ഹൈന്ദവ വേദങ്ങളെക്കുറിച്ച് ഖുര്‍ആന്‍ എന്തുപറയുന്നു?

എല്ലാ ജനസമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ‘ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല’ (35:24) എന്നാണ് ഖുര്‍ആന്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്. അപ്പോള്‍ ചിരപുരാതനമായ ഒരു സംസ്കാരം നിലനിന്നിരുന്ന പ്രദേശമെന്ന നിലയ്ക്ക് ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവണം. ആ പ്രവാചകന്മാരില്‍ ചിലര്‍ക്ക് വേദഗ്രന്ഥങ്ങളും നല്‍കപ്പെട്ടിരിക്കണം. ഈ പ്രവാചകന്മാരെയോ വേദഗ്രന്ഥങ്ങളെയോ ഇകഴ്ത്തുകയോ അവമതിക്കുകയോ ചെയ്യാ ന്‍ മുസ്ലിമിന് പാടില്ല. പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്ന തിനെതിരെ ഖുര്‍ആന്‍ ശക്തമായി താക്കീത് നല്‍കുന്നുണ്ട് (4:150). അപ്പോ ള്‍ ഇന്ത്യയിലേക്കു പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെയും അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയും  ഖുര്‍ആന്‍ ആദരി ക്കുന്നു. അംഗീകരിക്കുന്നു.
എന്നാല്‍, ഇന്നുനിലനില്‍ക്കുന്ന ശ്രുതി ഗ്രന്ഥങ്ങളിലേതെങ്കിലും (വേദ സംഹിതകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍) പടച്ച തമ്പുരാന്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളാണെന്ന് പറയാന്‍ കഴിയുമോ? ഇവ ദൈവത്തിങ്കല്‍നിന്ന് ശ്രവിക്കപ്പെട്ടതിനാലാണ് ശ്രുതിയെ ന്നു വിളിക്കുന്നതെന്നാണ് വിശ്വാസം.
ദൈവത്തിങ്കല്‍നിന്ന് മനുഷ്യര്‍ക്ക് പ്രത്യേകമായ സന്ദേശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുവെന്ന വിശ്വാസം ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്ന് ശ്രുതി സങ്കല്‍പം വ്യക്തമാക്കുന്നു. നടേ പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം ശ്രുതിക ളായി വ്യവഹരിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ ഏതെല്ലാം പ്രാമാണികമാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരങ്ങളുണ്ട്. ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദസരസ്വതി നാല് വേദസംഹിതകള്‍ക്കു മാത്രമാണ് അപ്രമാദിത്വമുള്ളതെന്ന് വാദിക്കുമ്പോള്‍ സ്വാമി വിവേകാനന്ദനെ പോലുള്ളവര്‍ ഉപനിഷത്തുകള്‍ക്കാണ് പ്രഥമ പ്രാധാന്യം നല്‍കുന്നത്.
അടിസ്ഥാന ശ്രുതിഗ്രന്ഥങ്ങള്‍ക്കുപോലും തെറ്റുകള്‍ പറ്റാമെന്ന് അഭിപ്രായപ്പെട്ട ഹിന്ദുമത പണ്ഡിതന്മാരുണ്ട്.’വേദങ്ങള്‍ തെറ്റു പറ്റാത്തവയോ സര്‍ വതും ഉള്‍ക്കൊള്ളുന്നവയോ അല്ല’ (Indian Religions page 22) എന്ന ഡോ. രാധാകൃഷ്ണന്റെ വീക്ഷണവും ‘വേദങ്ങളില്‍ യുക്തിയുമായി പൊരുത്ത പ്പെടുന്നിടത്തോളം ഭാഗങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു. വേദങ്ങളിലെ ചില ഭാഗങ്ങള്‍ പ്രഥമ ദൃഷ്ടിയില്‍ പരസ്പരവിരുദ്ധങ്ങളാണ്’. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം വാല്യം-4, പുറം-55) എന്ന സ്വാമി വിവേകാനന്ദന്റെ നിലപാടും വേദങ്ങള്‍ നൂറുശതമാനം ദൈവിക വചനങ്ങളാണുള്‍ക്കൊള്ളുന്നതെന്ന വാദഗതിയുടെ മുനയൊടിക്കാന്‍ പോന്നതാണ്.
പൊതുവെ പറഞ്ഞാല്‍, ഇന്ത്യയില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച വ്യക്തമായ ചിത്രം നല്‍കുന്ന ഗ്രന്ഥങ്ങളാണ്  ശ്രുതികള്‍. ഇന്ത്യയിലേക്ക് നിയുക്തരായ പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ആശയങ്ങളുടെ ശകലങ്ങള്‍ ഇവയില്‍ കാണാനാവുമായിരിക്കണം. എന്നാല്‍, ഇവ പൂര്‍ണമായും ദൈവികമാണെന്ന വാദം അടിസ്ഥാനരഹി തമാണ്.

This entry was posted in ഖുര്‍ആനെ കുറിച്ച്, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍. Bookmark the permalink.