Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ധര്‍മ്മയുദ്ധം

മലയാളം ഹദീസുകള്‍


1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി:(മക്കാ)വിജയത്തിനുശേഷം ഹിജ്റ:യില്ല. എന്നാല്‍ ധര്‍മ്മയുദ്ധവും അതിനുള്ള ഉദ്ദേശവുമുണ്ട്. അപ്പോള്‍ യുദ്ധത്തിന് ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ അതിനു പുറപ്പെടുക. (ബുഖാരി. 4. 52. 42)
 
2) അബൂ ഹൂറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ മുമ്പില്‍ വന്നിട്ട് പറഞ്ഞു. ധര്‍മ്മയുദ്ധത്തിന് തുല്യമായ ഒരു പ്രവര്‍ത്തനം താങ്കള്‍ എനിക്ക് അറിയിച്ചു തന്നാലും. നബി(സ) അരുളി: ഞാനതു ദര്‍ശിക്കുന്നില്ല. ശേഷം നബി(സ) തുടര്‍ന്നു. ഒരു യോദ്ധാവ് യുദ്ധത്തിനു പോയിക്കഴിഞ്ഞാല്‍ നിന്റെ പള്ളിയില്‍ പ്രവേശിച്ച് ക്ഷീണിക്കാതെ നമസ്കരിച്ച് കൊണ്ടിരിക്കുവാനും മുറിക്കാതെ നോമ്പനുഷ്ഠിക്കുവാനും നിനക്ക് സാധിക്കുമോ? അയാള്‍ പറഞ്ഞു: ആര്‍ക്കാണതിന് സാധിക്കുക. അബൂഹൂറൈറ(റ) പറയുന്നു. നിശ്ചയം യോദ്ധാവിന്റെ കുതിര അതിന്റെ കയറിലായി ഉന്മേഷം കൊള്ളുന്നതുപോലും അവന് നന്മയായി രേഖപ്പെടുത്തപ്പെടും. (ബുഖാരി. 4. 52. 44)
 
3) അബൂസഈദ്(റ) നിവേദനം: പ്രവാചകരേ! മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി. ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍. (ബുഖാരി. 4. 52. 45)
 
4) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളിയതായി ഞാന്‍ കേട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്റെ ഉപമ-ആരാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ - നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്റെതുപോലെയാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ മരിക്കുന്നപക്ഷം അവന് സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തില്‍ നിന്ന് മടങ്ങുന്ന പക്ഷം അവനില്‍ നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്ന് ലഭിക്കുന്നു. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്ന് ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി. 4. 52. 46)
 
5) അബൂഹൂറൈ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയോതാന്‍ ജനിച്ച ഭൂമിയില്‍(വെറുതെ)ഇരിക്കുകയോ ചെയ്താലും ശരി. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ? നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്. അവ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് അവന്‍ ഒരുക്കി വെച്ചിരിക്കുന്നു. അവയിലെ ഈ രണ്ടു പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര അന്തരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ ഫിര്‍ദൌസിനെ ചോദിക്കുവിന്‍. നിശ്ചയം അതാണ്. സ്വര്‍ഗ്ഗത്തിലെ മധ്യഭാഗവും ഏറ്റവും ഉന്നതപദവിയുമാണ്. അല്ലാഹുവിന്റെ സിംഹാസനം അതിനു മുകളിലാണ് എന്നുകൂടി നബി(സ) അരുളിയെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അവിടെ നിന്നാണ് സ്വര്‍ഗ്ഗത്തിലെ അരുവികള്‍ പൊട്ടി ഒഴുകുന്നത്. (ബുഖാരി. 4. 52. 48)
 
6) അനസ്(റ) നിവേദനം: "അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ രാവിലെയോ വൈകുന്നേരമോ പുറപ്പെടല്‍ ഇഹലോകത്തേക്കാളും അതിലുള്ള സകലവസ്തുക്കളേക്കാളും പുണ്യമുള്ളതാണ്''. എന്ന് നബി(സ) അരുളി. (ബുഖാരി. 4. 52. 50)
 
7) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗത്തിലെ ഒരു വില്ലിന്റെ ഞാണ്‍ സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടക്കുള്ള എല്ലാ വസ്തുക്കളെക്കാളും ശ്രേഷ്ഠമായതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു പ്രഭാതത്തിലേയോ വൈകുന്നേരത്തെയോ ഉള്ള യാത്ര സൂര്യനുദിച്ച് അസ്തമിക്കുന്നതിന്നിടക്കുള്ള വസ്തുക്കളേക്കാള്‍ മഹത്വമേറിയതാണ്. (ബുഖാരി. 4. 52. 51)
 
8) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പ്രഭാതത്തിലെയും വൈകുന്നേരത്തിലെയും യാത്ര ദുന്‍യാവിനേക്കാളും അതിലുള്ള വസ്തുക്കളെക്കാളും ഏറ്റവും ഉത്തമമായതാണ്. (ബുഖാരി. 4. 52. 52)
 
9) അനസ്(റ) നിവേദനം:നബി(സ) അരുളി: മരണപ്പെടുന്ന യാതൊരു വ്യക്തിയും അല്ലാഹുവിന്റെ അടുത്തു അവന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നന്മകാരണം ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ ലഭിച്ചാലും ദുന്‍യാവിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയില്ല. രക്തസാക്ഷികള്‍ ഒഴികെ. അവര്‍ ദുന്‍യാവിലേക്ക് തിരിച്ചുവന്നു ഒന്നുകൂടി രക്തസാക്ഷിയാവാന്‍ ആഗ്രഹിക്കുന്നതാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗവാസികളില്‍പ്പെട്ട ഒരു സ്ത്രീ ഭൂനിവാസികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആകാശഭൂമികള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ മുഴുവനും സുഗന്ധത്താല്‍ നിറയുന്നതാണ്. ആ വനിതകള്‍ തലയിലിടുന്ന തട്ടം ഈ ലോകത്തേക്കാളും അതിലുള്ള സര്‍വ്വവസ്തുക്കളേക്കാളും വിലപിടിച്ചതാണ്. (ബുഖാരി. 4. 52. 53)
 
