Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കുഴപ്പങ്ങള്‍

മലയാളം ഹദീസുകള്‍


1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ ഭരണാധികാരിയില്‍ വെറുക്കപ്പെട്ടത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം വല്ലവനും ഭരണാധിപനെ അനുസരിക്കാതെ ഒരു ചാണ്‍ അകന്ന് നിന്നാല്‍ ജാഹിലിയ്യാ മരണമാണ് അവന്‍ വരിക്കുക. (ബുഖാരി. 9. 88. 176)
 
2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ആരെങ്കിലും തന്റെ ഭരണാധികാരിയില്‍ അനിഷ്ടകരമായത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം ഇസ്ളാമിക സമൂഹ ത്തില്‍ നിന്നും ഒരു ചാണ്‍ ആരെങ്കിലും അകന്നു നിന്നാല്‍ അവന്‍ ജാഹിലിയ്യാ മരണമാണ് വരിക്കുന്നത്. (ബുഖാരി. 9. 88. 177)
 
3) അബൂമൂസ(റ) പറയുന്നു: നബി(സ) അരുളി: അന്ത്യദിനത്തിന്റെ മുമ്പ് ചില ദിവസങ്ങളുണ്ട്. അറിവില്ലായ്മ അന്ന് പ്രചരിക്കും. വിജ്ഞാനം നശിക്കും. വധം വര്‍ദ്ധിക്കും. (ബുഖാരി. 9. 88. 185)
 
4) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തില്‍ ജീവിച്ചിരിക്കുന്നവര്‍ ജനങ്ങളില്‍ വെച്ചേറ്റവും ദുഷ്ടരായിരിക്കും. (ബുഖാരി. 9. 88. 187)
 
5) സുബൈര്‍ (റ) പറയുന്നു: നിങ്ങള്‍ അനസി(റ)ന്റെ അടുത്ത് ചെന്ന് ഹജ്ജാജില്‍ നിന്നും ഏല്‍ക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. പിന്നീട് വരുന്ന കാലങ്ങള്‍ ആദ്യമാദ്യം വരുന്ന കാലത്തേക്കാള്‍ ദുഷിച്ചുകൊണ്ട് തന്നെയാണ് പോവുക. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുംവരെ. നിങ്ങള്‍ ഈ അവസ്ഥ തുടരും. ഞാനിതു നിങ്ങളുടെ നബി(സ)യില്‍ നിന്നും കേട്ടതുതന്നെയാണ്. (ബുഖാരി. 9. 88. 188)
 
6) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും തന്റെ സഹോദരന്റെ നേരെ വാള്‍ ചൂണ്ടിക്കാട്ടരുത് (കൈക്ക് പകരമായി) ഒരുപക്ഷെ പിശാച് അവന്റെ കയ്യില്‍ നിന്ന് ആ വാള്‍ പിടിച്ചെടുക്കുകയും അവസാനം അവന്‍ നരകക്കുഴിയില്‍ വീഴാനിടയാവുകയും ചെയ്തെങ്കിലോ. (ബുഖാരി. 9. 88. 193)
 
7) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു ജനതയെ ശിക്ഷിക്കുമ്പോള്‍ ആ ശിക്ഷ അവരിലുള്ള എല്ലാവരേയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും അവരുടെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍ജീവിപ്പിക്കും. (ബുഖാരി. 9. 88. 224)
 
8) ഹുദൈഫ(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖുകളെക്കാള്‍ ചീത്തയാണ് ഇന്നുള്ള മുനാഫിക്കുകള്‍. അവര്‍ അന്ന് രഹസ്യമാക്കിവെച്ചു. ഇവര്‍ ഇന്ന് പരസ്യമാക്കുന്നു. (ബുഖാരി. 9. 88. 229)
 
9) ഹുദൈഫ:(റ) നിവേദനം: നബി(സ)യുടെ കാലത്തായിരുന്നു കാപട്യം (നിഫാക്ക്) ഉണ്ടായിരുന്നത് . ഇന്നുള്ളത് വിശ്വസിച്ചശേഷം കാഫിറായി മാറുന്ന സ്വഭാവമാണ്. (ബുഖാരി. 9. 88. 230)
 
10) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ദൌസിലെ സ്ത്രീകള്‍ ദുല്‍ഖുലൈസ്വത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. ദുല്‍ഖുലൈസ്വ: എന്നാല്‍ കിരാത യുഗത്തില്‍ ആരാധിച്ചിരുന്ന വിഗ്രഹമാണ്. (ബുഖാരി. 9. 88. 232)
 
11) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഹിജാസില്‍ നിന്ന് ഒരു അഗ്നിപുറപ്പെട്ടു. ബുസ്റാ: യിലെ ഒട്ടകങ്ങളുടെ പിരടിയെ പ്രകാശിപ്പിക്കുംവരെ അന്ത്യദിനം സംഭവിക്കുകയില്ല. (ബുഖാരി. 9. 88. 234)
 
12) അബൂഹുറൈറ(റ)നിവേദനം: നബി(സ) അരുളി: അടുത്തുതന്നെ യുപ്രട്ടീസ് നദിയില്‍ നിന്ന് ഒരു സ്വര്‍ണ്ണനിധി പുറത്തുവന്നേക്കാം. വല്ലവനും അപ്പോള്‍ അവിടെയുണ്ടെങ്കില്‍ അതില്‍ നിന്നും എടുത്തു പോകരുത്. മറ്റൊരു നിവേദനത്തില്‍ സ്വര്‍ണ്ണത്തിന്റെ പര്‍വ്വതമാണെന്ന് പറയുന്നു. (ബുഖാരി. 9. 88. 235)
 
13) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു വലിയ സമൂഹത്തിന്റെ ഇടയില്‍ ഒരു വലിയ യുദ്ധം നടക്കുന്നതുവരേക്കും അന്ത്യദിനം സംഭവിക്കുകയില്ല. ആ രണ്ടു വിഭാഗത്തിന്റെയും ആദര്‍ശം ഒന്നു തന്നെയായിരിക്കും. അപ്രകാരം തന്നെ കള്ളവാദികളായ മുപ്പതോളം ദജ്ജാലുകള്‍ പുറത്തു വരും. അവരിലോരോരുത്തരും താന്‍ പ്രവാചകനാണെന്ന് വാദിച്ചുകൊണ്ടിരിക്കും. ജ്ഞാനം നശിച്ചുപോകുകയും ഭൂചലനം വര്‍ദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങള്‍ വര്‍ദ്ധിക്കുകയും കൊല വര്‍ദ്ധിക്കുകയും ചെയ്യുന്നതുവരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. നിങ്ങളില്‍ സമ്പത്ത് അധികമായി വര്‍ദ്ധിച്ച് വെള്ളം പോലെ ഒഴുകാന്‍ തുടങ്ങും. അവസാനം ദാനധര്‍മ്മം സ്വീകരിക്കുവാന്‍ ആരെയാണ് കിട്ടുകയെന്ന ചിന്ത ഉടമസ്ഥനെ അലട്ടാന്‍ തുടങ്ങും. അവന്‍ തന്റെ ധനം ചിലര്‍ക്ക് വെച്ച് കെട്ടുമ്പോള്‍ എനിക്കതാവശ്യമില്ലെന്ന് മറ്റവന്‍ പറയും. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ ജനങ്ങള്‍ കിടമത്സരം നടത്തും. ഒരാള്‍ മറ്റൊരാളുടെ ഖബറിന്റെ അരികിലൂടെ നടന്നുപോകുമ്പോള്‍ ഇവന്റെ സ്ഥാനത്ത് ഖബറില്‍ കിടക്കുന്നത് ഞാനായിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് അവന്‍ ആശിച്ചു പോകും. സൂര്യന്‍ അതിന്റെ അസ്തമന സ്ഥാനത്തു ഉദിച്ചു ഉയരും. അങ്ങിനെ അതു ഉദിക്കുകയും മനുഷ്യര്‍ കാണുകയും ചെയ്താല്‍ എല്ലാ മനുഷ്യരും സത്യത്തില്‍ വിശ്വസിക്കും. പക്ഷെ പുതിയ വിശ്വാസം പ്രയോജനം ലഭിക്കാത്ത സമയമായിരിക്കും അത്. രണ്ടാളുകള്‍ കച്ചവടം നടത്തുവാന്‍ അവരുടെ മുണ്ട് നിവര്‍ത്തി കയ്യിമേല്‍ ഇട്ടിട്ടുണ്ടായിരിക്കും. പക്ഷേ അവര്‍ക്ക് വ്യാപാരം നടത്തുവാനോ ആ തുണി ചുരുട്ടാനോ സമയം ലഭിക്കുകയില്ല. ഒരാള്‍ ഒട്ടകത്തെക്കറന്ന പാലും കൊണ്ട് പോകുന്നുണ്ടാകും. അവനതുകുടിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുകയില്ല. മറ്റൊരാള്‍ നാല്‍ക്കാലികള്‍ക്ക് കുടിക്കാനുള്ള വെള്ളം സ്ഥലം ശുചീകരിക്കുന്നുണ്ടാവും. പക്ഷെ നാല്‍ക്കാലികളെ വെള്ളം കുടിപ്പിക്കാന്‍ സമയം കിട്ടിയിരിക്കയില്ല. ഒരാള്‍ ഭക്ഷണം എടുത്ത് വായിലേക്ക് പൊക്കിക്കൊണ്ടു പോകും. പക്ഷെ അത് തിന്നാന്‍ അവന്ന് കഴിഞ്ഞിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 9. 88. 237)
 
