നേര്‍ച്ച അല്ലാഹുവിന്ന്‍, ഹദീസുകള്‍

40) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174)
 
66) ഇബ്നു ഉമര്‍(റ) നിവേദനം: ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു. ഒരാള്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാന്‍ നേര്‍ച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാള്‍ പറഞ്ഞത് എന്ന് ഞാന്‍ (നിവേദകന്‍)വിചാരിക്കുന്നു. യാദൃശ്ചികമായി ആ ദിവസം പെരുന്നാളായി. എങ്കില്‍ അയാള്‍ നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതുണ്ടോ? ഇബ്നു ഉമര്‍(റ) പറഞ്ഞു: അല്ലാഹു നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നബി(സ) ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. (അതിനാല്‍ പാടില്ല). (ബുഖാരി. 3. 31. 214)
 
4) അബ്ദുല്ല ഇബ്നുഉമര്‍(റ) പറയുന്നു: ഉമര്‍(റ) നബി(സ) യോടു ചോദിച്ചു. ഞാന്‍ ജാഹിലിയ്യാകാലത്തു ഒരു രാത്രി മസ്ജിദുല്‍ ഹറമില്‍ ഇഅ്തികാഫ് ഇരിക്കുവാന്‍ വേണ്ടി നേര്‍ച്ചയാക്കിയിട്ടുണ്ട്. അതു ഞാന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടോ? നബി(സ) അരുളി: നിന്റെ നേര്‍ച്ച നീ പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 33. 248)
 
10) ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബ്നു ഉബാദ(റ) പറയുന്നു. എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് നേര്‍ച്ചയുണ്ടായിരുന്നു. അതു ഞാന്‍ നിര്‍വ്വഹിക്കുന്നതിനെക്കുറിച്ച് നബി(സ)യോട് മതവിധി അന്വേഷിച്ചു. അവിടുന്ന് അരുളി: നീ അവര്‍ക്ക് വേണ്ടി അതു വീട്ടുക. (ബുഖാരി. 4. 51. 23)
 
5) ആയിശ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിനെ അനുസരിക്കാന്‍ വല്ലവനും നേര്‍ച്ചയാക്കിയാല്‍ അവന്‍ അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്റെ കല്‍പന ലംഘിക്കുവാനാണ് ഒരാള്‍ നേര്‍ച്ചയാക്കിയതെങ്കില്‍ കല്‍പന ലംഘിച്ചുകൊണ്ടുള്ള ആ നേര്‍ച്ച അവന്‍ ഒരിക്കലും പൂര്‍ത്തിയാക്കരുത്. (ബുഖാരി. 8. 78. 687)
 
6) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ ഒരു ഭാഗത്തു ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. നബി(സ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബുഇസ്രാഈല്‍ ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലില്‍ ചെന്നിരിക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചു കൊണ്ടേയിരിക്കുമെന്നും നേര്‍ച്ചയാക്കിയിരിക്കുകയാണെന്ന് സദസ്യര്‍ പറഞ്ഞു. നബി(സ) അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കുവാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ. (ബുഖാരി. 8. 78. 695)