10) അനസ്(റ) നിവേദനം: ഒരിക്കല്‍ ബനൂസുലൈം ഗോത്രക്കാരായ എഴുപതുപേരെ നബി(സ) ബനൂആമിര്‍ ഗോത്രക്കാരുടെ അടുക്കലേക്ക് നിയോഗിച്ചു. അവര്‍ അവിടെയെത്തിയപ്പോള്‍ എന്റെ അമ്മാവന്‍ അവരോട് പറഞ്ഞു; നിങ്ങളെക്കാള്‍ മുമ്പ് ഞാന്‍ അവരുടെയടുത്തേക്ക് പോകാം. നബി(സ)യുടെ സന്ദേശം ഞാനവര്‍ക്കെത്തിക്കും വരേക്കും അവരെനിക്ക് അഭയം നല്‍കിയാല്‍ ഞാന്‍ നിങ്ങളേയും വിളിക്കാം. അല്ലാത്തപക്ഷം നിങ്ങളെന്റെ സമീപത്തായി നിന്നാല്‍ മതി. അങ്ങനെ അദ്ദേഹം മുന്നിട്ടുചെന്നു. അവരദ്ദേഹത്തിന് അഭയം നല്‍കി. അദ്ദേഹം അവരോട് നബി(സ)യെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ക്ക് സൂചന നല്‍കുകയും ഉടനെയവന്‍ അദ്ദേഹത്തിന് കുന്തംകൊണ്ട് കുത്തുകൊടുത്തു. അത് അദ്ദേഹത്തിന്റെ ശരീരത്തില്‍ തുളച്ചുകയറി. അദ്ദേഹം പറഞ്ഞു. അല്ലാഹു അക്ബര്‍! കഅ്ബ: യുടെ രക്ഷിതാവ് സത്യം. ഞാന്‍ വിജയിച്ചുകഴിഞ്ഞു. ശേഷം അദ്ദേഹത്തിന്റെ ശേഷിച്ച സ്നേഹിതന്മാരുടെ നേരെ തിരിഞ്ഞു. അവരുടെ കൂട്ടത്തില്‍ മുടന്തനായ ഒരാളൊഴികെ മറ്റെല്ലാവരെയും കൊന്നുകളഞ്ഞു. മുടന്തന്‍ ഒരു മലമുകളില്‍ കയറി രക്ഷപ്പെട്ടു. ഈയവസരത്തില്‍ ജീബ്രീല്‍ (അ) നബി(സ)യെ സമീപിച്ച് അവരെല്ലാം തങ്ങളുടെ നാഥനെ കണ്ടുമുട്ടിയെന്നും അവരുടെ നാഥന്‍ അവരെ സംബന്ധിച്ചും അവര്‍ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നുവെന്നും അറിയിച്ചു. ഞങ്ങള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു. "ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടിക്കഴിഞ്ഞു. എന്നിട്ട് അവന്‍ ഞങ്ങളെക്കുറിച്ചും ഞങ്ങള്‍ അവനെക്കുറിച്ചും സംതൃപ്തനായിരുന്നു. ഇതു ഞങ്ങളുടെ ജനതയെ നിങ്ങള്‍ അറിയിക്കുവിന്‍'' ശേഷം ഈ വാക്യം ദുര്‍ബ്ബലപ്പെടുത്തി. അതിനുശേഷം നബി(സ) ദിഅ്ല്, ദക്വാന്‍, ബനൂലിഹ്യാന്‍, ബനൂഉസയ്യ് - അല്ലാഹുവിനോടും അവന്റെ ദൂതനോടും ധിക്കാരം പ്രവര്‍ത്തിച്ചവരാണവര്‍ - എന്നീ ഗോത്രങ്ങള്‍ക്കെതിരില്‍ നാല്‍പത് പ്രഭാതത്തില്‍ പ്രാര്‍ത്ഥന (ഖുനൂതൂ) നടത്തി. (ബുഖാരി. 4. 52. 57)
 
11) ജൂന്‍ദുബ്(റ) നിവേദനം: നിശ്ചയം ഒരു യുദ്ധത്തില്‍ നബി(സ)യുടെ ഒരു വിരല്‍ മുറിഞ്ഞ് രക്തമൊഴുകാന്‍ തുടങ്ങി. അപ്പോള്‍ അവിടുന്നു ഇപ്രകാരം പാടി: രക്തമൊഴുകുന്ന ഒരു വിരലല്ലാതെ മറ്റെന്താണ് നീ. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലാണ് നീ ഈ വിപത്ത് നേരിട്ടത്. (ബുഖാരി. 4. 52. 58)
 
12) അബൂഹുറൈ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാളും മുറിവേല്‍ക്കുകയില്ല - ആരാണ് അവന്റെ മാര്‍ഗ്ഗത്തില്‍ മുറിവേല്‍ക്കുന്നവനെന്ന് അല്ലാഹുവിനാണ് അറിയുക - അന്ത്യനാളില്‍ അവന്റെ മുറിവില്‍ നിന്നും രക്തമൊഴുകുന്ന നിലയിലല്ലാതെ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയില്ല. ആ മുറിവില്‍ വര്‍ണ്ണം രക്തത്തിന്റെ വര്‍ണ്ണമാണ്. എന്നാല്‍ ഗന്ധം കസ്തൂരിയുടേതുമായിരിക്കും. (ബുഖാരി. 4. 52. 59)
 