14) അനസ്(റ) നിവേദനം: നബി(സ) അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുവീന്‍. (ബുഖാരി. 9. 89. 256)
 
15) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ലീമായ മനുഷ്യന്‍ അവന്ന് ഇഷ്ടകരവും അനിഷ്ടകരവുമായ സംഗതികളില്‍ ഭരണാധികാരിയെ അനുസരിക്കണം. തെറ്റ് കല്‍പ്പിക്കപ്പെടുന്നത് വരെ. തെറ്റ് ഭരണാധികാരി കല്‍പ്പിച്ചാല്‍ കേള്‍വിയും അനുസരണവുമില്ല. (ബുഖാരി. 9. 89. 258)
 
16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഭരണാധികാരം കിട്ടാന്‍ കൊതിച്ചുകൊണ്ടിരിക്കും. പരലോകദിനം നിങ്ങള്‍ക്ക് ഖേദത്തിന് കാരണമായിത്തീരുകയും ചെയ്യും. മുല കൊടുത്തവള്‍ എത്ര നല്ലവള്‍! മുല കുടി നിര്‍ത്തുന്നവള്‍ എത്ര മോശപ്പെട്ടവള്‍! (ബുഖാരി. 9. 89. 262)
 
17) മഅ്ഖല്‍ (റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരിയായി അല്ലാഹു നിശ്ചയിച്ചു. എന്നിട്ട് ഗുണകാംക്ഷയോട് കൂടി അവരെ അവന്‍ പരിപാലിച്ചില്ല. എങ്കില്‍ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയുകയില്ല. (ബുഖാരി. 9. 89. 264)
 
18) മഅ്ഖല്‍ (റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്റെ അധികാരം ഏറ്റെടുത്തു. അവരെ വഞ്ചിച്ചുകൊണ്ടാണ് അവന്‍ മൃതിയടഞ്ഞതെങ്കില്‍ അല്ലാഹു അവന് സ്വര്‍ഗ്ഗം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 9. 89. 265)
 
