ഖുര്‍ആന്‍ ശുദ്ധമായ അറബി ഭാഷയിലാണ് എന്ന് 16:103 ല്‍ പറയുന്നു. എന്നാല്‍ ഖുര്‍ആനില്‍ ഒട്ടനവധി അനറബി പദങ്ങള്‍ ഉപയോ ഗിക്കപ്പെട്ടതായി കാണുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വാക്യം തെറ്റാണെന്നല്ലേ ഇതിനര്‍ഥം?

സൂറത്തു നഹ്ലിലെ 103 ാം വചനം ഖുര്‍ആനിനെതിരെയുള്ള സത്യനിഷേധികളുടെ ഒരു വാദത്തെ ഖണ്ഡിക്കുകയാണ് ചെയ്യുന്ന ത്. ജാബിര്‍ റൂമി എന്ന ഒരു അനറബിയുമായി  പ്രവാചകനുണ്ടായിരുന്ന അടുപ്പത്തെ അടിസ്ഥാനമാക്കി ഖുര്‍ആന്‍ വചനങ്ങള്‍ അയാള്‍ പറഞ്ഞു കൊടുക്കുന്നതാണെന്ന ഒരു വിമര്‍ശനം മക്കാമുശ്രിക്കുകള്‍ ഉന്നയിക്കുകയുണ്ടായി.  അറബി സാഹിത്യകാരന്‍മാരെ വെല്ലുവിളിക്കുന്ന ഒരു മഹല്‍ ഗ്രന്ഥത്തിലെ വചനങ്ങള്‍ ഒരു അനറബിയുടെ സൃഷ്ടിയാണെന്ന വാദത്തിന്റെ ബാലിശത വ്യക്തമാക്കുകയാണ് 16:103 ചെയ്യുന്നത്.
ഈ വചനത്തില്‍, ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാകുന്നുവെന്നാണ് ഖുര്‍ആനിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്. അറബിയ്യുന്‍ മുബീന്‍ എന്നാണ് പ്രയോഗം. ഇതിന് ശുദ്ധമായ അറബി ഭാഷ എന്നര്‍ഥമില്ല. സ്പഷ്ടമായ അറബി ഭാഷ എന്നാണര്‍ഥം. ലോകത്തിലെ എല്ലാ ഭാഷകളിലും ഇതര ഭാഷകളില്‍ നിന്നുള്ള പദങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. ആധുനിക ഭാഷകളില്‍ മിക്കതിലും അവയുടെ ശബ്ദ സമ്പത്തില്‍ കാല്‍ഭാഗത്തിലധികവും ഇതര ഭാഷകളില്‍ നിന്നുള്ള പദങ്ങളാണുള്ളത്. അറബിയില്‍- വിശേഷിച്ചും പൌരാണി ക അറബിയില്‍- ഇത്തരം പദങ്ങള്‍ തുലോം വിരളമാണ്. എങ്കിലും ഗ്രീക്കിലെ ഇവാന്‍ഗലിയോണ്‍ എന്ന പദത്തില്‍ നിന്നുണ്ടായ ഇഞ്ചീല്‍ എന്ന അറബി പ്രയോഗത്തെപോലെയുള്ള ചില അറബീകരിക്കപ്പെട്ട പദങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നാല്‍ ഇവ അന്യഭാഷാ പ്രയോഗങ്ങളാണ് എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇവാന്‍ഗലിയോണ്‍’ഇഞ്ചീലാകുന്നതോടെ ആ പദം അറബിയായി മാറികഴിഞ്ഞുവെന്നുള്ളതാണ് വാസ്തവം. കീസ് എന്ന അറ ബി പദത്തില്‍നിന്നാണ് മലയാളത്തിലെ കീശയുടെ വ്യുല്‍പത്തി. ഇതിനാല്‍ കീശ മലയാള പദമല്ല എന്ന് പറയുന്നത് വിവരക്കേടാണ്. ഇതേ പോലെതന്നെയാണ് എല്ലാ ഭാഷകളുടെയും സ്ഥിതി.
ചുരുക്കത്തില്‍ ഖുര്‍ആന്‍ സ്പഷ്ടമായ അറബിയിലാണെന്ന പ്രസ്താവനയുമായി അതിലെ മറ്റു ഭാഷകളിലെ പദങ്ങളില്‍ നിന്ന് കടന്നുവന്ന വാക്കുകളുടെ സാന്നിധ്യം യാതൊരു വിധത്തിലും വൈരുധ്യം പുലര്‍ത്തുന്നില്ല.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.