മരണപ്പെട്ട വ്യക്തിയുടെ മൂന്നു പുത്രിമാരും മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഖുര്‍ആനിക വിധിപ്രകാരം മക്കള്‍ക്കെല്ലാംകൂടി}അനന്തരസ്വത്തിന്റെ 2/3 ഭാഗവും (ഖുര്‍ആന്‍ 4:11) മാതാപിതാക്കള്‍ക്ക് 1/3 ഭാഗവും (4:11) നല്‍കിക്കഴിഞ്ഞാല്‍ പിന്നെ സ്വത്തൊന്നും ബാക്കിയുണ്ടാവുകയില്ലല്ലോ. പിന്നെ ഭാര്യക്ക് ലഭിക്കേണ്ട 1/8 സ്വത്ത് (4:12) എവിടെനിന്നാണ് കൊടുക്കുക? ഖുര്‍ആനിലെ അനന്തരാവകാശ നിയമങ്ങള്‍ അപ്രായോഗികമാണെന്നല്ലേ ഇത് കാണിക്കുന്നത്?

ഇസ്ലാമിന്റെ മൌലികപ്രമാണങ്ങള്‍ ഖുര്‍ആനും ഹദീഥുകളുമാണ്. നിയമനിര്‍ദേശങ്ങളെയോ കര്‍മാനുഷ്ഠാനങ്ങളെയോ കുറിച്ച് വിശദാംശങ്ങ ള്‍ ഖുര്‍ആനില്‍ വിവരിക്കപ്പെട്ടിട്ടില്ല. നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അതിപ്രധാനങ്ങളായ അടിസ്ഥാനാരാധനകളുടെ പോലും വിശദാംശങ്ങള്‍ ഖുര്‍ആനിലില്ല. പ്രസ്തുത വിശദാംശങ്ങള്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളത് ഹദീഥുകളിലാണ്. അനന്തരാവകാശനിയമങ്ങളും തഥൈവ. ഖുര്‍ ആനിന്റെയും ഹദീഥുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇസ്ലാമിലെ ഏതു നിയമവും പൂര്‍ണമായി നിര്‍ണയിക്കുവാന്‍ കഴിയൂവെന്ന് സാരം.
സൂറത്തുന്നിസാഇലെ 11, 12 സൂക്തങ്ങളില്‍ ദായക്രമത്തിന്റെ മൌലികതത്ത്വങ്ങള്‍ മാത്രമാണ്  വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ അനന്തരസ്വത്ത് എങ്ങനെ കണിശവും വ്യവസ്ഥാപിതവുമായി ഓഹരിവെക്കാമെന്ന് ഹദീഥുകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനിന്റെ മൌലികതത്ത്വങ്ങള്‍ ലംഘിക്കാതെ ഓരോ അവസ്ഥകളിലും എങ്ങനെ സ്വത്ത് ഓഹരിവെക്കാമെന്ന് ഹദീഥ് വ്യാഖ്യാന ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്.
