ആര്‍ഭാടങ്ങള്‍ , ഹദീസുകള്‍

45) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ദിവസം മിമ്പറിന്മേല്‍ ഇരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി(സ) അരുളി: എന്റെ കാലശേഷം നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്നത് ഐഹികമായ ആര്‍ഭാടങ്ങളുടേയും അലങ്കാരങ്ങളുടേയും വാതിലുകള്‍ നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കപ്പെടുമോ എന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ? നന്മയില്‍ നിന്ന് തിന്മ ഉടലെടുക്കുമോ? നബി(സ) മൌനം പാലിച്ചു. സദസ്യരില്‍ ചിലര്‍ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി. നീ ഇതാ നബി(സ)യോട് സംസാരിക്കുന്നു. നബി(സ) നിന്നോട് സംസാരിക്കുന്നില്ല താനും! നബി(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ചോദ്യകര്‍ത്താവിനെ നബി(സ) അഭിനന്ദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) അരുളി: നിശ്ചയം. നന്മയില്‍ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാല്‍ക്കാലികള്‍ക്ക് ജീവഹാനി വരുത്തുകയോ അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാല്‍ക്കാലികളെ അത്തരം വിപത്തുകളൊന്നും ബാധിക്കുകയില്ല. ആ നാല്‍ക്കാലികള്‍ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു. സൂര്യന്റെ മുമ്പില്‍ നിന്നു വെയില്‍ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോര്‍ക്കണം. ഇതേ പ്രകാരം ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോള്‍ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കില്‍ നബി(സ) ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയില്‍ ധനം വല്ലവനും കരസ്ഥമാക്കിയാല്‍ അവന്റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരില്‍ സാക്ഷി പറയാന്‍ ഹാജരാകും. (ബുഖാരി. 2. 24. 544)