ഖുര്‍ആനിനെപ്പറ്റി തീര്‍ച്ചയായും അത് മുന്‍ഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട് (26:196) എന്നു പറഞ്ഞിട്ടുണ്ടല്ലോ, ഹിബ്രുവിലും ഗ്രീക്കിലും എഴുതപ്പെട്ട പൂര്‍വ്വ വേദഗ്രന്ഥങ്ങളില്‍ ഖുര്‍ആന്‍ അടങ്ങിയിട്ടുണ്ട് എന്നുപറയുന്നത് വിഡ്ഢിത്തമല്ലേ?

ഖുര്‍ആന്‍ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലുണ്ട് എന്ന് പറഞ്ഞതിന്റെ താല്‍പര്യം അത് അതേപോലെ തന്നെ പൌരാണിക വേദഗ്രന്ഥങ്ങളിലുണ്ട് എന്നല്ല.  ഖുര്‍ആനിലുള്ളതെല്ലാം പൂര്‍വ്വീക വേദങ്ങളിലുണ്ടായിരുന്നുവെങ്കില്‍ പിന്നെ ഖുര്‍ആന്‍ അവതരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മുഹമ്മദ് നബി(സ) യെപ്പറ്റി തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ ക്ക് കണ്ടെത്താന്‍ കഴിയുന്ന അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതന്‍ (7:157) എന്നു പറഞ്ഞതില്‍ നിന്ന് മുഹമ്മദ് നബിയെ അദ്ദേഹത്തിന്റെ ഭൌതിക രൂപത്തില്‍ തന്നെ പൂര്‍വ്വവേദങ്ങളില്‍ കണ്ടെത്താന്‍ കഴിയുമെന്ന് മനസ്സിലാക്കുകയല്ലല്ലോ ചെയ്യേണ്ടത്. ഇതേ പോലെ തന്നെയാണ് ഖുര്‍ആന്‍ പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ അടങ്ങിയി ട്ടുണ്ട് എന്നു പറഞ്ഞതിന്റെ താല്പര്യം. അറബിയിലുള്ള ഖുര്‍ആന്‍ അതേപോലെ തന്നെ ഹിബ്രുവിലും അരാമിക്കിലുമുള്ള പൂര്‍വ്വികഗ്രന്ഥങ്ങളില്‍ സ്ഥിതി ചെയ്യുന്നു എന്നല്ല ഇതിന്നര്‍ഥം. പ്രത്യുത, ഖുര്‍ ആനിന്റെ അടിസ്ഥാന ആശയങ്ങളെല്ലാം പൂര്‍വ്വിക ഗ്രന്ഥങ്ങളില്‍ പറഞ്ഞതു തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ഈ സൂക്തത്തിലൂ ടെ അല്ലാഹു ചെയ്യുന്നത്. ഖുര്‍ആന്‍ ഏതെങ്കിലുമൊരു പുത്തന്‍ സിദ്ധാന്തം ലോകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയല്ല ചെയ്യുന്നതെ ന്നും പൂര്‍വ്വീക ഗ്രന്ഥങ്ങളെല്ലാം പഠിപ്പിച്ചതും എന്നാല്‍ ആ ഗ്രന്ഥങ്ങളുടെ ആളുകളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ വിസ്മരിച്ചതുമായ ആദര്‍ശങ്ങള്‍ കളങ്കലേശമില്ലാതെ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അ തെന്നും പഠിപ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ അന്തിമ വേദഗ്രന്ഥമായ ഖുര്‍ആനിനെപ്പറ്റി പൂര്‍വ്വിക ഗ്രന്ഥങ്ങളിലെല്ലാം പ്രവചിച്ചിട്ടുണ്ടെന്ന വസ്തുത കൂടി ഈ വാക്യം വ്യക്തമാക്കുന്നുണ്ട്. ഏതായിരുന്നാലും ഖുര്‍ആന്‍ അതേപടി തന്നെ മുന്‍ വേദങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് ഈ വചനത്തില്‍ പറയുന്നില്ല. അതിനാല്‍ ചോദ്യത്തില്‍ പരാമര്‍ശിച്ച രീതിയിലുള്ള വിഡ്ഢിത്തം ഖുര്‍ആനില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയുന്നുമില്ല.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.