13) അനസ്(റ) പറയുന്നു: അനസ്ബ്നുന്നളീറിന്റെ സഹോദരി റുബയ്യിഅ് ഒരു സ്ത്രീയുടെ മുന്‍പല്ല് പൊട്ടിച്ചു കളഞ്ഞു. നബി(സ) ശിക്ഷാ നടപടി എടുക്കാന്‍ കല്‍പിച്ചു. അപ്പോള്‍ അനസ്ബ്നുന്നളീര്‍(റ) പറഞ്ഞു. പ്രവാചകരേ! സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. ഉടനെ നഷ്ടപരിഹാരം വാങ്ങല്‍ കൊണ്ട് അന്യായക്കാര്‍ തൃപ്തിപ്പെട്ടു. ശിക്ഷാ നടപടി അവര്‍ വേണ്ടെന്നു വെക്കുകയും ചെയ്തു. അന്നേരം നബി(സ) അരുളി: അല്ലാഹുവിന്റെ ദാസന്മാരില്‍ ചില ആളുകളുണ്ട്. അല്ലാഹുവിന്റെ മേല്‍ സത്യം ചെയ്തു കൊണ്ട് അവര്‍ ഒരു സംഗതി ചോദിച്ചാല്‍ അല്ലാഹു അവര്‍ക്കതു നിറവേറ്റിക്കൊടുക്കും. (ബുഖാരി. 4. 52. 61)
 
14) സൈദ്ബ്നു സാബിതു(റ) നിവേദനം: ഖുര്‍ആന്‍ വാക്യങ്ങള്‍ എഴുതി വെച്ചിരുന്ന മുസ്ഹഫില്‍ നിന്ന് അവയെല്ലാം ഒരു മുസ്വഹഫിലേക്ക് ആക്കിയപ്പോള്‍ അഹ്സാബ് സൂറത്തിലെ ഒരായത്തു ഞാന്‍ കണ്ടില്ല. നബി(സ) അതു പാരായണം ചെയ്യുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അവസാനം ഖുസൈമത്തൂര്‍ അന്‍സാരിയുടെ പക്കല്‍ നിന്നാണു എനിക്കതു കണ്ടുകിട്ടിയത്. അദ്ദേഹത്തിന്റെ സാക്ഷ്യത്തെ രണ്ടു പുരുഷന്മാരുടെ സാക്ഷ്യത്തിന് തുല്യമാക്കിക്കൊണ്ട് നബി(സ) വിധി കല്‍പ്പിച്ചിട്ടുണ്ട്. സത്യവിശ്യാസികളില്‍ ചില പുരുഷന്മാരുണ്ട്. അല്ലാഹു ചെയ്ത കരാര്‍ അവര്‍ സാക്ഷാത്കരിച്ചിരിക്കുന്നു എന്ന ഖുര്‍ആന്‍ വാക്യമാണത്. (ബുഖാരി. 4. 52. 62)
 
15) ബറാഅ്(റ) നിവേദനം: ഇരുമ്പിന്റെ മുഖംമൂടി ധരിച്ച ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അങ്ങനെ അദ്ദേഹം പറഞ്ഞു. പ്രവാചകരേ! ഞാന്‍ യുദ്ധം ചെയ്യുകയോ ഇസ്ളാം മതം സ്വീകരിക്കുകയോ ഏതാണ് ചെയ്യേണ്ടത്? നബി(സ) പറഞ്ഞു: നീ ആദ്യം മുസ്ലീമാകുക. ശേഷം നീ യുദ്ധം ചെയ്യുക. ഉടനെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. എന്നിട്ട് യുദ്ധം ചെയ്തു; ശഹീദായി. നബി(സ) അരുളി: അദ്ദേഹം അല്‍പം പ്രവര്‍ത്തിച്ചു കൂടുതല്‍ പുണ്യം കരസ്ഥമാക്കി. (ബുഖാരി. 4. 52. 63)
 
16) അനസ്(റ) നിവേദനം: ബറാഇന്റെ മകള്‍ ഉമ്മുഹാരിസ്(റ) നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെ! ഹാരിസിനെക്കുറിച്ച് അവിടുന്ന് എനിക്ക് വിവരിച്ചു തന്നാലും - അദ്ദേഹം ബദര്‍ യുദ്ധത്തില്‍ ഒരു ഒളിയമ്പ് ബാധിച്ചാണ് മരണപ്പെട്ടത് - അവന്‍ സ്വര്‍ഗ്ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിച്ചുകൊള്ളാം. മറിച്ചാണെങ്കില്‍ അദ്ദേഹത്തെചൊല്ലി കരയാന്‍ ഞാന്‍ പാടുപെടും. നബി(സ) അരുളി: ഹാരിസിന്റെ മാതാവേ! സ്വര്‍ഗ്ഗത്തില്‍ നിശ്ചയം പല പദവികളുണ്ട്. നിന്റെ പുത്രന് ലഭിച്ചിരിക്കുന്നത് മഹോന്നതമായ ഫിര്‍ദൌസാണ്. (ബുഖാരി. 4. 52. 64)
 
