വിഗ്രഹാരാധനയെ ശക്തമായി വിലക്കുന്ന ഖുര്‍ആന്‍ അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാനല്ലേ മുസ്ലിംകളെ പ്രേരിപ്പിക്കുന്നത്?

അല്ല. അന്യമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ നശിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന സൂക്തങ്ങളൊന്നുംതന്നെ ഖുര്‍ആനിലില്ല. മാത്രവുമല്ല. അമുസ്ലിംകള്‍ ആരാധിക്കുന്ന വസ്തുക്കളെ അവഹേളിക്കരുതെന്നാണ് ഖുര്‍ആനിന്റെ അനുശാസന: “അല്ലാഹുവിന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (16:108).
ഏകദൈവാരാധനയിലധിഷ്ഠിതമായ ഇസ്ലാം സൃഷ്ടിപൂജയെ വെറുക്കുന്നുവെന്നത് നേരാണ്. അതുകൊണ്ടുതന്നെ സൃഷ്ടിപൂജയുടെ നിരര്‍ഥകതയെ വെളിപ്പെടുത്തുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയെല്ലാം മനുഷ്യബുദ്ധിയെ തൊട്ടുണര്‍ത്തുന്നവയാണ്. സൃഷ്ടിപൂജയുടെ അധമത്വത്തില്‍നിന്ന് മാനവ സമുദായത്തെ മോചിപ്പിക്കുകയാണ് ഖുര്‍ആനിന്റെ ലക്ഷ്യം. ആരാധനാ മൂര്‍ത്തികളെ നശിപ്പിച്ചതുകൊണ്ട് മനുഷ്യരാശി സൃഷ്ടിപൂജയില്‍നിന്ന് കരകയറുമെന്ന മൂഢധാരണയൊന്നും ഖുര്‍ആനിനില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കല്ലുകളാലും മറ്റും നിര്‍മിക്കപ്പെട്ട  ആരാധനാമൂര്‍ത്തികളെയല്ല, മനുഷ്യ മനസ്സുകളില്‍ കൊത്തിവെക്കപ്പെട്ട വിഗ്രഹങ്ങളെയാണ്. ഈ വിഗ്രഹ ധ്വംസനത്തിന് ശക്തി പ്രയോഗിക്കുകയല്ല, യുക്തിയെ പ്രവര്‍ത്തനക്ഷമമാക്കുകയാണ് വേണ്ടതെന്ന് അല്ലാഹുവിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ചെയ്യുന്നത് വിഗ്രഹാരാധനക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുക യാണ്.
നജ്റാനിലെ ക്രൈസ്തവരുമായി പ്രവാചകനുണ്ടാക്കിയ കരാറില്‍നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. അതില്‍ നമുക്കിങ്ങനെ വായിക്കാം: ‘നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരോടൊപ്പം ജീവിക്കുന്നവര്‍ക്കും അവ രുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവക്കും അവരില്‍ സന്നിഹിതരായവര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ നിവേദക സംഘങ്ങള്‍ക്കും കുരിശ്, ക്രൈസ്തവ ദേവാലയം തുടങ്ങിയ മത ചിഹ്നങ്ങള്‍ക്കും അല്ലാഹുവിന്റെ അഭയവും അവന്റെ ദൂതന്‍ മുഹമ്മദിന്റെ സംരക്ഷണ ബാധ്യതയുമുണ്ട്. ഇവയുടെ നിലവിലുള്ള അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തുന്ന
തല്ല.  അവരുടെ പുരോഹിതനോ സന്യാസിയോ പരിപാലകനോ തല്‍സഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടുകയോ അവരുടെ ഏതെങ്കിലും അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ ഏതെങ്കിലും മതചിഹ്നങ്ങള്‍ മാറ്റപ്പെടുകയോ ഇല്ല’.
പ്രവാചകനുശേഷം ഖലീഫമാരും അവര്‍ക്കുശേഷം വന്ന മുസ്ലിം ഭരണാധികാരികളുമെല്ലാം അന്യമതസ്ഥര്‍ക്ക് ആരാധനാ സ്വാതന്ത്യ്രമനുവദിച്ചിരുന്നതായി അക്കാലത്തെ രേഖകളില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.
എന്നാല്‍ ഒരു രാഷ്ട്രം പൂര്‍ണമായി ഇസ്ലാമികമായിത്തീരുകയും വിഗ്രഹാരാധകരായി ആരും തന്നെ അവശേഷിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ദുഷിച്ച ബഹുദൈവാരാധനയിലേക്ക് മനുഷ്യരെ തിരിച്ചുവിടുന്ന വിഗ്രഹങ്ങളെയും ശവകുടീരങ്ങളെയും നശിപ്പിക്കാന്‍ പ്രവാചകന്‍ (സ) കല്‍പിച്ചതായി കാണുവാന്‍ കഴിയും. ജനങ്ങളെല്ലാം ഏകദൈവാരാധകരായി മാറിയതിനുശേഷമുളള ഒരു നടപടിയാ
ണിത്. ഒരു ബഹുമതസമൂഹത്തില്‍ മുസ്ലിം സ്വീകരിക്കേണ്ട നടപടിയല്ലെന്നര്‍ത്ഥം.

This entry was posted in ഖുര്‍ആനും അമുസ്ലിംകളും. Bookmark the permalink.

Leave a Reply

Your email address will not be published.