അനന്തരാവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ട ഓഹരികള്‍ തികയാതെ വരുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഛേദം വര്‍ധിപ്പിച്ചുകൊണ്ട്, കമ്മി ഓരോ അവകാശിയും പങ്കിടുന്ന വിധത്തില്‍ ഓഹരികള്‍ അധികരിപ്പിക്കുകയാണ് വേണ്ടതെന്ന് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ണിത വിഹിതങ്ങള്‍ നല്‍കാന്‍ ഓഹരികള്‍ തികയാതെ വരുമ്പോള്‍ വീതാംശം പൂര്‍ത്തീകരിക്കാനായി ഛേദം വര്‍ധിപ്പിക്കുന്നതിനാണ് ‘ഔല്‍’ എന്നു പറയുക. ‘ഔല്‍’ എന്നാല്‍ ‘അധികരിക്കല്‍’ എന്നര്‍ഥം. ഓഹരികള്‍ തികയാതെ വരുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ഔല്‍ തത്ത്വമനുസരിച്ചാണ് സ്വത്ത് ഭാഗിക്കേണ്ടതെന്നാണ് ഇസ്ലാമിക വിധി. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ദായക്രമത്തില്‍ കടന്നുവരുന്ന അടിസ്ഥാന ഛേദങ്ങളെ ഏഴായി നിശ്ചയിച്ചിട്ടുണ്ട്. 2,3,4,6,8,12,24 എന്നിവയാണ് ഏഴ് അടിസ്ഥാന ഛേദങ്ങള്‍. ഇതില്‍ ഔലിന് വിധേയമാകുന്നവ 6,12,24 എന്നീ മൂന്നെണ്ണമാണ്. 2,3,4,8 തുടങ്ങിയ നാലു സംഖ്യകള്‍ ഛേദങ്ങളായി വരുന്ന അവസരങ്ങളില്‍, അവയുടെ അംശങ്ങള്‍ ഒരിക്കലും അവയേക്കാള്‍ അധികമാകാത്തതിനാല്‍, ഔല്‍ ആവശ്യമായി വരികയില്ല. അടിസ്ഥാനഛേദം 6 ആണെങ്കില്‍, ഔല്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍, അത് ഏഴോ, എട്ടോ, ഒമ്പതോ, പത്തോ ആക്കി വര്‍ധിപ്പിച്ചുകൊണ്ട് സ്വത്ത് വിഭജിക്കാവുന്നതാണ്. അടിസ്ഥാന ഛേദം പന്ത്രണ്ട് ആണെങ്കില്‍ പതിമൂന്നോ പതിനഞ്ചോ പതിനേഴോ ആക്കി വര്‍ധിപ്പിച്ചുകൊണ്ടും 24 ആണെങ്കില്‍ 27 ആക്കി വര്‍ധിപ്പിച്ചുകൊണ്ടുമാണ് ഔല്‍ ആവശ്യമായി വരുന്നുവെങ്കില്‍ സ്വത്ത് വിഭജിക്കേണ്ടത്. ഇങ്ങനെ, ദായക്രമത്തിലെ അംശവര്‍ധനവിനനുസരിച്ച് എങ്ങനെയെല്ലാമാണ് സ്വത്ത് വിഭജനം നടത്തേണ്ടതെന്ന് സൂക്ഷ്മവും വ്യക്തവുമായ രീതിയില്‍ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ചോദ്യത്തില്‍ പ്രതിപാദിക്കപ്പെട്ട പ്രശ്നത്തില്‍ പെണ്‍മക്കളെല്ലാം കൂടി സ്വത്തിന്റെ 16/27 ഭാഗവും മാതാപിതാക്കള്‍ക്ക് 8/27 ഭാഗവും ഭാര്യക്ക് 3/27 ഭാഗവുമാണ് ലഭിക്കുക. അഥവാ 24 ആയിരുന്ന ഛേദത്തെ 27 ആക്കി ഉയ ര്‍ത്തിക്കൊണ്ടാണ് ഇവിടെ സ്വത്ത് വിഭജനം നടത്തേണ്ടത്. ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ ഹദീഥുകളും ഒരുമിച്ച് പരിശോധിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണുക പ്രയാസകരമല്ല. ‘തീര്‍ച്ചയായും നിങ്ങ ള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട് (33:21) എന്നും ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക, ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക’ (4:59) എന്നും പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ താല്‍പര്യംതന്നെയാണ് അത് പ്രതിപാദിപ്പിക്കുന്ന നിയമങ്ങളെ പ്രവാചക ചര്യയുടെയും അദ്ദേഹത്തിന്റെ സഖാക്കളുടെ വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കുക എന്നത്. അങ്ങനെ മനസ്സിലാക്കുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കണ്ടെത്തുക പ്രയാസമുള്ള കാര്യമാവുകയില്ല.

This entry was posted in ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും. Bookmark the permalink.