17) അബൂമൂസാ(റ) നിവേദനം: ഒരാള്‍ നബി(സ)യുടെ അടുത്തു വന്നു പറഞ്ഞു. ഒരാള്‍ ധനം മോഹിച്ച് യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ പ്രസിദ്ധിക്കുവേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരുത്തന്‍ തന്റെ സ്ഥാനം മറ്റുള്ളവര്‍ കാണാന്‍ വേണ്ടി യുദ്ധം ചെയ്യുന്നു. ഇവരില്‍ ആരാണ് ദൈവ മാര്‍ഗ്ഗത്തില്‍? നബി(സ) അരുളി: അല്ലാഹുവിന്റെ വചനം (തൌഹീദ്) ഉയര്‍ന്നുനില്‍ക്കാന്‍വേണ്ടി യുദ്ധം ചെയ്യുന്നവന്‍ ആരോ അവന്‍ മാത്രമാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍. (ബുഖാരി. 4. 52. 65)
 
18) അബ്ദുറഹ്മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരാളുടെ ഇരു കാല്‍പാദങ്ങളിലും മണ്ണ് പുരളുകയും അതിന് നരകാഗ്നി സ്പര്‍ശിക്കലും ഉണ്ടാവുകയില്ലെന്ന് നബി(സ) അരുളുകയുണ്ടായി. (ബുഖാരി. 4. 52. 66)
 
19) ആയിശ:(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധം കഴിഞ്ഞു മടങ്ങി. ആയുധങ്ങളെല്ലാം ഇറക്കിവെച്ച് കുളിച്ചു. അപ്പോള്‍ ജിബ്രീല്‍ വന്ന് - നബി(സ)യുടെ തലയില്‍ മണ്ണ് മൂടിപ്പൊടിഞ്ഞിരുന്നു - ചോദിച്ചു. അവിടുന്നു ആയുധം ഇറക്കിവെച്ചിട്ടില്ല. നബി(സ) ചോദിച്ചു. ഇനി എങ്ങോട്ടാണ്? ഇങ്ങോട്ട് എന്ന് പറഞ്ഞിട്ട് ബനൂഖുറൈളാ ഗോത്രത്തിന്റെ കേന്ദ്രത്തിലേക്ക് ജീബ്രീല്‍ ചൂണ്ടിക്കാട്ടി. ആയിശ(റ) പറയുന്നു: അപ്പോള്‍ നബി(സ) അവരുടെ ഭാഗത്തേക്ക് പുറപ്പെട്ടു. (ബുഖാരി. 4. 52. 68)
 
20) അനസ്(റ) നിവേദനം: വല്ലവനും സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ അവന് ലഭിച്ചാലും ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുകയില്ല. രക്തസാക്ഷി ഒഴികെ അവന്‍ ദുന്‍യാവിലേക്ക് മടക്കത്തെ ആഗ്രഹിക്കുന്നു. അങ്ങനെ പത്തു പ്രാവശ്യം വധിക്കപ്പെടുവാനും. അവന് അതുമൂലം ലഭിക്കുന്ന ആദരവ് അവന്‍ ദര്‍ശിച്ചതിനാല്‍. (ബുഖാരി. 4. 52. 72)
 
21) അബ്ദുല്ലാഹിബ്നു അബി ഔഫാ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ അറിയുവിന്‍! നിശ്ചയം വാളിന്റെ നിഴലിന്ന് കീഴില്‍ സ്വര്‍ഗമുണ്ട്. (ബുഖാരി. 4. 52. 73)
 
22) ജൂബൈറ്ബ്നു മുത്വ്ളം(റ) നിവേദനം: അദ്ദേഹം നബി(സ)യുടെ കൂടെ ഹൂനൈന്‍ യുദ്ധത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. യാചിച്ചും കൊണ്ട് ജനങ്ങള്‍ നബി(സ)യെ ബന്ധിക്കുകയും ഒരു എലന്തമരത്തിന്റെ അടുത്തേക്കു നീങ്ങുവാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയും ചെയ്തു. അവിടുത്തെ തട്ടം അതിന്മേല്‍ കൊളുത്തി വലിച്ചു. നബി(സ) അവിടെ നിന്നുകൊണ്ട് പറഞ്ഞു. നിങ്ങള്‍ എന്റെ തട്ടം എനിക്ക് തരിക. ഈ കാണുന്ന മരങ്ങള്‍ക്ക് എണ്ണം ഒട്ടകങ്ങള്‍ എനിക്കുണ്ടായാല്‍ ഞനതു നിങ്ങള്‍ക്കിടയില്‍ മുഴുവനും വീതിച്ചു തരുന്നതാണ്. നിങ്ങള്‍ എന്നെ പിശുക്കനായും വ്യാജനായും ഭീരുവായും ദര്‍ശിക്കുകയില്ല. (ബുഖാരി. 4. 52. 75)
 
23) അംറ്(റ) നിവേദനം: സഅ്ദ്(റ) ഒരു അധ്യാപകന്‍ കുട്ടികളെ സാക്ഷരത പഠിപ്പിക്കുന്നതുപോലെ, താഴെ പറയുന്ന വാക്യങ്ങള്‍ ഞങ്ങളെ പഠിപ്പിക്കാറുണ്ടായിരുന്നു. നബി(സ) നമസ്കാരത്തിന്റെ ശേഷം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ഭീരുത്വത്തില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. വയസ്സിന്റെ മോശമായ അവസ്ഥയിലേക്ക് ഞാന്‍ മടക്കപ്പെടുന്നതില്‍ നിന്നും ദുന്‍യാവിന്റെ കുഴപ്പത്തില്‍ നിന്നും ഖബറിലെ ശിക്ഷയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. മുസ്ഹഅബിനോട് ഞാന്‍ ഈ ഹദീസ് പറഞ്ഞപ്പോള്‍ അദ്ദേഹം ഇതിനെ സത്യപ്പെടുത്തി. (ബുഖാരി. 4. 52. 76)
 
