Related Sub Topics

Riyad us saliheen Malayalam

വിവാഹ മോചനം

[ 4 - Aya Sections Listed ]
Surah No:2
Al-Baqara
229 - 232
(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക്‌ അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന്‌ ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക്‌ (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന്‌ നിങ്ങള്‍ക്ക്‌ ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട്‌ സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.(229)ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചുതരുന്നു.(230)നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുകില്‍ നിങ്ങളവരെ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച്‌ തന്നെ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്‌. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക്‌ തന്നെയാണ്‌ ദ്രോഹം വരുത്തിവെക്കുന്നത്‌. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക്‌ സാരോപദേശം നല്‍കിക്കൊണ്ട്‌ അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.(231)നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന്‌ നിങ്ങള്‍ തടസ്സമുണ്ടാക്കരുത്‌; മര്യാദയനുസരിച്ച്‌ അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്‌. അതാണ്‌ നിങ്ങള്‍ക്ക്‌ ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.(232)
Surah No:2
Al-Baqara
236 - 237
നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍ (മഹ്‌റ്‌ നല്‍കാത്തതിന്റെ പേരില്‍) നിങ്ങള്‍ക്ക്‌ കുറ്റമില്ല. എന്നാല്‍ അവര്‍ക്ക്‌ നിങ്ങള്‍ മര്യാദയനുസരിച്ച്‌ ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്‌. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക്‌ ഇതൊരു ബാധ്യതയത്രെ.(236)ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ്‌ തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച്‌ കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്‌.) അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്‌) (മഹ്ര് പൂര്‍ണ്ണമായി നല്‍കിക്കൊണ്ട്‌) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ്‌ ധര്‍മ്മനിഷ്ഠയ്ക്ക്‌ കൂടുതല്‍ യോജിച്ചത്‌. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.(237)
Surah No:65
At-Talaaq
1 - 3
നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന്‌ (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍ നിന്ന്‌ അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്‍റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്‍റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന്‌ ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടു വന്നേക്കുമോ എന്ന്‌ നിനക്ക്‌ അറിയില്ല.(1)അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച്‌ നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക്‌ ഉപദേശം നല്‍കപ്പെടുന്നതത്രെ അത്‌. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും,(2)അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌.(3)
Surah No:65
At-Talaaq
6 - 7
നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്‌. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത്‌ വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്‌) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ.(6)കഴിവുള്ളവന്‍ തന്‍റെ കഴിവില്‍ നിന്ന്‌ ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്‍റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന്‌ അവന്‍ ചെലവിന്‌ കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക്‌ കൊടുത്തതല്ലാതെ (നല്‍കാന്‍) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം സൌകര്യം ഏര്‍പെടുത്തികൊടുക്കുന്നതാണ്‌.(7)