നൂഹ് നബിയെ അദ്ദേഹത്തിന്റെ ജനത വിരട്ടിയോടിച്ചുവെന്ന് 54:9 ല്‍ പറയുന്നു. എന്നാല്‍ അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പ്പോള്‍ തന്റെ ജനതയിലെ പ്രമാണിക്കൂട്ടം അദ്ദേഹത്തിന് അടുത്ത് കൂടെ കടന്നുപോയി എന്നും, പരിഹസിച്ചുവെന്നും 11:38ല്‍ കാണാം. നാട്ടില്‍ നിന്ന് ഓടിക്കപ്പെട്ട നൂഹ് നബിയുടെ കപ്പല്‍ നിര്‍മാണം നാട്ടുകാര്‍ കണ്ടു എന്നു പറയുന്നത് അടിസ്ഥാനരഹിതമല്ലേ?

എതിരാളികളുടെ പീഡനങ്ങള്‍ സഹിക്കവയ്യാതെ സ്വന്തം നാട്ടില്‍ നിന്ന് നൂഹ് നബി എങ്ങോട്ടെങ്കിലും പലായനം ചെയ്തതായി ഖുര്‍ആ നില്‍ എവിടെയും പറയുന്നില്ല. ഇവിടെ പരാമര്‍ശിക്കപ്പെട്ട സൂറത്തുല്‍ ഖമറിലെ വചന (54:9) ത്തിന്റെ സാരം ഇങ്ങനെയാണ്.
“അവര്‍ക്ക് മുമ്പ് നൂഹിന്റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്.  അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ചു തള്ളുകയും ഭ്രാന്തന്‍ എന്ന് പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.’’
ഈ സൂക്തത്തില്‍ അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു, എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘വസ്ദുജിര്‍’ എന്ന പദത്തെയാണ്. ‘സജറ’ എന്ന മൂലപദത്തില്‍ നിന്ന് വ്യുല്‍പന്നമായതാണ് ഈ പദം. നാട്ടില്‍ നിന്ന് ആട്ടിയോടിക്കുന്നതിനോ, പലായനത്തിന് നിര്‍ബന്ധിക്കുന്നതിനോ അല്ല ഈ പദം ഉപയോഗിക്കുന്നത്. മറിച്ച് ഒരു കാര്യത്തില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ വേണ്ടിയുള്ള പീഡനത്തിന്റെ ഭാഗമായി പരിഹസിക്കുകയും, ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുകൊണ്ട് വിരട്ടി ഓടിക്കുന്നതിനാണ് ഈ പദം പ്രയോഗിക്കുക. നൂഹ് നബി സത്യമത പ്രചാരണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ തന്റെ സമുദായം അത് നിഷേധിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തതോടൊപ്പം തന്നെ ആദര്‍ശ പ്രബോധനത്തിന് സമ്മതിക്കാതെ അദ്ദേഹത്തെ വിരട്ടി ഓടിക്കുകയും ചെയ്തുവെന്ന് മാത്രമാണ് 54:9 ല്‍ പറയുന്നത്. എന്നാല്‍ ഈ പീഡനങ്ങളെല്ലാം സഹിച്ചുകൊണ്ടുതന്നെ നൂഹ് നബി (അ) തന്റെ നാട്ടില്‍ ഒരു സഹസ്രാബ്ദകാലത്തോളം പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോയി എന്നും എന്നിട്ടും അംഗുലീപരിമിതരായ ആളുകളെ മാത്രമേ സത്യസരണിയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചുള്ളൂവെന്നും അവസാനമാണ് അദ്ദേഹത്തിന്റെ പ്രാര്‍ഥന പ്രകാരം പ്രളയമുണ്ടായത് എന്നുമുള്ള ചരിത്രങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, ഖുര്‍ആനിലെവിടെയും നൂഹ് നബിയുടെ പലായനത്തെപ്പറ്റി യാതൊരു പരാമര്‍ ശവും നടത്തിയിട്ടില്ല.  അതിനാല്‍ കപ്പല്‍ നിര്‍മ്മിക്കുമ്പോഴും മുമ്പുമെല്ലാം അദ്ദേഹത്തെ പരിഹസിക്കുകയും വിരട്ടുകയും ചെയ്ത നാട്ടുകാരുടെ നടപടിയെ വിമര്‍ശിക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം  പുലര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ എവിടെയുമില്ല.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.