24) അനസ്(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ട്. അല്ലാഹുവേ, ദുര്‍ബ്ബലത, അലസത, ഭീരുത്വം, വാര്‍ധക്യം എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു. (ബുഖാരി. 4. 52. 77)
 
25) സാഇബ്ബ്നു യസീദ്(റ) പറയുന്നു: ത്വല്‍ഹ, സഅ്ദ, മിഖ്ദാദ്, അബ്ദുറഹ്മാന്‍ മുതലായവരെ ഞാന്‍ സഹവസിച്ചിട്ടുണ്ട്. ഇവരില്‍ ആരും തന്നെ നബി(സ) യില്‍ നിന്ന് ഹദീസ് ഉദ്ധരിക്കുന്നതുകൊണ്ട് ഞാന്‍ കേട്ടിട്ടില്ല. ഉഹ്ദ്യുദ്ധത്തെ സംബന്ധിച്ച് ത്വല്‍ഹ: വിവരിച്ചുപറഞ്ഞതല്ലാതെ. (ബുഖാരി. 4. 52. 78)
 
26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ട് വ്യക്തികളെ നോക്കിയിട്ട് അല്ലാഹു ചിരിക്കും. അവരില്‍ ഒരാള്‍ മറ്റെയാളെ വധിക്കുന്നു. രണ്ടുപേരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്തു വധിക്കപ്പെടുന്നു. ശേഷം അയാളെ കൊന്നവന്റെ പാപം അല്ലാഹു പൊറുത്തുകൊടുക്കും. അങ്ങനെ അദ്ദേഹവും രക്തസാക്ഷിയാവും. (ബുഖാരി. 4. 52. 80)
 
27) അനസ്(റ) നിവേദനം: അബൂത്വല്‍ഹ:(റ) നബി(സ)യുടെ കാലത്തു യുദ്ധം കാരണം (സുന്നത്ത്) നോമ്പ് നോല്‍ക്കാറുണ്ടായിരുന്നില്ല. നബി(സ) മരണപ്പെട്ടശേഷം ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ എന്നീ രണ്ടു ദിവസങ്ങളിലല്ലാതെ അദ്ദേഹം നോമ്പുപേക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുമില്ല. (ബുഖാരി. 4. 52. 81)
 
28) അനസ്(റ) നിവേദനം: നബി(സ) അരുളി: പ്ളേഗ് രോഗം ഓരോ മുസ്ളിമിന്നും രക്തസാക്ഷിത്വമാണ്. (ബുഖാരി. 4. 52. 82)
 
29) ബറാഅ്(റ) പറയുന്നു: സത്യവിശ്വാസികളില്‍ നിന്നു യുദ്ധത്തെവിട്ടു ഇരുന്നു കളയുന്നവരും. എന്നു തുടങ്ങുന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) സൈദ്(റ) നെ വിളിച്ചു. അദ്ദേഹം ഒരു എല്ലിന്റെ കഷ്ണവുമായി വന്നു. അതു എഴുതി രേഖപ്പെടുത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍ ഇബ്നു ഉമ്മി മക്തൂമ(റ) വന്ന് തന്റെ അന്ധതയെക്കുറിച്ച് ആവലാതിപ്പെട്ടു. (ബുഖാരി. 4. 52. 84)
 
30) സഹ്ല്(റ) പറയുന്നു: മര്‍വാന്‍ പള്ളിയില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ മുന്നിട്ടുവന്ന് അദ്ദേഹത്തിന്റെ അടുത്തു ഇരുന്നു. അപ്പോള്‍ സൈദ്ബ്നു സാബിത്(റ) പറഞ്ഞതായി അദ്ദേഹം ഞങ്ങളോട് ഇപ്രകാരം പ്രസ്താവിച്ചു. നബി(സ) എനിക്ക് ഓതി തന്നു: "സത്യവിശ്വാസികളില്‍ നിന്ന് (യുദ്ധത്തെവിട്ടു) ഇരിക്കുന്നവരും'' അപ്പോള്‍ ഉമ്മു മക്തൂമിന്റെ മകന്‍ കയറിവന്നു പറഞ്ഞു: പ്രവാചകരേ! എനിക്ക് ജിഹാദിന് സാധിക്കുമായിരുന്നുവെങ്കില്‍ ഞാനതു ചെയ്യുമായിരുന്നു - അദ്ദേഹം ഒരു അന്ധനായിരുന്നു - അപ്പോള്‍ അല്ലാഹു "ബുദ്ധിമുട്ടുള്ളവര്‍ ഒഴികെ'' എന്ന ഭാഗം അവതരിച്ചു. ആ സന്ദര്‍ഭത്തില്‍ നബി(സ)യുടെ തുട എന്റെ തുടക്ക് മീതെ വെച്ചിരിക്കുകയായിരുന്നു. അന്നേരം ഉണ്ടായ ഭാരം മൂലം എന്റെ തുട പൊട്ടുമോ എന്നെനിക്ക് ഭയം തോന്നി. പിന്നീട് നബി(സ) യില്‍ നിന്ന് ആ അവസ്ഥ നീങ്ങിപ്പോയി. (ബുഖാരി. 4. 52. 85)
 
