‍ക്ക്. (ബുഖാരി. 3. 47. 767)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ് അസൂയാര്‍ഹം. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരുപുരുഷന്‍, അല്ലാഹു അവന്ന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനതു സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)
 
27) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കില്‍ അവന്‍ തന്റെ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. (ബുഖാരി. 7. 62. 114)
 
13) അബൂഹുറൈറ(റ) നിവേദനം: വെളളം നിറച്ച തോല്‍പ്പാത്രത്തിന്റെ വായ തുറന്ന് അതില്‍ നിന്ന് വെളളം കുടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. അപ്രകാരം തന്നെ തന്റെ വളപ്പില്‍ തന്റെ അയല്‍വാസി പന്തലിന്റെയോ മറ്റോ ആവശ്യത്തിന് ഒരുകാല്‍ കുഴിച്ചിടുന്നത് തടയരുതെന്നും നബി(സ) നിര്‍ദ്ദേശിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 531)
 
14) ആയിശ(റ) പറയുന്നു: നബി(സ)അരുളി: ജിബ്രീല്‍ എന്നോട് അയല്‍വാസിക്ക് നന്മചെയ്യുവാന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. അനന്തരസ്വത്തില്‍ അവനെ പങ്കാളിയാക്കുവാന്‍ നിര്‍ദ്ദേശമോ എന്ന് ഞാന്‍ വിചാരിക്കുന്നതുവരെ. (ബുഖാരി. 8. 73. 43)
 
15) അബൂശുറൈഹ്(റ) നിവേദനം: നബി(സ)അരുളി: അല്ലാഹു സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ആരാണ് പ്രവാചകരേ! ആ മനുഷ്യനെന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍. (ബുഖാരി. 8. 73. 45)
 
16) അബൂശുറൈഹ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പറയുന്നതായി എന്റെ രണ്ടുചെവി കേള്‍ക്കുകയും ഇരു നേത്രങ്ങള്‍ കാണുകയും ചെയ്തു. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍വാസിയെ ആദരിക്കട്ടെ. അതിഥിയെ ബഹുമാനിക്കട്ടെ. അവന്റെ സല്‍ക്കാരം നന്നാകട്ടെ. പ്രവാചകരേ! എന്നാണ് അവന്റെ സല്‍ക്കാരം എന്ന് ചോദിക്കപ്പെട്ടു. നബി(സ) അരുളി: ഒരുപകലും രാത്രിയും. അതിഥിയുടെ സല്‍ക്കരിക്കല്‍ മൂന്ന് ദിവസമാണ്. അതില്‍ വര്‍ദ്ധിച്ചത് ഒരു ദാനധര്‍മ്മവും. അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്നവന്‍ നല്ലതുപറയട്ടെ. അല്ലെങ്കില്‍ മൌനം ദീക്ഷിക്കട്ടെ. (ബുഖാരി. 8. 73. 48)
 
33) ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ കൂട്ടുകാരില്‍ ഉത്തമന്‍ അവരില്‍വെച്ച് സുഹൃത്തിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. അയല്‍വാസികളില്‍ ഗുണവാന്‍ അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറുന്നവനുമാണ്. (തിര്‍മി ദി)
 
32) അബൂശൂറൈഹ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം)