ഇസ്രായീല്യര്‍

[ 1 - Aya Sections Listed ]
Surah No:2
Al-Baqara
40 - 113
ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക്‌ ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.(40)നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവെച്ചുകൊണ്ട്‌ ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങളാകരുത്‌. തുച്ഛമായ വിലയ്ക്ക്‌ (ഭൗതിക നേട്ടത്തിനു) പകരം എന്റെവചനങ്ങള്‍ നിങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്‌. എന്നോട്‌ മാത്രം നിങ്ങള്‍ ഭയഭക്തി പുലര്‍ത്തുക.(41)നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌.(42)പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.(43)നിങ്ങള്‍ ജനങ്ങളോട്‌ നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്‌) മറന്നുകളയുകയുമാണോ ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌ ?(44)സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത്‌ (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക്‌ വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.(45)തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍).(46)ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ക്ക്‌ ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക്‌ ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക.(47)ഒരാള്‍ക്കും മറ്റൊരാള്‍ക്ക്‌ വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.(48)നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക്‌ നിഷ്‌ഠൂര മര്‍ദ്ദനമേല്‍പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെകൂട്ടരില്‍ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍മിക്കുക.) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു വലിയ പരീക്ഷണമാണ്‌ അതിലുണ്ടായിരുന്നത്‌.(49)കടല്‍ പിളര്‍ന്ന്‌ നിങ്ങളെ കൊണ്ടു പോയി നാം രക്ഷപ്പെടുത്തുകയും, നിങ്ങള്‍ കണ്ടുകൊണ്ടിരിക്കെ ഫിര്‍ഔന്റെകൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍മിക്കുക).(50)മൂസാ നബിക്ക്‌ നാല്‍പത്‌ രാവുകള്‍ നാം നിശ്ചയിക്കുകയും അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക).(51)എന്നിട്ട്‌ അതിന്ന്‌ ശേഷവും നിങ്ങള്‍ക്ക്‌ നാം മാപ്പുനല്‍കി. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാന്‍ വേണ്ടി.(52)നിങ്ങള്‍ സന്‍മാര്‍ഗം കണ്ടെത്തുന്നതിന്‌ വേണ്ടി വേദ ഗ്രന്ഥവും, സത്യവും അസത്യവും വേര്‍തിരിക്കുന്ന പ്രമാണവും മൂസാനബിക്ക്‌ നാം നല്‍കിയ സന്ദര്‍ഭവും (ഓര്‍ക്കുക).(53)എന്റെസമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത്‌ മുഖേന നിങ്ങള്‍ നിങ്ങളോട്‌ തന്നെ അന്യായം ചെയ്തിരിക്കുകയാണ്‌. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക്‌ പശ്ചാത്തപിച്ച്‌ മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെതന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെഅടുക്കല്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഗുണകരം എന്ന്‌ മൂസാ തന്റെജനതയോട്‌ പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.(54)ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി.(55)പിന്നീട്‌ നിങ്ങളുടെ മരണത്തിന്‌ ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.(56)നിങ്ങള്‍ക്ക്‌ നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന്‌ ഭക്ഷിച്ചുകൊള്ളുക (എന്ന്‌ നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട്‌ കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക്‌ തന്നെയാണ്‌ ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌.(57)നിങ്ങള്‍ ഈ പട്ടണത്തില്‍ പ്രവേശിക്കുവിന്‍. അവിടെ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളിടത്തുനിന്ന്‌ യഥേഷ്ടം ഭക്ഷിച്ചുകൊള്ളുവിന്‍. തലകുനിച്ചുകൊണ്ട്‌ വാതില്‍ കടക്കുകയും പശ്ചാത്താപ വചനം പറയുകയും ചെയ്യുവിന്‍. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരികയും, സല്‍പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്‌ എന്ന്‌ നാം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക).(58)എന്നാല്‍ അക്രമികളായ ആളുകള്‍ അവരോട്‌ നിര്‍ദേശിക്കപ്പെട്ട വാക്കിന്നു പകരം മറ്റൊരു വാക്കാണ്‌ ഉപയോഗിച്ചത്‌. അതിനാല്‍ ആ അക്രമികളുടെ മേല്‍ നാം ആകാശത്തു നിന്ന്‌ ശിക്ഷ ഇറക്കി. കാരണം അവര്‍ ധിക്കാരം കാണിച്ചുകൊണ്ടിരുന്നത്‌ തന്നെ.(59)മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട്‌ പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന്‌ പന്ത്രണ്ട്‌ ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക്‌ വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെആഹാരത്തില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത്‌ (എന്ന്‌ നാം അവരോട്‌ നിര്‍ദേശിക്കുകയും ചെയ്തു).(60)ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാവുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്‌, പയറ്‌, ഉള്ളി മുതലായവ ഞങ്ങള്‍ക്ക്‌ ഉല്‍പാദിപ്പിച്ചുതരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട്‌ പ്രാര്‍ത്ഥിക്കുക എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത്‌ വിട്ട്‌ തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്‌? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും, അവര്‍ അല്ലാഹുവിന്റെ കോപത്തിന്‌ പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത്‌ സംഭവിച്ചത്‌. അവര്‍ ധിക്കാരം കാണിക്കുകയും, അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത്‌ സംഭവിച്ചത്‌.(61)(മുഹമ്മദ്‌ നബിയില്‍) വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(62)നാം നിങ്ങളോട്‌ കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക്‌ മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക്‌ നാം നല്‍കിയത്‌ ഗൌരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത്‌ ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന്‌ നാം അനുശാസിച്ചു).(63)എന്നിട്ടതിന്‌ ശേഷവും നിങ്ങള്‍ പുറകോട്ട്‌ പോയി. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നഷ്ടക്കാരില്‍ പെടുമായിരുന്നു.(64)നിങ്ങളില്‍ നിന്ന്‌ സബ്ത്ത്‌ (ശബ്ബത്ത്‌) ദിനത്തില്‍ അതിക്രമം കാണിച്ചവരെ പറ്റി നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ നാം അവരോട്‌ പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക.(65)അങ്ങനെ നാം അതിനെ (ആ ശിക്ഷയെ) അക്കാലത്തും പില്‍ക്കാലത്തുമുള്ളവര്‍ക്ക്‌ ഒരു ഗുണപാഠവും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ ഒരു തത്വോപദേശവുമാക്കി.(66)അല്ലാഹു നിങ്ങളോട്‌ ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന്‌ മൂസാ തന്റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു.(67)(അപ്പോള്‍) അവര്‍ പറഞ്ഞു: അത്‌ (പശു) ഏത്‌ തരമായിരിക്കണമെന്ന്‌ ഞങ്ങള്‍ക്ക്‌ വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക്‌ വേണ്ടി താങ്കളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവന്‍ (അല്ലാഹു) പറയുന്നത്‌. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക.(68)അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന്‌ ഞങ്ങള്‍ക്ക്‌ വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക്‌ വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക്‌ കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ്‌ അവന്‍ (അല്ലാഹു) പറയുന്നത്‌.(69)അവര്‍ പറഞ്ഞു: അത്‌ ഏത്‌ തരമാണെന്ന്‌ ഞങ്ങള്‍ക്ക്‌ വ്യക്തമാക്കി തരാന്‍ നിന്റെ രക്ഷിതാവിനോട്‌ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക്‌ തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗനിര്‍ദേശപ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം.(70)(അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ്‌ അല്ലാഹു പറയുന്നത്‌. അവര്‍ പറഞ്ഞു: ഇപ്പോഴാണ്‌ താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്‌. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത്‌ നിറവേറ്റുക എളുപ്പമായിരുന്നില്ല.(71)(ഇസ്രായീല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട്‌ ഒഴിഞ്ഞ്‌ മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക.) എന്നാല്‍ നിങ്ങള്‍ ഒളിച്ച്‌ വെക്കുന്നത്‌ അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും.(72)അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട്‌ ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു.(73)പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന്‌ നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താല്‍ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.(74)(സത്യവിശ്വാസികളേ), നിങ്ങളെ അവര്‍ (യഹൂദര്‍) വിശ്വസിക്കുമെന്ന്‌ നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും, അത്‌ ശരിക്കും മനസ്സിലാക്കിയതിന്‌ ശേഷം ബോധപൂര്‍വ്വം തന്നെ അതില്‍ കൃത്രിമം കാണിച്ചുകൊണ്ടിരിക്കുകയുമാണല്ലോ.(75)വിശ്വസിച്ചവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. അവര്‍ തമ്മില്‍ തനിച്ചുകണ്ടുമുട്ടുമ്പോള്‍ (പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌) അവര്‍ പറയും: അല്ലാഹു നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ ഇവര്‍ക്ക്‌ നിങ്ങള്‍ പറഞ്ഞുകൊടുക്കുകയാണോ ? നിങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ അവര്‍ നിങ്ങള്‍ക്കെതിരില്‍ അത്‌ വെച്ച്‌ ന്യായവാദം നടത്താന്‍ വേണ്ടി. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌ ?(76)എന്നാല്‍ അവര്‍ക്കറിഞ്ഞുകൂടേ; അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന്‌ ?(77)അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്രായീല്യരില്‍) ഉണ്ട്‌. ചില വ്യാമോഹങ്ങള്‍ വെച്ച്‌ പുലര്‍ത്തുന്നതല്ലാതെ വേദ ഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക്‌ ഒന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.(78)എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത്‌ മുഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത്‌ ചെയ്യുന്നത്‌.) അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക്‌ നാശം.(79)അവര്‍ (യഹൂദര്‍) പറഞ്ഞു: എണ്ണപ്പെട്ട ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയേ ഇല്ല. ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിങ്കല്‍നിന്ന്‌ വല്ല കരാറും വാങ്ങിയിട്ടുണ്ടോ ? എന്നാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല. അതല്ല, നിങ്ങള്‍ക്ക്‌ അറിവില്ലാത്തത്‌ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ ?(80)അങ്ങനെയല്ല. ആര്‍ ദുഷ്കൃത്യം ചെയ്യുകയും പാപത്തിന്റെ വലയത്തില്‍ പെടുകയും ചെയ്യുന്നുവോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(81)വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(82)അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട്‌ കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട്‌ നിങ്ങളില്‍ കുറച്ച്‌ പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ്‌ ചെയ്തത്‌.(83)നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട്‌ നാം ഉറപ്പ്‌ വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട്‌ നിങ്ങളത്‌ സമ്മതിച്ച്‌ ശരിവെക്കുകയും ചെയ്തു. നിങ്ങളതിന്‌ സാക്ഷികളുമാകുന്നു.(84)എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത്‌ യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത്‌ തന്നെ നിങ്ങള്‍ക്ക്‌ നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന്‌ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക്‌ അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(85)പരലോകം വിറ്റ്‌ ഇഹലോകജീവിതം വാങ്ങിയവരാകുന്നു അത്തരക്കാര്‍. അവര്‍ക്ക്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കപ്പെടുകയില്ല. അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.(86)മൂസായ്ക്ക്‌ നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന്‌ ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകനായ ഈസാക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്‌ നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?(87)അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്‌. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്‌. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ.(88)അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന്‌ അവര്‍ക്ക്‌ വന്നുകിട്ടിയപ്പോള്‍ (അവരത്‌ തള്ളിക്കളയുകയാണ്‌ ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ്‌ (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക്‌ സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.(89)അല്ലാഹു തന്റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഇച്ഛിക്കുന്നവരുടെ മേല്‍ തന്റെ അനുഗ്രഹം ഇറക്കികൊടുക്കുന്നതിലുള്ള ഈര്‍ഷ്യ നിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ടവര്‍ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവര്‍ കോപത്തിനു മേല്‍ കോപത്തിനു പാത്രമായി തീര്‍ന്നു. സത്യനിഷേധികള്‍ക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്‌.(90)അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക്‌ അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്‌ എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത്‌ അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ്‌ താനും അത്‌ (ഖുര്‍ആന്‍). (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്‌?(91)സ്പഷ്ടമായ തെളിവുകളും കൊണ്ട്‌ മൂസാ നിങ്ങളുടെ അടുത്ത്‌ വരികയുണ്ടായി. എന്നിട്ടതിന്‌ ശേഷവും നിങ്ങള്‍ അന്യായമായിക്കൊണ്ട്‌ കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്‌.(92)നിങ്ങളോട്‌ നാം കരാര്‍ വാങ്ങുകയും, നിങ്ങള്‍ക്കു മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക്‌ നാം നല്‍കിയ സന്ദേശം മുറുകെപിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന്‌ നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട്‌ നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ.(93)നീ അവരോട്‌ (യഹൂദരോട്‌) പറയുക: മറ്റാര്‍ക്കും നല്‍കാതെ നിങ്ങള്‍ക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ്‌ പരലോകവിജയമെങ്കില്‍ നിങ്ങള്‍ മരിക്കുവാന്‍ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില്‍ (അതാണല്ലോ വേണ്ടത്‌.)(94)എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചത്‌ (ദുഷ്കൃത്യങ്ങള്‍) കാരണമായി അവരൊരിക്കലും മരണത്തെ കൊതിക്കുകയില്ല. അതിക്രമകാരികളെപറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു അല്ലാഹു.