31) അനസ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധസന്ദര്‍ഭത്തില്‍ കിടങ്ങ് കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു പുറപ്പെട്ടു. അപ്പോള്‍ കഠിനശൈത്യമുള്ള പ്രഭാതത്തില്‍ മുഹാജിറുകളും അന്‍സാരികളുമതാ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുന്നു. അന്ന് അവര്‍ക്ക് ജോലിചെയ്യുവാന്‍ ഭൃത്യന്മാരും ഉണ്ടായിരുന്നില്ല. അവരെ ബാധിച്ചിരുന്ന ക്ഷീണവും വിശപ്പും കണ്ടപ്പോള്‍ നബി(സ) ഇങ്ങിനെ പാടി: "അല്ലാഹുവേ! ജീവിതം യഥാര്‍ത്ഥത്തില്‍ പരലോകജീവിതം മാത്രമാണ്. അല്ലാഹുവേ! അന്‍സാരികള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തു കൊടുക്കേണമേ. അപ്പോള്‍ നബി(സ)ക്ക് മറുപടിയായി അവര്‍ പറഞ്ഞു. ഞങ്ങള്‍ മുഹമ്മദിന് അനുസരണ പ്രതിജ്ഞ ചെയ്തവരാണ്. ജീവിച്ചിരിക്കുന്ന കാലമത്രയും പോരാട്ടത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. (ബുഖാരി. 4. 52. 87)
 
32) ബറാഅ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധദിവസം മണ്ണു ചുമക്കുകയുണ്ടായി. അവിടുന്നു പറയും. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗ്ഗത്തിലാകുമായിരുന്നില്ല. (ബുഖാരി. 4. 52. 89)
 
33) ബറാഅ്(റ) പറയുന്നു: അഹ്സാബ് യുദ്ധത്തില്‍ നബി(സ) മണ്ണ് ചുമന്നുകൊണ്ടു പോകുന്നത് ഞാന്‍ കണ്ടു. നബി(സ)യുടെ വെളുത്ത വയറ് മണ്ണുപുരണ്ടു കഴിഞ്ഞിരുന്നു. അവിടുന്നു ഇപ്രകാരം പാടിക്കൊണ്ടിരുന്നു. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നേര്‍മാര്‍ഗ്ഗം സിദ്ധിക്കുമായിരുന്നില്ല. ഞങ്ങള്‍ ദാനം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നീ ശാന്തി പ്രദാനം ചെയ്യേണമേ. ശത്രുക്കളെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഞങ്ങളെ ആക്രമിക്കുന്നവര്‍ ഞങ്ങളെ മര്‍ദ്ദിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളതു തടയുകതന്നെ ചെയ്യും. (ബുഖാരി. 4. 52. 90)
 
34) അനസ്(റ) പറയുന്നു: തബൂക്ക് യുദ്ധത്തില്‍ നിന്ന് നബി(സ)യുടെ കൂടെ ഞങ്ങള്‍ മടങ്ങി. (ബുഖാരി. 4. 52. 92)
 
35) അനസ്(റ) നിവേദനം: നബി(സ) ഒരു യൂദ്ധത്തില്‍ അരുളി: നമ്മോടൊപ്പം പോരാതെ മദീനായില്‍ ചില ആളുകള്‍ പിന്തി നില്‍ക്കുന്നുണ്ട്. നാം ഒരു മലയിടുക്കിലോ താഴ്വരയിലോ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ അവരും നമ്മുടെ കൂടെ (മനസ്സുകൊണ്ട്)ഉണ്ടാവാതിരിക്കുന്നില്ല. ചില പ്രതിബന്ധങ്ങളാണ് അവരെ തടസ്സപ്പെടുത്തിയത്. (ബുഖാരി. 4. 52. 92)
 
36) അബുസഈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ (യുദ്ധം ചെയ്യുവാന്‍) ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ 70 കൊല്ലത്തെ യാത്രാ ദൂരം വരെ അല്ലാഹു അവന്റെ മുഖത്തെ നരകത്തില്‍ നിന്ന് വിദൂരമാക്കുന്നതാണ്. (ബുഖാരി. 4. 52. 93)
 
37) സൈദ്ബ്നുഖാലിദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവന് യുദ്ധോപകരണങ്ങള്‍ വല്ലവനും തയ്യാറാക്കിയാല്‍ അവന്‍ യുദ്ധം ചെയ്തു. വല്ലവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്ന ഒരു യോദ്ധാവിന്റെ കുടുംബത്തിലിരുന്ന് മുസ്ളിമിന്റെ താല്പര്യങ്ങള്‍ നല്ലനിലക്ക് സംരക്ഷിച്ചാല്‍ അവനും യുദ്ധം ചെയ്തു. (ബുഖാരി. 4. 52. 96)
 
38) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരൊഴിച്ച് മറ്റൊരു സ്ത്രീയുടെ വീട്ടിലും പ്രവേശിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മുസുലൈമിന്റെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് അരുളി: എനിക്കവളോട് വളരെ അനുകമ്പയുണ്ട്. എന്നോടൊപ്പം യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവളുടെ സഹോദരന്‍ മരണമടഞ്ഞത്. (ബുഖാരി. 4. 52. 97)
 
