Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഖുര്‍ആനിന്റെ ശ്രേഷ്ഠത

മലയാളം ഹദീസുകള്‍


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മനുഷ്യരില്‍ വിശ്വാസം ഉണ്ടാക്കുവാന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെടാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. എനിക്ക് ലഭിച്ചത് അല്ലാഹുവിങ്കല്‍ നിന്നുളള ബോധനം (വഹ്യ്) അത്രെ. അതുകൊണ്ട് പരലോകദിനത്തില്‍ അവരുടെ കൂട്ടത്തില്‍ കൂടുതല്‍ അനുയായികള്‍ എനിക്കായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 6. 61. 504)
 
2) അനസ്(റ) നിവേദനം: നബി(സ) യുടെ മരണത്തിന് അല്‍പം മുമ്പ് മുതല്‍ അല്ലാഹു അവിടുത്തേക്ക് കൂടുതലായി വഹ്യ് നല്‍കിക്കൊണ്ടിരുന്നു. അവിടുന്ന് മരിക്കും വരേക്കും ആ അവസ്ഥ തുടര്‍ന്നുകൊണ്ടിരുന്നു. (ബുഖാരി. 6. 61. 505)
 
3) ഇബ്നുമസ്ഊദ്(റ) പറയുന്നു: അല്ലാഹു സത്യം. നബി(സ)യുടെ നാവില്‍ നിന്ന് എഴുപതില്‍ പരം അധ്യായങ്ങള്‍ ഞാന്‍ കേട്ടുപഠിച്ചിട്ടുണ്ട്. അല്ലാഹു സത്യം. നബി(സ)യുടെ അനുചരന്മാര്‍ തീര്‍ച്ചയായും ഞാനാണ് അവരില്‍ ഖുര്‍ആന്‍ എനിക്ക് ഏറ്റവും പഠിച്ചവനെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഞാന്‍ അവരില്‍ ശ്രേഷ്ഠന്‍ അല്ലെങ്കിലും. (ബുഖാരി. 6. 61. 522)
 
4) അല്‍ഖമ:(റ) പറയുന്നു: ഞങ്ങള്‍ സിറിയയിലെ ഹിംസിലായിരുന്നു. അപ്പോള്‍ ഇബ്നുമസ്ഊദ്(റ) സൂറത്തു യൂസ്ഫ് ഓതി. അപ്പോള്‍ ഒരു മനുഷ്യന്‍ പറഞ്ഞു. ഇപ്രകാരമല്ല അവതരിച്ചിട്ടുളളത്. ഇബ്നുമസ്ഊദ്(റ) പറഞ്ഞു: നബി(സ)ക്ക് ഞാന്‍ ഈ അധ്യായം ഓതി കേള്‍പ്പിച്ചപ്പോള്‍ വളരെ നന്നായിരിക്കുന്നുവെന്നാണ് അരുളിയത്. ആ മനുഷ്യന്റെ വായില്‍ നിന്ന് കളളിന്റെ ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: നീ അല്ലാഹുവിന്റെ കിതാബിന്റെ പേരില്‍ കളളം പറയുകയും മദ്യപാനം നടത്തുകയും കൂടി ചെയ്യുകയാണോ? അദ്ദേഹം അയാളെ മദ്യപിച്ചതിന്റെ പേരില്‍ ശിക്ഷിച്ചു. (ബുഖാരി. 6. 61. 523)
 
5) അബ്ദുല്ല(റ) നിവേദനം: ആരാധനക്ക് അവകാശപ്പെട്ട അല്ലാഹു സത്യം. പരിശുദ്ധ ഖുര്‍ആനിലെ ഓരോ സൂറത്തും എവിടെ അവതരിപ്പിച്ചു എന്നും ഓരോസൂക്തവും ആരില്‍ അവതരിപ്പിച്ചുവെന്നും എനിക്കറിയാം. പരിശുദ്ധ ഖുര്‍ആനിനെക്കുറിച്ച് എന്നെക്കാള്‍ അറിവുളളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാനവന്റെ അടുക്കലേക്ക് വാഹനം കയറുക തന്നെ ചെയ്യും. എന്റെ ഒട്ടകത്തിന് അവിടെക്ക് എത്താന്‍ സാധിക്കുമെങ്കില്‍. (ബുഖാരി. 6. 61. 524)
 
6) അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ 'കുല്‍ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബിയുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി. 6. 61. 533)
 
7) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല്‍ തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിവില്ലെന്നോ? ഇതവര്‍ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്‍ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്‍ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്‍ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6. 61. 534)
 
8) ആയിശ(റ) പറയുന്നു: നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില്‍ ചെന്നുകിടന്നുകഴിഞ്ഞാല്‍ രണ്ട് കൈപ്പത്തികളും ചേര്‍ത്തുപിടിച്ച് ഖുല്‍ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബില്‍ ഫലക് എന്ന സൂറത്തും ഖുല്‍ അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില്‍ ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില്‍ സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില്‍ നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്‍വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്‍ത്തിക്കും. (ബുഖാരി. 6. 61. 536)
 
9) ഉസൈദ് ബ്നുഹുളൈര്‍(റ) നിവേദനം: തന്റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അല്‍ബഖറ സൂറത്തു ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്തു നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്തു തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൌനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത്് മാറ്റി. ആകാശത്തേക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന് ഈ വര്‍ത്തമാനം പറഞ്ഞു. നബി(സ) കല്പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവന്‍ അതിന്റെ അടുത്തായിരുന്നു. ഞാനെന്റെ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്മാനുണ്ട്. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി(സ) ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാന്‍ പ്രത്യുത്തരം നല്കി. നബി(സ) അരുളി: അതു മലക്കുകളാണ്. നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍. നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി. 6. 61. 536)
 