19) ജൂന്‍ദുബ്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും കേള്‍വിക്കു വേണ്ടി വല്ല സല്‍പ്രവൃത്തിയും ചെയ്താല്‍ പരലോകദിവസം അല്ലാഹു അവന് പ്രസിദ്ധിയുണ്ടാക്കിക്കൊടുക്കും. വല്ലവനും ജനങ്ങളെ പ്രയാസങ്ങള്‍ക്ക് വിധേയരാക്കുന്ന പക്ഷം പരലോകദിവസം അല്ലാഹു അവനെ പ്രയാസപ്പെടുത്തും. സഹാബിമാര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ കൂടുതല്‍ ഉപദേശിച്ചാലും. നബി(സ) അരുളി: മനുഷ്യന്റെ ശരീരത്തില്‍ നിന്ന് ആദ്യമായി ചീഞ്ഞു പോകുക അവന്റെ വയറാണ്. അതുകൊണ്ട് വല്ലവനും ശുദ്ധമായ വസ്തുക്കള്‍ മാത്രം ഭക്ഷിക്കാന്‍ സാധിക്കുന്ന പക്ഷം അങ്ങിനെ ചെയ്തുകൊള്ളട്ടെ. വല്ലവനും താന്‍ ചിന്തിയ ഒരു കൈക്കുമ്പിള്‍ നിറയെയുള്ള രക്തവും കൊണ്ട് തനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മറയുണ്ടാക്കാതെ കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ അപ്രകാരം അവന്‍ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 9. 89. 266)
 
20) അനസ്(റ) പറയുന്നു: ഖൈസ്ബ്നു സഅദിന്ന് നബി(സ)യുടെ അടുത്ത് ഭരണാധികാരിയുടെ അടുത്തു ഒരു പോലീസ്കാരനു ഉണ്ടായിരിക്കുന്ന പരിഗണനയായിരുന്നു. (ബുഖാരി. 9. 89. 269)
 
21) ഇബ്നുഉമര്‍ (റ) പറയുന്നു: ഭരണാധികാരിയുടെ മുന്നില്‍ വെച്ച് ഒന്നുപറയുക. പുറത്തു വന്നാല്‍ മറ്റൊന്നും പറയുക. ഇത് നബി(സ)യുടെ കാലത്ത് കാപട്യമായിട്ടാണ് ദര്‍ശിച്ചിരുന്നത്. (ബുഖാരി. 9. 89. 289)
 
22) സൈദ്(റ) പറയുന്നു: നബി(സ) അദ്ദേഹത്തോട് ജൂതന്മാരുടെ എഴുത്തിന്റെ ഭാഷ പഠിക്കുവാന്‍ കല്‍പ്പിച്ചു. അങ്ങിനെ നബിയുടെ എഴുത്ത് ഞാന്‍ എഴുതും. അവരുടെ എഴുത്ത് അദ്ദേഹത്തിന് വായിച്ച് കേള്‍പ്പിക്കുകയുംചെയ്യും. (ബുഖാരി. 9. 89. 301)
 
23) ഇബാദത്തു(റ) പറയുന്നു: ഞങ്ങള്‍ എവിടെയായിരുന്നാലും സത്യം പറയുവാനും അതിന് വേണ്ടി നിലകൊള്ളുവാനും അല്ലാഹുവിന്റെ പ്രശ്നത്തില്‍ ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഒട്ടും ഭയപ്പെടാതിരിക്കുവാനും നബി(സ) പ്രതിജ്ഞ ചെയ്യുകയുണ്ടായി. (ബുഖാരി. 9. 89. 307)
 
24) ഇബ്നുഉമര്‍ (റ) നിവേദനം: ഞങ്ങള്‍ നബി(സ)യോട് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് പറയുമ്പോള്‍ അവിടുന്ന് പറയും. നിങ്ങള്‍ക്ക് സാധിക്കുന്നതില്‍ (ബുഖാരി. 9. 89. 309)
 
