അധികമുണ്ട് എന്നത് സത്യത്തിന്റെ മാനദണ്ഢമല്ല , ഹദീസുകള്‍

36) നുഅ്മാന്‍(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ (നിരോധിത) മേച്ചില്‍ സ്ഥലത്തിന്റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ഇടയനെ പോലെയാണ്. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്. അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്മാര്‍ക്കും ഓരോ മേച്ചില്‍ സ്ഥലങ്ങളുണ്ട്. ഭൂമിയില്‍ അല്ലാഹുവിന്റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളാണ്. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)