കച്ചവടത്തില്‍ തൃപ്തി വേണം , ഹദീസുകള്‍

19) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും. നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവീന്‍. അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം. അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി. (ബുഖാരി. 3. 34. 292)
 
20) ഹക്കീം(റ) നിവേദനം: നബി(സ) അരുളി: വാങ്ങുന്നവന്നും വില്‍ക്കുന്നവന്നും കച്ചവട സ്ഥലത്തു നിന്ന് വേര്‍പിരിയും വരേക്കും ആ കച്ചവടം ദുര്‍ബ്ബലപ്പെടുത്താനവകാശമുണ്ട്. അവര്‍ രണ്ടു പേരും യാഥാര്‍ത്ഥ്യം തുറന്ന് പറയുകയും വസ്തുതകള്‍ വിശദീകരിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ ഇടപാടില്‍ നന്മയുണ്ടാകും. ചരക്കിന്റെ കേടുപാടുകള്‍ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താലോ അവരുടെ കച്ചവടത്തിലെ ബര്‍ക്കത്തു നഷ്ടപ്പെടും. (ബുഖാരി. 3. 34. 293)
 
24) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കച്ചവടക്കാരന്റെ സത്യം ചെയ്യല്‍ ചരക്കിന്നു ചിലവുണ്ടാക്കും. പക്ഷെ ബര്‍ക്കത്തു(നന്മ)നശിപ്പിക്കും. (ബുഖാരി. 3. 34. 300)
 
33) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) അരുളി: സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്. അല്ലെങ്കില്‍ വില്‍പ്പന സമയത്ത് തന്നെ പിന്‍മാറാന്‍ സ്വാതന്ത്യമുണ്ടെന്ന് വ്യവസ്ഥ വെക്കുന്ന കച്ചവടത്തില്‍ നിന്നും ഇബ്നു ഉമര്‍(റ) തനിക്ക് തൃപ്തികരമായ എന്തെങ്കിലും വിലക്ക് വാങ്ങിയാല്‍ വില്‍പ്പനക്കാരനില്‍ നിന്നും വേഗത്തില്‍ വേര്‍പിരിയും. (ബുഖാരി. 3. 34. 320)
 
4) ഹൂദൈഫ(റ) നിവേദനം: നബി(സ) അരുളി: ഒരാള്‍ മരണപ്പെട്ടു. അപ്പോള്‍ നീ എന്താണ് പ്രഖ്യാപിച്ചതെന്ന് അയാള്‍ ചോദിക്കപ്പെട്ടു. അയാള്‍ പറഞ്ഞു: ഞാന്‍ ജനങ്ങളുമായി കച്ചവടം നടത്താറുണ്ട്. കഴിവുള്ളവന്ന് ഞാന്‍ വിട്ട് വീഴ്ച ചെയ്യും. ഞെരുക്കമുള്ളവനില്‍ നിന്ന് ലഘുവാക്കുകയും ചെയ്യും. അപ്പോള്‍ അയാള്‍ക്ക് മാപ്പ് ചെയ്യപ്പെടും. (ബുഖാരി. 3. 41. 576)