25) ഇബ്നദീനാര്‍ (റ) പറയുന്നു: അബ്ദുല്‍ മലികിന്റെ മേല്‍ ജനങ്ങള്‍ ഒരുമിച്ച് കൂടിയപ്പോള്‍ ഇബ്നുഉമര്‍(റ)ന്റെ അടുത്ത് ഞാന്‍ ഉണ്ടായിരുന്നു. ഞാന്‍ അബ്ദുള്‍ മാലിക്കിന് കേള്‍വിയും അനുസരണവും സമ്മതിക്കുന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ചര്യയുടെ അടിസ്ഥാനത്തില്‍. നിശ്ചയം, എന്റെ സന്താനങ്ങളും അതു പോലെ അംഗീകരിക്കുന്നു എന്ന് അദ്ദേഹം എഴുതി. (ബുഖാരി. 9. 89. 310)
 
26) ഇബ്നുഉമര്‍ (റ) പറയുന്നു: താങ്കള്‍ ഖലീഫയെ നിശ്ചയിക്കുന്നില്ലയോ എന്ന് ഉമര്‍(റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഞാന്‍ ഖലീഫയെ നിശ്ചയിച്ചാല്‍ എന്നെക്കാള്‍ ശ്രേഷ്ഠനായ അബൂബക്കര്‍ അപ്രകാരം ചെയ്തിട്ടുണ്ട്. ഉപേക്ഷിച്ചാല്‍ ഉത്തമനായ നബി(സ) ഉപേക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ പ്രശംസിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ആഗ്രഹിക്കുന്നവനും ഭയപ്പെടുന്നവനും. ഭരണത്തിന്റെ നന്മയില്‍ നിന്നും തന്മയില്‍ നിന്നും ഞാന്‍ രക്ഷപ്രാപിച്ചുവെന്നു ഞാന്‍ ആഗ്രഹിച്ചു. ഇല്ല. ജീവിക്കുന്ന സന്ദര്‍ഭത്തിലും മരിച്ചാലും ഞാന്‍ അതിന്റെ ബാധ്യത ഏറ്റെടുക്കുകയോ? (ബുഖാരി. 9. 89. 325)
 
27) അനസ്(റ) പറയുന്നു: ഉമര്‍(റ) ന്റെ ഖുതൂബ: അദ്ദേഹം കേള്‍ക്കുകയുണ്ടായി നബി(സ) മരണപ്പെട്ട ദിവസമായിരുന്നു അത്. അദ്ദേഹം തശഹുദ് ചൊല്ലി. അബൂബക്കര്‍ മൌനമായി ഇരിക്കുന്നു. നമുക്ക് ശേഷം അവസാനമായി നബി(സ) മരിക്കുവാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് മരിച്ചു. അല്ലാഹു നമുക്ക് മുന്നില്‍ ഒരു പ്രകാശത്തെ നിശ്ചയിച്ചിട്ടുണ്ട്. അതുമൂലം നമുക്ക് മാര്‍ഗ്ഗദര്‍ശനം ലഭിക്കും. മുഹമ്മദിന് അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കിയതും അതുകൊണ്ടാണ്. നിശ്ചയം അബൂബക്കര്‍ പ്രവാചകന്റെ സ്നേഹിതനാണ്. രണ്ടില്‍ ഒരുത്തനും. നമ്മുടെ കാര്യത്തിന് ഏറ്റവും അവകാശപ്പെട്ടത് അദ്ദേഹമാണ്. നിങ്ങള്‍ എഴുന്നേറ്റ് അദ്ദേഹത്തിന് പ്രതിജ്ഞ ചെയ്യുവീന്‍. ഈ പ്രസംഗത്തിനു മുമ്പ് തന്നെ ഒരു സംഘം അദ്ദേഹത്തിന് ബനൂസാഇദ:യുടെ നടപ്പന്തലില്‍ വെച്ച് ബൈഅത്തുചെയ്തിരുന്നു. മിമ്പറില്‍ വെച്ചാണ് പൊതുവായ ബൈഅത്തു നടന്നത്. ഉമര്‍(റ) പറഞ്ഞു: താങ്കള്‍ മിമ്പറില്‍ കയറുക. പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം കയറുകയും ജനങ്ങള്‍ പൊതുവായ ബൈഅത്തുചെയ്യുകയും ചെയ്തു. (ബുഖാരി. 9. 89. 326)