(95)തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച്‌ ജീവിതത്തോട്‌ ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക്‌ കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത്‌ തനിക്ക്‌ ആയിരം കൊല്ലത്തെ ആയുസ്സ്‌ കിട്ടിയിരുന്നെങ്കില്‍ എന്നാണ്‌. ഒരാള്‍ക്ക്‌ ദീര്‍ഘായുസ്സ്‌ ലഭിക്കുക എന്നത്‌ അയാളെ ദൈവിക ശിക്ഷയില്‍ നിന്ന്‌ അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.(96)(നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ്‌ ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത്‌ നിന്റെ മനസ്സില്‍ അവതരിപ്പിച്ചത്‌ അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ്‌ (അത്‌ അവതരിച്ചിട്ടുള്ളത്‌).(97)ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു.(98)നാം നിനക്ക്‌ അവതിരിപ്പിച്ചു തന്നിട്ടുള്ളത്‌ സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല.(99)അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത്‌ വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല.(100)അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട്‌ അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട്‌ വലിച്ചെറിയുകയാണ്‌ ചെയ്തത്‌.(101)സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത്‌ അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക്‌ മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത്‌ കൊണ്ട്‌ പിശാചുക്കളാണ്‌ ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക്‌ ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത്‌ അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത്‌ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത്‌ ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പെടരുത്‌ എന്ന്‌ അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച്‌ കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട്‌ യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക്‌ കഴിയില്ല. അവര്‍ക്ക്‌ തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ്‌ അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത്‌ (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക്‌ പരലോകത്ത്‌ യാതൊരു വിഹിതവുമുണ്ടാവില്ലെന്ന്‌ അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ്‌ അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക്‌ വിവരമുണ്ടായിരുന്നെങ്കില്‍!(102)അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത്‌ മനസ്സിലാക്കിയിരുന്നെങ്കില്‍!(103)ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്‌) റാഇനാ എന്ന്‌ പറയരുത്‌. പകരം ഉന്‍ളുര്‍നാ എന്ന്‌ പറയുകയും ശ്രദ്ധിച്ച്‌ കേള്‍ക്കുകയും ചെയ്യുക. സത്യനിഷേധികള്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌.(104)നിങ്ങളുടെ രക്ഷിതാവില്‍ നിന്നും വല്ല നന്‍മയും നിങ്ങളുടെ മേല്‍ ഇറക്കപ്പെടുന്നത്‌ വേദക്കാരിലും ബഹുദൈവാരാധകന്‍മാരിലും പെട്ട സത്യനിഷേധികള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട്‌ അവന്‍ ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്‌.(105)വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?(106)നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും?(107)മുമ്പ്‌ മൂസായോട്‌ ചോദിക്കപ്പെട്ടത്‌ പോലുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ റസൂലിനോടും ചോദിക്കുവാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌? സത്യവിശ്വാസത്തിന്‌ പകരം സത്യനിഷേധത്തെ സ്വീകരിക്കുന്നവരാരോ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു.(108)നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ്‌ (അവരാ നിലപാട്‌ സ്വീകരിക്കുന്നത്‌.) എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.(109)നിങ്ങള്‍ പ്രാര്‍ത്ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍ നല്ലതായ എന്തൊന്ന്‌ മുന്‍കൂട്ടി ചെയ്താലും അതിന്റെ ഫലം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക്‌ കണ്ടെത്താവുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു.(110)ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക്‌ കിട്ടിയ തെളിവ്‌ കൊണ്ടു വരൂ എന്ന്‌.(111)എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട്‌ അല്ലാഹുവിന്ന്‌ ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന്‌ തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(112)യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക്‌ യാതൊരു അടിസ്ഥാനവുമില്ലെന്ന്‌. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ്‌ താനും. അങ്ങനെ ഇവര്‍ പറഞ്ഞത്‌ പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.(113)