തൌറാത്ത്, സബൂര്‍, ഇന്‍ജീല്‍ തുടങ്ങിയവ ഇന്ന് ബൈബിളില്‍ കാണുന്ന തോറ (പഞ്ചപുസ്തകങ്ങള്‍), സങ്കീര്‍ത്തനങ്ങള്‍, സുവിശേഷങ്ങള്‍ എന്നിവയാണോ?

മൂസാ(അ)ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥമാണ് തൌറാത്ത്. ഇതേപോലെ ദാവൂദി(അ)നും ഈസാ(അ)ക്കും നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളാണ് സബൂര്‍, ഇന്‍ജീല്‍ എന്നിവ. പടച്ച തമ്പുരാന്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളായിട്ടാണ് വേദഗ്രന്ഥങ്ങളെ ഖുര്‍ആന്‍  പരിചയപ്പെടുത്തുന്നത്. ‘തീര്‍ ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട് (5:44).
‘ദാവൂദിന് നാം ‘സബൂര്‍’ നല്‍കുകയും ചെയ്തിരിക്കുന്നു’ (17:55)
‘സന്മാര്‍ഗനിര്‍ദേശവും സത്യപ്രകാശവുമടങ്ങിയ ഇന്‍ജീലും നാം അദ്ദേ ഹത്തിന് (ഈസാക്ക്) നല്‍കി’ (5:46).
ഇവയില്‍നിന്ന് ദൈവം തമ്പുരാന്‍ പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ച
ഗ്രന്ഥങ്ങളാണിവയെന്ന് സുതരാം വ്യക്തമാണ്. എന്നാല്‍ ബൈബിള്‍ പുസ്തകങ്ങളുടെ സ്ഥിതി ഇതല്ല. പ്രവാചകന്മാര്‍ക്ക് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണവ. ദൈവദൂതന്മാര്‍ക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളാണെന്ന് ഖണ്ഡിതമായി പറയാവുന്ന ഒരു പുസ്തകവും ബൈബിളിലില്ല. പഞ്ചപുസ്തകങ്ങള്‍ (തോറാ) മോശെ രചിച്ചുവെന്നാണ് പരമ്പരാഗത യഹൂദ വിശ്വാസം; ദൈവം അവതരിപ്പിച്ച ഗ്രന്ഥമാണെന്നല്ല. മോശെ രചിച്ചതാണ് പഞ്ചപുസ്തകങ്ങളെന്ന പരമ്പരാഗത വിശ്വാസം അടിസ്ഥാന രഹിതമാണെന്നാണ് ആധുനിക ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. മോശെയുടെ മരണവും മരണാനന്തര സംഭവങ്ങളുമെല്ലാം പഞ്ചപുസ്തകത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ളതിനാല്‍ (ആവര്‍ത്തനം 34:5-10) അതൊരിക്കലും മോശെ രചിച്ചതായിരിക്കാനിടയില്ലെന്നാണ് പണ്ഡിതാഭിപ്രായം. സങ്കീര്‍ത്തനങ്ങളുടെ സ്ഥിതിയും തഥൈവ. ദാവീദ് രചിച്ച താണെന്ന് ഖണ്ഡിതമായി പറയാവുന്ന ഒരു സങ്കീര്‍ത്തനം പോലുമില്ലെന്ന താണ് വാസ്തവം. സുവിശേഷങ്ങളില്‍ യേശു പ്രസംഗിച്ച ദൈവത്തിന്റെ സുവിശേഷത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും (മാര്‍ക്കോസ് 1:14,15) പ്രസ്തുത സുവിശേഷത്തെക്കുറിച്ച വ്യക്തമായൊരു ചിത്രം നാലു സുവിശേ ഷങ്ങളും നല്‍കുന്നില്ല. പുതിയ നിയമത്തിലുള്ള സുവിശേഷങ്ങളാകട്ടെ യേശുവിന് അഞ്ചു പതിറ്റാണ്ടുകളെങ്കിലും കഴിഞ്ഞ് രചിക്കപ്പെട്ടതാണ്. യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ച് വ്യത്യസ്തവും വിരുദ്ധവുമായ ചിത്രങ്ങളാണ് സുവിശേഷങ്ങള്‍ നല്‍കുന്നത്. ഇവയൊന്നുംതന്നെ യേശുവിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമല്ലെന്ന് വ്യക്തമാണല്ലോ. ചുരുക്കത്തില്‍ തൌറാത്തിലെയും സബൂറിലെയും ഇന്‍ജീലിലെയും പല ആശയങ്ങളും ബൈബിളിലെ വ്യത്യസ്ത പുസ്തകങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും പൂര്‍ണമായി ബൈബിളില്‍ ഉണ്ടെന്ന് പറയാന്‍ കഴിയില്ല.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനെ കുറിച്ച്. Bookmark the permalink.

Leave a Reply

Your email address will not be published.