10) അബൂമൂസ(റ) നിവേദനം: ഖുര്‍ആന്‍ ഓതുന്നവന്റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്റെ രുചിയും വാസനയും നല്ലതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ് എന്നാല്‍ അതിന് വാസനയില്ല. ഖുര്‍ആന്‍ ഓതുന്ന ദുര്‍മാര്‍ഗ്ഗിയുടെ ഉപമ തുളസിച്ചെടി പോലെയാണ്. അതിന്റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുര്‍ആന്‍ ഓതുക പോലും ചെയ്യാത്ത ദുര്‍മാര്‍ഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി(സ) അരുളി: (ബുഖാരി. 6. 61. 538)
 
11) അബൂഹുറൈറ(റ) നിവേദനം: ഖുര്‍ആന്‍ കൊണ്ട് ഐശ്വര്യമാകുവാന്‍ നബിക്ക് അനുമതി നല്‍കിയതു പോലെ മറ്റൊന്നിനും നല്‍കിയിട്ടില്ല. (ബുഖാരി. 6. 61. 541)
 
12) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് കാര്യത്തില്‍ അല്ലാതെ അസൂയയില്ല. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ മന: പ്പാഠമാക്കി നല്‍കിയിട്ടുണ്ട്. അയാള്‍ അതുമായി രാത്രിയുടെ യാമങ്ങളില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നു. മറ്റൊരുപുരുഷന്‍ അയാള്‍ക്ക് അല്ലാഹു ധനം നല്‍കിയിട്ടുണ്ട്. അയാള്‍ അതു രാത്രിയിലും പകലിലും ധര്‍മ്മം ചെയ്യുന്നു. (ബുഖാരി. 6. 61. 543)
 
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ് അസൂയാര്‍ഹം. ഒരാള്‍ക്ക് അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന്ന് ലഭിച്ചത് പോലെയുളള അറിവ് എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന് പറയും. മറ്റൊരുപുരുഷന്‍, അല്ലാഹു അവന്ന് കുറെ ധനം നല്‍കിയിട്ടുണ്ട്. അവനതു സത്യമാര്‍ഗ്ഗത്തില്‍ ചിലവ് ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന് ലഭിച്ചപോലെയുളള ധനം എനിക്ക് ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി. 6. 61. 544)
 
14) ഉസ്മാന്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി. 6. 61. 545)
 
15) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: ഖുര്‍ആന്‍ മന: പാഠമാക്കിയവന്റെ ഉപമ കെട്ടിയിട്ട ഒട്ടകത്തിന്റെ ഉടമസ്ഥന്റെതു പോലെയാണ്. അതിനെ ശരിക്കു പാലിക്കുന്ന പക്ഷം എപ്പോഴും അവന്റെ നിയന്ത്രണത്തിലായിരിക്കും. കയര്‍ അഴിച്ചുവിട്ടാലോ അതിന്റെ വഴിക്ക് പോവുകയും ചെയ്യും. (ബുഖാരി. 6. 61. 549)
 
16) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഇന്നിന്ന ആയത്തുകള്‍ ഞാന്‍ മറന്നുപോയി. ഇപ്രകാരം നിങ്ങളില്‍ ആര്‍ക്കെങ്കിലും പറയുവാനിട വരുന്നത് വളരെ മോശമാണ്. ഞാന്‍ മറപ്പിക്കപ്പെട്ടുവെന്ന് അവന്‍ പറയട്ടെ. നിങ്ങള്‍ ഖുര്‍ആനിനെക്കുറിച്ചുളള ഓര്‍മ്മ പുതുക്കിക്കൊണ്ടിരിക്കുവിന്‍. ഉടമസ്ഥനെ വിട്ടു ഓടിപ്പോകുന്ന നാല്‍ക്കാലികളെക്കാളും മനുഷ്യഹൃദയങ്ങളില്‍ നിന്ന് ഖുര്‍ആന്‍ കൂടുതല്‍ വേഗത്തില്‍ ഓടിപ്പോയിക്കൊണ്ടിരിക്കും. (ബുഖാരി. 6. 61. 550)
 
17) അബൂമൂസാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഖുര്‍ആനുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവീന്‍. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. കയര്‍ മുറിച്ച് ചാടിപ്പോകുന്ന ഒട്ടകത്തേക്കാളും ശക്തിയോടെ ചാടിപ്പോകുന്നവന്നാണ് ഖുര്‍ആന്‍. (ബുഖാരി. 6. 61. 552)
 
18) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മരിച്ചപ്പോള്‍ എനിക്ക് പത്തു വയസ്സാണ്. ഞാന്‍ ഖുര്‍ആനിലെ മുഹ്കമ് (മുഫസ്വല്) ആയ അധ്യായങ്ങള്‍ മന: പ്പാഠമാക്കിയിരുന്നു. (ബുഖാരി. 6. 61. 554)
 
19) ഖതാദ(റ) പറയുന്നു: നബി(സ) എപ്രകാരമാണ് ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നതെന്ന് ഞാന്‍ അനസ്(റ) നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; അവിടുന്ന് നീട്ടിയാണ് ഓതിയിരുന്നത്. (ബുഖാരി. 6. 61. 565)
 
20) ജുന്‍ദുബ്(റ) നിവേദനം: നബി(സ) അരുളി: മനസ്സിന് ഉന്മേഷം തോന്നുന്ന സമയങ്ങളില്‍ നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. മനസ്സ് അങ്ങോട്ടുമിങ്ങോട്ടും മാറാന്‍ തുടങ്ങിയാലോ അതു നിറുത്തി എഴുന്നേറ്റ് പോവുക. (ബുഖാരി. 6. 61. 581)