39) അനസ്(റ) പറയുന്നു: യമാമ യുദ്ധസന്ദര്‍ഭത്തില്‍ അദ്ദേഹം സാബിത്തിബ്നു ഖൈസിന്റെയടുക്കല്‍ ചെന്നു. സാബിത്തു തന്റെ രണ്ടു തുടയില്‍ നിന്നും തുണി പൊക്കിയിട്ടു സുഗന്ധം പൂശിക്കൊണ്ടിരിക്കുകയായിരുന്നു'. അനസ്(റ) ചോദിച്ചു. എന്റെ പിതൃവ്യാ! എന്തുകൊണ്ടാണ് താങ്കള്‍ യുദ്ധരംഗത്തേക്ക് വരാതെ പിന്തി നില്‍ക്കുന്നത്? സാബിത്തൂ(റ) പറഞ്ഞു: എന്റെ സഹോദരപുത്രാ! ഇതാ എത്തിക്കഴിഞ്ഞു. ശേഷം സുഗന്ധദ്രവ്യം തുടര്‍ന്നു അദ്ദേഹം പൂശിക്കൊണ്ടിരുന്നു. പിന്നീടദ്ദേഹം വന്ന് ഇരിക്കുകയും ആളുകള്‍ യുദ്ധക്കളം വിട്ടോടിപ്പോയ വാര്‍ത്ത വിവരിക്കുകയും ചെയ്തു. അദ്ദേഹംപറഞ്ഞു: ഞങ്ങള്‍ ശത്രുക്കളുമായി ഇങ്ങിനെ നേരിട്ടാണ് പടവെട്ടിയിരുന്നത്. അല്ലാതെ ഇന്നു കാണുന്ന ഈ രൂപത്തിലല്ല നബി(സ) യോടൊപ്പം ഞങ്ങള്‍ യുദ്ധം ചെയ്തിരുന്നത്. നിങ്ങളുടെ തലമുറയെ നിങ്ങള്‍ പരിശീലിപ്പിച്ച സമ്പ്രദായം എത്ര മോശമായിരിക്കുന്നു. (ബുഖാരി. 4. 52. 98)
 
40) ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധവേളയില്‍ നബി(സ) പറഞ്ഞു: ശത്രുക്കളുടെ വാര്‍ത്ത ആരാണ് എനിക്ക് കൊണ്ടുവന്നു തരിക? അപ്പോള്‍ സുബൈര്‍(റ) മറുപടി പറഞ്ഞു: ഞാനൊരുക്കമാണ്. നബി(സ) പ്രത്യുത്തരം നല്‍കി. എല്ലാ നബിമാര്‍ക്കും ആത്മാര്‍ത്ഥ സ്നേഹിതന്മാരുണ്ട്. എന്റെ ആത്മാര്‍ത്ഥ സ്നേഹിതന്‍ സുബൈര്‍ ആണ്. (ബുഖാരി. 4. 52. 99)
 
41) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനം വരെ കുതിരയുടെ മൂര്‍ദ്ധാവില്‍ നന്മയുണ്ട്. (ബുഖാരി. 4. 52. 102)
 
42) ഉര്‍വ:(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: കുതിരയുടെ നെറുകയില്‍ നന്മയുണ്ട്. (ബുഖാരി. 4. 52. 103)
 
43) അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ അരുളി: വല്ലവനും ഒരു ഒട്ടകത്തെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്തു വെച്ചു. അല്ലാഹുവില്‍ വിശ്വസിച്ചുകൊണ്ടും അവന്റെ വാഗ്ദാനത്തെ സത്യപ്പെടുത്തിക്കൊണ്ടും. എന്നാല്‍ അത് വയറു നിറക്കുന്നതും ദാഹം തീര്‍ക്കുന്നതും അതിന്റെ കാഷ്ഠവും മൂത്രവും എല്ലാം തന്നെ അന്ത്യദിനത്തില്‍ മീസാനില്‍ ഉണ്ടാവുന്നതാണ്. (ബുഖാരി. 4. 52. 105)
 
44) അനസ്(റ) നിവേദനം: നബി(സ)ക്ക് "അള്ബാഅ്" എന്നു പേരുളള ഒരൊട്ടകമുണ്ടായിരുന്നു. നടത്തത്തില്‍ അതിനെ മുന്‍കടക്കൂവാന്‍ ഒരൊട്ടകത്തിനും കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഒരു ഗ്രാമീണന്‍ യൌവനം നിറഞ്ഞ ഒരൊട്ടകപ്പുറത്തു കയറി നബി(സ)യുടെ ആ ഒട്ടകത്തെ പരാജയപ്പെടുത്തിക്കൊണ്ടു മുന്‍കടന്നു. അതു മുസ്ളിംകള്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുകയും അവരുടെ പ്രയാസം നബി(സ)ക്ക് മനസ്സിലാകുകയും ചെയ്തു. അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു: ലോകത്ത് ഏതൊരു വസ്തുവും ഉയര്‍ന്നു കഴിഞ്ഞാല്‍ അതിനെ താഴ്ത്തി വെക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയാണ്. (ബുഖാരി. 4. 52. 124)
 
45) ആയിശ:(റ) നിവേദനം: നബി(സ) ഒരു യാത്രക്ക് ഉദ്ദേശിച്ചാല്‍ തന്റെ ഭാര്യമാരുടെ ഇടയില്‍ നറുക്കിടും. ആരുടെ നറുക്കാണോ ലഭിച്ചത് അവരുമായി യാത്ര പുറപ്പെടും അങ്ങനെ ഒരു യുദ്ധത്തില്‍ നബി(സ) നറുക്കിടുകയും എന്റെ നറുക്ക് ലഭിക്കുകയും ഞാന്‍ നബി(സ)യുടെ കൂടെ പുറപ്പെടുകയും ചെയ്തു. ഈ സംഭവം ഹിജാബിന്റെ ആയത്ത് അവതരിപ്പിക്കപ്പെട്ട ശേഷമാണ്. (ബുഖാരി. 4. 52. 130)
 
