ഖുര്‍ആന്‍ ഒരു അമാനുഷിക ദൃഷ്ടാന്തമാണെന്ന് പറയുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നത്?

സര്‍വശക്തനായ സ്രഷ്ടാവിനാല്‍ നിയുക്തരാവുന്ന പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തിനായി ചില ദൃഷ്ടാന്തങ്ങള്‍ ദൈവം നല്‍കിയിരുന്നതായി വേദഗ്രന്ഥങ്ങ ളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. അവര്‍ ജീവിച്ചിരുന്ന സമൂഹത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രവാചകത്വത്തെക്കുറിച്ച അവകാശവാദം ശരിതന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രസ്തുത ദൃഷ്ടാന്തങ്ങ ളുടെ ഉദ്ദേശ്യം. മൂസാ നബി(അ)ക്ക് നല്‍കപ്പെട്ട സര്‍പ്പമായി മാറുന്ന വടി ഒരുദാഹരണം. ഇതുപോലുള്ള അത്ഭുതങ്ങള്‍ മുഹമ്മദ് നബി(സ)യിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ പിളര്‍ത്തിയത് ഒരു ഉദാഹരണം മാത്രം.
ഇത്തരം അത്ഭുതങ്ങള്‍ പ്രവാചകന്മാരുടെ ജീവിതകാലത്ത് മാത്രം നില നിന്നിരുന്നവയാണ്. അവര്‍ക്കുശേഷം ആ അത്ഭുതങ്ങളൊന്നും നിലനിന്നിട്ടില്ല; നിലനില്‍ക്കുകയുമില്ല. അന്തിമ പ്രവാചകനിലൂടെ വെളിപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അത്ഭുതത്തിന്റെ സ്ഥിതിയിതല്ല. അത് അദ്ദേഹത്തിന്റെ ദൌത്യം പോലെതന്നെ അവസാനനാള്‍ വരെ നിലനില്‍ക്കുന്നതാണ്. ഖുര്‍ആനാണ് പ്രസ്തുത അമാനുഷിക ദൃഷ്ടാന്തം. അവസാനനാള്‍ വരെ ആര്‍ക്കും ഖുര്‍ആന്‍ പരിശോധിക്കാം. അതിലെ അത്ഭുതങ്ങള്‍ ആസ്വദിക്കാം. അങ്ങനെ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം സത്യമാണോയെന്ന് തീര്‍ ച്ചപ്പെടുത്താം. ഒരേസമയം, വേദഗ്രന്ഥവും ദൈവിക ദൃഷ്ടാന്തവുമായ ഖുര്‍ആന്‍ അവസാനനാള്‍ വരെ നിലനില്‍ക്കുന്ന അത്ഭുതങ്ങളുടെ അത്ഭുതമാണ്.

This entry was posted in ഖുര്‍ആനും സാഹിത്യവും, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.