Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉംറ

മലയാളം ഹദീസുകള്‍


1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു ഉംറ: മുതല്‍ മറ്റേ ഉംറ: വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ: പ്രായശ്ചിതമാണ്. പരിശുദ്ധമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി. 3. 27. 1)
 
2) ഇക്രിമ: പറയുന്നു: ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ: നിര്‍വ്വഹിക്കുന്നതിനെ സംബന്ധിച്ച് ഇബ്നു ഉമര്‍(റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: കുഴപ്പമില്ല. നബി(സ) ഹജ്ജ് ചെയ്യുന്നതിനുമുമ്പ് ഉംറ: നിര്‍വ്വഹിക്കുകയുണ്ടായി. (ബുഖാരി. 3. 27. 2)
 
3) മുജാഹിദ്(റ) പറയുന്നു: ഞാനും ഉര്‍വയും തമ്മില്‍ ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ ആയിശ(റ) യുടെ മുറിയുടെ അടുത്തു ഇബ്നുഉമര്‍(റ) ഇരിക്കുന്നുണ്ട്. ചില മനുഷ്യര്‍ പള്ളിയില്‍ ളുഹാ നമസ്കരിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തോട് അവരുടെ നമസ്കാരത്തെക്കുറിച്ച് ചോദിച്ചു. ഇബ്നു ഉമര്‍(റ) പറഞ്ഞു: അനാചാരം. ശേഷം അദ്ദേഹത്തോട് ചോദിച്ചു: നബി(സ) എത്ര ഉംറ: നിര്‍വ്വഹിച്ചിട്ടുണ്ട്. ഇബ്നു ഉമര്‍(റ) പറഞ്ഞു: നാല് ഉംറ: അവയില്‍ ഒന്ന് റജബ് മാസത്തിലായിരുന്നു. അപ്പോള്‍ അദ്ദേഹത്തെ ഖണ്ഡിക്കുവാന്‍ ഞങ്ങള്‍ വെറുത്തു. മുജാഹിദ്(റ) പറയുന്നു: അപ്പോള്‍ ആയിശ(റ) അവരുടെ മുറിയില്‍ നിന്ന് പല്ല് തേക്കുന്നത് ഞങ്ങള്‍ കണ്ടു. ഉര്‍വ്വ(റ) പറഞ്ഞു: എന്റെ മാതാവേ! വിശ്വാസികളുടെ മാതാവേ! ഇബ്നുഉമര്‍(റ) പറയുന്നത് നിങ്ങള്‍ കേട്ടില്ലേ? അവര്‍ പറഞ്ഞു: എന്താണദ്ദേഹം പറയുന്നത്? നബി(സ) നാല് ഉംറ: ചെയ്തിട്ടുണ്ടെന്നും അവയിലൊന്ന് റജബിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: അബൂഅബ്ദുര്‍റഹ്മാനെ (ഇബ്നു ഉമര്‍) അല്ലാഹു അനുഗ്രഹിക്കട്ടെ! നബി(സ) അബൂഅബ്ദുര്‍റഹ്മാന്റെ സാന്നിദ്ധ്യത്തിലല്ലാതെ ഒരു ഉംറയും ചെയ്തിട്ടില്ലല്ലോ. റജബില്‍ അവിടുന്നൊരിക്കലും ഉംറ: ചെയ്തിട്ടില്ല. (ബുഖാരി. 3. 27. 4)
 
4) ബറാഅ്(റ) പറയുന്നു: നബി(സ) ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ദുല്‍-ഖഅദ് മാസത്തില്‍ രണ്ടു പ്രാവശ്യം ഉംറ ചെയ്തു. (ബുഖാരി. 3. 27. 9)
 
5) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അന്‍സാരികളില്‍ പെട്ട ഒരു സ്ത്രീയോട് ചോദിച്ചു. ഞങ്ങളുടെ കൂടെ നിനക്ക് ഹജ്ജ് ചെയ്യാന്‍ എന്താണ് തടസ്സം? അവള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് ഒരു ഒട്ടകമുണ്ട്. അതിന്മേല്‍ ഇന്നവന്റെ പിതാവും മകനും യാത്ര പുറപ്പെട്ടു. മറ്റൊരു ഒട്ടകത്തെ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ കൃഷി നനക്കുന്നത്. നബി(സ) പറഞ്ഞു: എങ്കില്‍ റമളാന്‍ മാസത്തില്‍ നീ ഉംറ ചെയ്യുക. നിശ്ചയം റമളാനില്‍ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി. 3. 27. 10)
 
6) ആയിശ(റ) നിവേദനം: പ്രവാചകരേ! ജനങ്ങള്‍ രണ്ടു ആരാധനയുമായി മടങ്ങുമ്പോള്‍ ഞാന്‍ ഒരു ആരാധനയുമായിട്ടാണ് മടങ്ങുന്നത്. അപ്പോള്‍ നബി(സ) അവളോട് പറഞ്ഞു: നീ പ്രതീക്ഷിക്കുക, നീ ശുദ്ധിയായാല്‍ തന്‍ഈമില്‍ പോയി ഉംറ:ക്ക് ഇഹ്റാം കെട്ടുക. പിന്നെ ഇന്ന സ്ഥലത്തു നിങ്ങള്‍ വരുക. നീ ചിലവഴിക്കുന്ന ധനത്തിന്റെ അല്ലെങ്കില്‍ നീ അനുഭവിക്കുന്ന വിഷമത്തിന്റെ തോതനുസരിച്ചാണ് നിനക്ക് പ്രതിഫലം ലഭിക്കുക. (ബുഖാരി. 3. 27. 15)
 
7) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഒരു യുദ്ധമോ ഹജ്ജോ ഉംറയോ കഴിഞ്ഞു മടങ്ങുമ്പോള്‍ ഭൂമിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറുമ്പോഴെല്ലാം മൂന്ന് പ്രാവശ്യം തക്ബീര്‍ ചൊല്ലും. എന്നിട്ട് പറയും.: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് ഉടമാവകാശം. സര്‍വ്വ സ്തുതിയും അവന്നാണ്. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളനത്രെ. ഞങ്ങളിതാ മടങ്ങുന്നു. പശ്ചാത്തപിക്കുന്നു. അവന് കീഴ്പ്പെട്ടു ജീവിക്കുന്നു. അവന് സാഷ്ടാംഗം ചെയ്യുന്നു. ഞങ്ങളുടെ നാഥനെ ഞങ്ങള്‍ സ്തുതിക്കുന്നു. അല്ലാഹു തന്റെ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അവന്‍ തന്റെ ദാസനെ സഹായിച്ചിരിക്കുന്നു. ഐക്യകക്ഷികളെ ഏകനായിക്കൊണ്ട് പരാജയപ്പെടുത്തിയിരിക്കുന്നു. (ബുഖാരി. 3. 27. 23)
 
8) ജാബിര്‍(റ) പറയുന്നു: യാത്രയില്‍ നിന്ന് മടങ്ങിവന്ന് രാത്രി വീട്ടില്‍ ചെന്ന് വീട്ടുകാരെ മുട്ടിവിളിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 27. 27)