46) അനസ്(റ) പയുന്നു: ഉഹ്ദ് യുദ്ധദിവസത്തില്‍ ജനങ്ങള്‍ നബി(സ) യില്‍ നിന്ന് തോറ്റോടുവാന്‍ തുടങ്ങി. അബൂബക്കറിന്റെ പുത്രി ആയിശ(റ)യും ഉമ്മു സുലൈമും(റ) തോല്‍പാത്രങ്ങളില്‍ വെളളം കൊണ്ടു വരികയുണ്ടായി. വസ്ത്രം അവര്‍ കയറ്റിയതിനാല്‍ അവരുടെ കാല്‍പാദങ്ങള്‍ ഞാന്‍ ദര്‍ശിക്കുകയുണ്ടായി. ശേഷം പട്ടാളക്കാരുടെ വായില്‍ അവര്‍ അത് ഒഴിച്ചു കൊടുക്കും. വീണ്ടും മടങ്ങിവന്ന് വെളളം നിറക്കും. (ബുഖാരി. 4. 52. 131)
 
47) സഅ്ലബ്(റ) നിവേദനം: മദീനയിലെ സ്ത്രീകള്‍ക്കിടയില്‍ ഒരിക്കല്‍ ഉമര്‍(റ) കുറെ തുണികള്‍ പങ്കിട്ടു കൊടുത്തു. അവസാനം ഒരു നല്ല തുണി ബാക്കിയായി. അദ്ദേഹത്തിന്റെ അടുത്തു ഉണ്ടായിരുന്നവരില്‍ ചിലര്‍ പറഞ്ഞു. അമീറുല്‍ മുഅ്മീനിന്‍!അങ്ങയുടെ(ഭാര്യയായി) അടുത്തുളള നബിയുടെ പുത്രിക്ക് ഇത് നല്‍കിയാലും. അലി(റ) യുടെ പുത്രി ഉമ്മു കുല്‍സുമിനെയാണ് അവരുദ്ദേശച്ചത്. ഉമര്‍(റ) പറഞ്ഞു. ഇത് ഉമ്മുസലീത്തിന് കൊടുക്കാനാണ് ഏറ്റവും അവകാശപ്പെട്ടത്. നബി(സ) യുമായി അനുസരണപ്രതിജ്ഞ ചെയ്ത അന്‍സാരി സ്ത്രീകളില്‍ ഒരാളാണവര്‍. ഉമര്‍(റ) തുടര്‍ന്നു പറഞ്ഞു:ഉഹ്ദ് യുദ്ധത്തില്‍ തോല്‍ പാത്രത്തില്‍ വെളളം നിറച്ച് ഞങ്ങള്‍ക്ക് കൊണ്ടുതന്നിരുന്നത് അവരായിരുന്നു. (ബുഖാരി. 4. 52. 132)
 
48) റുബയ്യിഅ്(റ) നിവേദനം: നബി(സ) യുദ്ധത്തിന് പോകുമ്പോള്‍ ഞങ്ങളും കൂടെ പോകാറുണ്ട്. പട്ടാളക്കാര്‍ക്ക് കുടിക്കാന്‍ വെളളംകൊണ്ടുപോയി കൊടുക്കുക, മുറിവേറ്റവരെ ചികിത്സിക്കുക, മരണമടഞ്ഞവരെ മദീനയിലേക്ക് കൊണ്ടുവരിക ഇതെല്ലാമാണ് ഞങ്ങള്‍ നിര്‍വഹിച്ചിരുന്ന ജോലികള്‍. (ബുഖാരി. 4. 52. 133)
 
49) റുബയ്യിഅ്(റ) നിവേദനം: യുദ്ധത്തില്‍ മുറിവേറ്റവരേയും മരണമടഞ്ഞവരെയും മദീനയിലേക്ക് കൊണ്ടുവരിക ഞങ്ങളാണ്. (ബുഖാരി. 4. 52. 134)
 
50) അബൂമൂസ(റ) പറയുന്നു: അബു ആമിറിന്റെ കാല്‍മുട്ടില്‍ ഒരു മുറിവ് ബാധിച്ചു. ഞാന്‍ അദ്ദേഹത്തെ ദര്‍ശിക്കുവാന്‍ ചെന്നു. അദ്ദേഹം പറഞ്ഞു: ഈ അമ്പ് നീ ഊരിയെടുത്താലും. അപ്പോള്‍ ഞാനതു ഊരിയെടുത്തു. ഉടനെ അതില്‍ നിന്ന് ഒരു തരം ദ്രാവകം പുറത്തുവന്നു. നബി(സ)യോട് ഞാന്‍ വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ അബുഅമീറിന്ന് പാപമോചനം നല്‍കേണമേ. (ബുഖാരി. 4. 52. 135)
 
51) അബൂഹുറൈറ(റ) പറയുന്നു: തൂഫൈലും അദ്ദേഹത്തിന്റെ അനുയായികളും നബി(സ)യെ സന്ദര്‍ശിച്ചു. അവര്‍ പറഞ്ഞു. പ്രവാചകരേ, ദൌസ് ഗോത്രം ഇസ്ലാം സ്വീകരിക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നു. ദൌസ് ഗോത്രത്തെ നശിപ്പിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ ദൌസ്ഗോത്രം നശിക്കട്ടെ എന്ന് അവരുടെ കൂട്ടത്തില്‍ ചിലര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ നബി(സ) പ്രാര്‍ത്ഥിച്ചത് ഇപ്രകാരമാണ്. അല്ലാഹുവേ! ദൌസ് ഗോത്രത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും അവരെ നല്ലവഴിക്ക് കൊണ്ട് വരികയും ചെയ്യേണമേ.. (ബുഖാരി. 4. 52. 188)